Capturing Business 360°

“വ്യാപാരികൾക്ക് നിരാശ മാത്രം” – ടി. നസറുദ്ദീൻ. ‘പിണറായി സർക്കാരിന് എത്ര മാർക്ക്?’ പരമ്പര തുടരുന്നു

ടി. നസറുദ്ദീൻ

വലിയ പ്രതീക്ഷയോടെ പിണറായി സർക്കാരിന്റെ വരവിനെ സ്വാഗതം ചെയ്തവരാണ് കേരളത്തിലെ വ്യാപാരി വ്യവസായി സമൂഹം. എന്നാൽ ഞങ്ങളെ സംബന്ധിച്ച് നിരാശാജനകമായ ഭരണമാണിതെന്ന് പറയാതെ വയ്യ.

ജിഎസ്ടി സംസ്ഥാനത്തെ ചെറുകിട കച്ചവടക്കാർക്കും മറ്റ് സംരംഭകർക്കുമൊക്കെ ഇരുട്ടടി ആയി മാറിയപ്പോഴും പ്രസ്താവനകൾക്കപ്പുറം അതിന്റെ തീവ്രത ലഘൂകരിക്കാൻ നമ്മുടെ സർക്കാരിന് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. വികസനം വികസനം എന്ന് വെറുതെ പറഞ്ഞുകൊണ്ടിരിക്കുന്നതിനു പകരം പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ചെറുകിട വ്യാപാര വ്യവസായ മേഖലയുടെ രക്ഷയ്ക്കുള്ള ഉറച്ച നടപടികൾ ആണ് വേണ്ടത്.

പെട്രോൾ, ഡീസൽ വില വർധന ജനജീവിതം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കേന്ദ്രസർക്കാറിന് കൂടുതൽ ഉത്തരവാദിത്തം ഉണ്ട്; പക്ഷെ സംസ്ഥാന സർക്കാരിന് ഒഴിഞ്ഞു മാറാനാവില്ല. മുൻ സർക്കാരുകൾ, അത് അച്യുതാനന്ദൻ സർക്കാർ ആയിരുന്നപ്പോഴും ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നപ്പോഴും പെട്രോളിയം നികുതിയുടെ കാര്യത്തിൽ ചില വിട്ടുവീഴ്ചകൾ ഒക്കെ ചെയ്ത് ജനങ്ങളുടെ ക്ലേശം ലഘൂകരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത്തവണ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല.

ഗവണ്മെന്റിന്റെ പോസിറ്റിവ് ഘടകങ്ങൾ പരിഗണിച്ചാൽ തൊഴിൽ സമരങ്ങൾക്ക് വലിയ കുറവുണ്ടായെന്നത് നേട്ടം തന്നെയാണ്. നോക്കുകൂലി പോലുള്ള പ്രശ്നങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കാൻ കഴിഞ്ഞു. ഒരു പരിധിവരെ ആഭ്യന്തര സുരക്ഷയും മതസൗഹാർദ്ദവും കാത്തുസൂക്ഷിക്കാനും കഴിഞ്ഞു.

[കേരളം സംസ്ഥാന വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ആണ് ലേഖകൻ]

പിണറായി സർക്കാരിനെ വിലയിരുത്തികൊണ്ടുള്ള വ്യത്യസ്ത മേഖലകളിലെ പ്രമുഖരുടെ അഭിപ്രായങ്ങൾ പൂർണമായി വായിക്കുവാൻ സന്ദർശിക്കുക https://www.livenewage.com/tag/keralaministry/