Capturing Business 360°

“കിഫ്‌ബി ഫലപ്രദമായിത്തുടങ്ങി…” : ‘പിണറായി സർക്കാരിന് എത്ര മാർക്ക്?’ പരമ്പര തുടരുന്നു

ഡോ: വി. മാത്യു കുര്യൻ

ലോക സാമ്പത്തിക സാഹചര്യങ്ങൾ അത്ര ശുഭകരമല്ല. കേരളത്തെ ഇത് ഏറെ പ്രതികൂലമായി ബാധിക്കുന്നു. കാരണം നമ്മുടെ വിദേശ ആശ്രയത്വം വളരെ കൂടുതലാണ്. സർക്കാർ ഈ സാഹചര്യങ്ങളിലും സാമാന്യം നന്നായി പ്രവർത്തിക്കുന്നുണ്ട്.

ഹരിത കേരള മിഷൻ ഇതിൽ എടുത്തു പറയേണ്ടുന്ന ഒരു കാര്യമാണ്. ഭക്ഷ്യ സുരക്ഷ,വിഷ രഹിത ഭക്ഷണം, മാലിന്യ വിമുക്തി, കാര്യക്ഷമമായ ജല വിഭവ ഉപയോഗം ഒക്കെ ചേർത്താണ് ഹരിത മിഷൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഓർഗാനിക് കൃഷിക്ക് ലഭിച്ചിട്ടുള്ള സ്വീകാര്യത സർക്കാർ പ്രോത്സാഹനത്തോടെ ഒരു വിപ്ലവമായി സംസ്ഥാനത്തു വ്യാപിക്കുകയാണ്. രാജ്യത്തു കൃഷിക്ക് ഏറ്റവും പറ്റിയ മണ്ണും അന്തരീക്ഷവുമാണ് കേരളത്തിലേത്. അത് ഫലപ്രദമായി ഉപയോഗിച്ചാൽ ഭക്ഷ്യ സുരക്ഷ വിദൂര സ്വപ്നമല്ല.

പുഴകളുടെ പുനർജനിക്കായി നടത്തുന്ന ശ്രമങ്ങളും ശ്ലാഘനീയം. പമ്പയിൽ അർത്ഥവത്തായി എന്തെങ്കിലും സംഭവിച്ചാൽ അത് നല്ല മാതൃകയാകും.

കിഫ്ബിയെ ആദ്യം പലരും പരിഹസിച്ചെങ്കിലും ആ സംവിധാനം പദ്ധതി നടത്തിപ്പിൽ ഫലപ്രദമായി തുടങ്ങിയിട്ടുണ്ട്.

പ്രവാസി മലയാളികളുടെ സമ്പത്തിനെ മാത്രമല്ല അനുഭവ സമ്പത്തിനെയും വിനിയോഗിക്കാൻ കഴിഞ്ഞാൽ നന്നായി. ഈയിടെ തിരുവനന്തപുരത്തു സംഘടിപ്പിച്ച ലോക കേരള സഭക്കു തുടർച്ച ഉണ്ടാകണം. പല ഇടങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളുടെ ലോക പരിചയം ചെറുതല്ല.

ബോർഡുകളുടെയും, പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതും നല്ലതാണ്.

ഒരു സുസ്ഥിര വികസന സങ്കൽപം രൂപപ്പെട്ടു വരുന്നു. അത് ആരംഭ ശൂരത്വം ആകരുത്. സമന്വയിപ്പിക്കാവുന്നതൊക്കെ ചേർത്ത് വച്ച് കൊണ്ടുള്ള ഒരു വികസന രീതി വികസിച്ചു വരട്ടെ.

എന്റെ മാർക്ക് പത്തിൽ 6.

(പ്രമുഖ ഇക്കണോമിസ്റ്റും എം.ജി. യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കെ.എൻ. രാജ് സെന്റർ ജോയിന്റ് ഡയറക്ടറുമാണ് ലേഖകൻ)

പിണറായി സർക്കാരിനെ വിലയിരുത്തികൊണ്ടുള്ള വ്യത്യസ്ത മേഖലകളിലെ പ്രമുഖരുടെ അഭിപ്രായങ്ങൾ പൂർണമായി വായിക്കുവാൻ സന്ദർശിക്കുക https://www.livenewage.com/tag/keralaministry/