Capturing Business 360°

കോഴിക്കോട് ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

ന്യൂഏജ് ന്യൂസ്

ദുബൈ: കൊച്ചിയിലെ ബോൾഗാട്ടി പദ്ധതി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ കോഴിക്കോട് നഗരത്തില്‍ ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാ‍യ എം.എ യൂസഫ് അലി ദുബൈയിലാണ് കേരളത്തിലെ തങ്ങളുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഹോട്ടലും അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍ററും, ഷോപ്പിങ് സെന്‍റന്‍ററും അടങ്ങുന്നതായിരിക്കും പദ്ധതി. മൂന്ന് മാസത്തിനകം നിര്‍മാണം ആരംഭിക്കുന്ന പദ്ധതിയിലൂടെ 3000 പേര്‍ക്ക് ജോലി ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി ലുലു ബോള്‍ഗാട്ടി ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി‍ നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പുതിയ പദ്ധതിയുമായി മുന്നോട്ട് വരുവാൻ ലുലു ഗ്രൂപ്പ് തയ്യാറായത്. ഇതിനായുള്ള അനുമതിയും ലഭിച്ചു കഴിഞ്ഞു. കോഴിക്കോട് മീഞ്ചന്ത-അരയിടത്തുപാലം മിനി ബൈപ്പാസിലെ മാങ്കാവിലായിരിക്കും പദ്ധതി നടപ്പാക്കുക. മാങ്കാവ് ബൈപാസ് റോഡില്‍ നേരത്തെയുള്ള 20 ഏക്കര്‍ സ്ഥലത്താണ് ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തുക. മൂന്നു മാസത്തിനകം പദ്ധതിക്ക് തറക്കല്ലിടും. 28 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. കേരളത്തില്‍ നിക്ഷേപം നടത്താന്‍ സന്തോഷമേയുള്ളൂയെന്നും അനാവശ്യ എതിര്‍പ്പുകള്‍ ശ്രദ്ധിക്കില്ലെന്നും യൂസുഫലി പറഞ്ഞു.

നിലവില്‍ കൊച്ചി ഇടപ്പള്ളിയില്‍ ലുലു മാളും, ബോള്‍ഗാട്ടിയില്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്‍ററും, ഹയാത്ത് ബ്രാന്‍ഡില്‍ ആഡംബര ഹോട്ടലും ലുലുവിനുണ്ട്. തിരുവനന്തപുരം ലുലു മാളിന്‍റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് കോഴിക്കോടേക്കും ലുലു ഗ്രൂപ്പ് എത്തുന്നത്. ജന്മദേശമായ നാട്ടികയിലും ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന് നേരത്തെ യൂസഫലി അറിയിച്ചിരുന്നു.