Capturing Business 360°

ടിസിസിയുടെ ലാഭം സര്‍വകാല റെക്കോഡിലെത്തി; കഴിഞ്ഞ സാമ്പത്തീക വര്‍ഷം 241 കോടി വിറ്റുവരവും 32 കോടി രൂപ ലാഭവും

ന്യൂഏജ് ന്യൂസ്

ഏലൂര്‍: കേരളത്തിലെ പ്രമുഖ പൊതുമേഖല വ്യവസായ സ്ഥാപനമായ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സി (ടിസിസി) ന് കഴിഞ്ഞ സാമ്പത്തീക വര്‍ഷം 32 കോടി രൂപ ലാഭം. ഈ കാലയളവില്‍ 241 കോടി രൂപ വിറ്റുവരവുണ്ടായി. കമ്പനിയുടെ 67 വര്‍ഷത്തെ ചരിത്രത്തിലെ മികച്ച ലാഭമാണ് 2017-18 വര്‍ഷം രേഖപ്പെടുത്തിയത്. തുര്‍ച്ചയായ നഷ്ടങ്ങള്‍ക്ക് ശേഷം 2016 -17 ലാണ് കമ്പനി ലാഭത്തിലേക്ക് തിരിച്ചു വന്നത്. അന്ന് ആറു കോടിയായിരുന്നു ലാഭം. തൊട്ടുമുമ്പത്തെ വര്‍ഷം 7.32 കോടി നഷ്ടമായിരുന്നു. ഈ മാറ്റത്തിന് സര്‍ക്കാറിന്റെ ഇടപെടല്‍ പ്രധാന പങ്കുവഹിച്ചു.

പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നതിന് നിലനിന്നിരുന്ന തടസ്സം നീക്കി, കുറഞ്ഞ നിരക്കില്‍ നേരിട്ട് വൈദ്യുതി വാങ്ങാനായത് നിര്‍ണ്ണായകമായി. വിപണി സാധ്യതകളും ഉല്‍പാദന ശേഷിയും പൂര്‍ണമായി ഉപയോഗപ്പെടുത്തിയതും ചെലവു ചുരുക്കല്‍ തന്ത്രങ്ങള്‍ തുടര്‍ച്ചയായി നടപ്പാക്കിയതുമാണ് കമ്പനിയെ ലാഭത്തിലെത്തിച്ചതെന്ന് മാനേജിങ്ങ് ഡയറക്ടര്‍ കെ ഹരികുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന എംപ്ലോയീകോസ്റ്റ് നിലനില്‍ക്കുന്ന വ്യവസായ ശാലയാണ് ടിസിസി. ഉദ്പാദനച്ചെലവില്‍ ജീവനക്കാരുടെ കൂലി, മറ്റാനുകൂല്യങ്ങള്‍ എന്നിവയ്ക്കായി നല്‍കുന്ന വിഹിതമാണ് എംപ്ലോയീകോസ്റ്റ്. കേരളത്തിനകത്തും പുറത്തുമുള്ള മറ്റു കമ്പനികളില്‍ വിറ്റുവരവിന്റെ എട്ടു മുതല്‍ പത്ത് ശതമാനം വരെയാണിത്. എന്നാല്‍ ടിസിസിയില്‍ ഇത് നിലവില്‍ 28 ശതമാനമാണ്. എംപ്ലോയീ കോസ്റ്റ് കുറയ്ക്കാതെ കമ്പനിയെ ലാഭത്തിലേക്കു നയിക്കാനാകുമായിരുന്നില്ല. തൊഴിലാളികളുടെ വേതനമൊ ആനുകൂല്യങ്ങളോ കുറക്കാതെ ഉല്‍പാദനശേഷി യുടെ 105 ശതമാനം വരെ ഉപയോഗപ്പെടുത്തിയാണ് ഈ ഉയര്‍ന്ന ലാഭം നേടിയത്. നിലവില്‍ സംതൃപ്തരായ തൊഴിലാളികളും താങ്ങായി നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാറും ദുരക്കാഴ്ചയോടെ പ്രവര്‍ത്തിക്കുന്ന മാനേജ്മെന്റ് വിഭാഗവുമാണ് ടിസിസി യുടെ യഥാര്‍ത്ഥ ശക്തിയെന്നും മാനേജിങ്ങ് ഡയറക്ടര്‍ പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ റയോണ്‍സ് ഗ്രേഡ്കാസ്റ്റിക് സോഡ ഉല്പാദകരാണ് ടിസിസി. ക്ലോറിന്‍, ഹൈഡ്രോക്ലോറിക് ആസിഡ്, സോഡിയം ഹൈപ്പോക്ലോറേറ്റ് എന്നിവയാണ് മറ്റുല്‍പന്നങ്ങള്‍ 2017 നവംബര് മുതല്‍ കാസ്റ്റിക് സോഡ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്-നിലവില്‍ പ്രതിദിനം 175 ടണ്ണാണ് കാസ്റ്റിക് സോഡ ഉല്‍പാദന ശേഷി. ഇത് 250 ടണ്ണാക്കാനുള്ള പദ്ധതിയുമായി കമ്പനി മുന്നോട്ടു പോകുകയാണ്. തുടര്‍ന്ന് ഘട്ടം ഘട്ടമായുള്ള വികസനം നടത്താനും ഉല്‍പാദനം 350 ടണ്ണായി ഉയര്‍ത്താനും വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നും എം ഡി പറഞ്ഞു. കാസ്റ്റിക് സോഡ ഉല്‍പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഹൈഡ്രജന്‍ മൂല്യവര്‍ധന നടത്തി ഹൈഡ്രജന്‍ പെറോക്സൈഡ് ഉല്‍പാദിപ്പിക്കുന്നതിനുള്ള തയ്യാറെടുക്കുന്നു. ഹൈഡ്രോ ക്ലോറിക് സിന്തസിസ് ഓവന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നു.

ഗുണമേന്മ ,പരിസ്ഥിതി ,ആരോഗ്യ സുരക്ഷ സംവിധാനങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തിലുള്ള ഐഎസ്‌ഒ 9001, 14001, 18001 അംഗീകാരങ്ങള്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന് മികവുറ്റ രീതികള്‍ അവലംബിച്ച്‌, അതിലൂടെ ഒരു വിധമലിനീകരണവും ഇല്ലാതെയാണ് കമ്പനിയുടെ പ്രവര്‍ത്തനം.ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്, ഉല്‍പാദനക്ഷമത അവാര്‍ഡ് എന്നിവ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ഡയറക്ടര്‍ കെ വിജയകുമാര്‍, ഡിജിഎം ജേക്കബ് കുര്യന്‍ എന്നിവരും പങ്കെടുത്തു.