Capturing Business 360°

ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യൻ വ്യോമയാന മേഖലയിലേക്ക് കടക്കാൻ തയ്യാറെടുക്കുന്നു; ആഭ്യന്തര സര്വീസുകൾക്കായി രൂപീകരിക്കുന്നത് 100 വിമാനങ്ങളുള്ള വിമാനക്കമ്പനി

ന്യൂഏജ് ന്യൂസ്

ഇന്ത്യയില്‍ ആഭ്യന്തര സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വെയ്‌സ്. ഇതിനായി ഇന്ത്യയില്‍ പുതിയൊരു വിമാന കമ്പനി ആരംഭിക്കുന്നതിനുള്ള അനുമതികള്‍ക്കായി ഖത്തര്‍ എയര്‍വെയ്‌സ് നടപടികള്‍ ആരംഭിച്ചു. രണ്ടു വര്‍ഷം മുമ്പ് നിലവില്‍ വന്ന പുതിയ വ്യോമയാന നയപ്രകാരം വിദേശ വിമാനക്കമ്പനികള്‍ക്ക് രാജ്യത്ത് ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് 100 ശതമാനം ഉടമസ്ഥതയില്‍ കമ്പനികള്‍ രൂപീകരിക്കുന്നതിന് തടസ്സമില്ല. ഇതിന്റെ ചുവടു പിടിച്ചാണ് ഖത്തര്‍ എയര്‍വെയ്‌സ് ഒരുക്കങ്ങള്‍ നടത്തിയത്.

എയര്‍ഇന്ത്യ, ജെറ്റ് എയര്‍വേയ്‌സ്, വിസ്താര എന്നിവയ്ക്കു ശേഷം രാജ്യത്ത് നാലാമത്തെ ഫുള്‍ സര്‍വീസ് കാരിയര്‍ ആയാകും ഖത്തര്‍ എയര്‍വെയ്‌സിന്റെ രംഗപ്രവേശം. ഖത്തര്‍ എയര്‍വേയ്‌സിന്റെ മാതൃകമ്പനിയായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റിയാകും ഉടമസ്ഥര്‍. ഇന്ത്യന്‍ പങ്കാളിയുണ്ടാകില്ല. എന്നാല്‍ കമ്പനി ചെയര്‍മാനും ഭൂരിപക്ഷം ഡയറക്ടര്‍മാരും ഇന്ത്യക്കാരായിരിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ സൂചന നല്‍കി. ഇന്ത്യന്‍ കമ്പനിയുടെ പേരു നിശ്ചയിച്ചിട്ടില്ല. ഇന്ത്യയിലെ നിയമപ്രകാരം 20 വിമാനത്തില്‍ കൂടുതലുള്ള കമ്പനികള്‍ക്ക് വിദേശത്തേക്ക് സര്‍വീസുകള്‍ നടത്താം. എന്നാല്‍ ഖത്തര്‍ എയര്‍വെയ്‌സ് ആരംഭിക്കുന്ന കമ്പനി 20 വിമാനങ്ങളില്‍ കൂടുതലായാലും വിദേശ സര്‍വീസുകള്‍ക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 100 വിമാനങ്ങളുള്ള വിമാനക്കമ്പനിയാണ് ഖത്തര്‍ എയര്‍വെയ്‌സ് ല്ക്ഷ്യമിടുന്നത്.

എയര്‍ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ നടപടികളില്‍ ഖത്തര്‍ എയര്‍വേയ്‌സ് പങ്കെടുക്കുമെന്ന് അനുമാനിക്കപ്പെട്ടെങ്കിലും പുതിയ ഇന്ത്യന്‍ വിമാനക്കമ്പനി തുടങ്ങുന്ന സാഹചര്യത്തില്‍ അത്തരം നീക്കങ്ങള്‍ക്കില്ലെന്നും ഖത്തര്‍ എയര്‍വെയ്‌സ് അധികൃതര്‍ വ്യക്തമാക്കി. ഇതിനിടെ ചില ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഖത്തര്‍ കമ്പനിയുടെ രംഗപ്രവേശത്തിന് തടയിടാന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.

24 വര്‍ഷം മുമ്പ് സര്‍വീസ് ആരംഭിച്ച ഖത്തര്‍ എയര്‍വെയ്‌സ് ലോകത്തെ മികച്ച വിമാനക്കമ്പനികളിലൊന്നാണ്. ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളമാണ് ആസ്ഥാനം. 212 വിമാനങ്ങള്‍ സ്വന്തമായുണ്ട്. കൊച്ചിയുള്‍പ്പെടെ രാജ്യത്തെ നിരവധി വിമാനത്താവളങ്ങളെ ദോഹ വഴി ലോകത്തെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന നിരവധി സര്‍വീസുകള്‍ ഖത്തര്‍ എയര്‍വെയ്‌സിനുണ്ട്.