Capturing Business 360°

രാജ്യത്ത് ബാങ്ക് നിക്ഷേപങ്ങൾക്ക് പ്രിയം കുറയുന്നു, മ്യൂച്വല്‍ ഫണ്ടുകൾ കുതിക്കുന്നു

ന്യൂഏജ് ന്യൂസ്

കൊച്ചി: ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പ്രിയം കുറയുന്നു. 2017-18 സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്ക് നിക്ഷേപത്തിലെ വളര്‍ച്ച 6.7 ശതമാനം മാത്രമാണെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1962-63 കാലയളവിനു ശേഷമുള്ള ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്കാണ് ഇത്. മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് തുടങ്ങിയ വ്യക്തിഗത സമ്ബാദ്യമാര്‍ഗങ്ങളിലേക്ക് പണമൊഴുക്ക് കൂടുന്നതാണ് ബാങ്ക് നിക്ഷേപങ്ങളിലെ വളര്‍ച്ച കുറയാന്‍ കാരണം.
2016 നവംബറിലെ നോട്ടുനിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞു കൂടിയിരുന്നു. 2016 നവംബര്‍-ഡിസംബര്‍ കാലയളവില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിക്ഷേപത്തിലൂടെ 15.28 ലക്ഷം കോടി രൂപയാണ് ബാങ്കുകളിലെത്തിയത്. ഇതോടെ, 2016-17 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം നിക്ഷേപം 15.8 ശതമാനം ഉയര്‍ന്ന് 108 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. ആ നിലയില്‍ നിന്നാണ് 6.7 ശതമാനം വര്‍ധനയോടെ 2017-18ല്‍ 114 ലക്ഷം കോടി രൂപയായത്. നോട്ടുനിരോധന സമയത്ത് നിക്ഷേപിച്ച തുകയുടെ നല്ലൊരു പങ്ക് പിന്‍വലിച്ചതും വളര്‍ച്ച കുറയാന്‍ കാരണമായി.
അതേസമയം, 2017-18 സാമ്പത്തിക വര്‍ഷം മ്യൂച്വല്‍ ഫണ്ടുകളിലെ മൊത്തം നിക്ഷേപ മൂല്യം 22 ശതമാനം വളര്‍ച്ചയോടെ 21.36 ലക്ഷം കോടി രൂപയിലെത്തി. 2016-17ല്‍ ഇത് 17.55 ലക്ഷം കോടി രൂപയും 2015-16ല്‍ 12.33 ലക്ഷം കോടി രൂപയും മാത്രമായിരുന്നു. ഇന്‍ഷുറന്‍സിലും ഇത്തരത്തില്‍ പണമൊഴുക്ക് കൂടുന്നുണ്ട്. 201516ല്‍ 1.38 ലക്ഷം കോടി രൂപയായിരുന്നു ആദ്യ പ്രീമിയം വരുമാനമെങ്കില്‍ 2016-17ല്‍ ഇത് 1.75 ലക്ഷം കോടിയായും 2017-18ല്‍ 1.93 ലക്ഷം കോടിയായും ഉയര്‍ന്നു.
അതിനിടെ, പലിശനിരക്കുകള്‍ കൂടാന്‍ തുടങ്ങിയതോടെ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് വീണ്ടും താത്പര്യം കൂടുമെന്നാണ് ബാങ്കിങ് രംഗത്തുള്ളവരുടെ പ്രതീക്ഷ. പല ബാങ്കുകളും സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഒരു ശതമാനം വരെ കൂട്ടിയിട്ടുണ്ട്. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം വീണ്ടും നിരക്കുകള്‍ കൂടുമെന്നാണ് കണക്കാക്കുന്നത്.