Capturing Business 360°

ഗൂഗിള്‍ മാപ്പില്‍ പുതിയ അപ്‌ഡേഷൻ;’ Navigation Arrow’ ഇല്ല, പകരം വാഹനങ്ങളുടെ ഐക്കണുകള്‍

ന്യൂഏജ് ന്യൂസ്

അടുത്തിടെ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായ ഒരു ഗൂഗിള്‍ സേവനമാണ് ഗൂഗിള്‍ മാപ്പ്. പ്രാദേശിക ഭാഷകളില്‍ സ്ഥലപ്പേരുകള്‍ നല്‍കിയും പുതിയ നിറങ്ങള്‍ നല്‍കിയും ലൈവ് ട്രാഫിക് സ്റ്റാറ്റസുകള്‍ അറിയിച്ചും ടൂ വീലര്‍ നാവിഗേഷന്‍ ഏര്‍പ്പെടുത്തിയും നിരവധി പുതുമകള്‍ ഇതിനകം ഗൂഗിള്‍ മാപ്പില്‍ വന്നുകഴിഞ്ഞു. എന്നാല്‍ ഇത്രയേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടും യാത്രക്കാരുടെ സ്ഥാനം രേഖപ്പെടുത്തിയിരുന്ന ‘ഡോട്ട്’, ‘നാവിഗേഷന്‍ ആരോ’ (Navigation Arrow’) ചിഹ്നങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.

എന്നാല്‍ അതില്‍ ഒരു മാറ്റം വരികയാണ്. ഇനി നാവിഗേഷന്‍ ആരോയ്ക്ക് പകരം വാഹനങ്ങളുടെ ഐക്കണ്‍ ചിത്രമായിരിക്കും ഗൂഗിള്‍ മാപ്പിലുണ്ടാവുക. വാഹനങ്ങള്‍ ഏത് വേണമെന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളുടെ മൊബൈല്‍ ആപ്പുകളില്‍ ഇത്തരത്തില്‍ വാഹനങ്ങളുടെ ഐക്കണ്‍ ചിത്രം ലൈവ് മാപ്പില്‍ ഉപയോഗിച്ചിട്ടുള്ളതാണ്. പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പിന്റെ ഏറ്റവും പുതിയ ഐഓഎസ് അപ്‌ഡേറ്റിലാണുള്ളത്. ആന്‍ഡ്രോയിഡ്, ഡെസ്‌ക്ടോപ്പ് പതിപ്പില്‍ ഈ സൗകര്യം ലഭ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും എന്നാണ് സൂചനകൾ.

പുതിയ ഐക്കണുകള്‍ ലഭിക്കുന്നതിനായി സാധാരണ ചെയ്യാറുള്ള പോലെ ഗൂഗിള്‍ മാപ്പില്‍ ഡെസ്റ്റിനേഷന്‍ നല്‍കി നാവിഗേഷന്‍ ആരംഭിക്കുക. അപ്പോള്‍ നാവിഗേഷന്‍ വിന്‍ഡോയില്‍ നിങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നത് പഴയ ‘നാവിഗേഷന്‍ ആരോ’ തന്നെയായിരിക്കും.

ആ നീല നിറത്തിലുള്ള നാവിഗേഷന്‍ ആരോയില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കാണുന്ന വിന്‍ഡോയില്‍ മൂന്ന് വാഹനങ്ങളുടെ ഐക്കണുകള്‍ കാണാം. ഇതില്‍ ഏതെങ്കിലും തിരഞ്ഞെടുത്താല്‍, മാപ്പില്‍ നാവിഗേഷന്‍ ആരോയ്ക്ക് പകരം വാഹനത്തിന്റെ ഐക്കണ്‍ ആയിരിക്കും ഉണ്ടാവുക.