Capturing Business 360°

ഹര്‍ത്താലുകളില്‍നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കല്‍: സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കേരള ട്രാവല്‍ മാര്‍ട്ട്

ന്യൂഏജ് ന്യൂസ്

കൊച്ചി: ടൂറിസം മേഖലയെ അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളില്‍നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കേരള ട്രാവല്‍ മാര്‍ട്ട് ആവശ്യപ്പെട്ടു. ഹര്‍ത്താലുകള്‍ ടൂറിസം മേഖലയെ ബാധിക്കുന്നുവെന്നതും ഈ ദുസ്ഥിതി പരിഹരിക്കാന്‍ പൊതുജനാഭിപ്രായം വേണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഗതാര്‍ഹമാണെന്ന് കെടിഎം പ്രസിഡന്റ് ശ്രീ ബേബി മാത്യു പറഞ്ഞു.
ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളുമെല്ലാം മുന്‍കൈയെടുത്ത് അഭിപ്രായ സമന്വയമുണ്ടാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഈ അഭിപ്രായങ്ങള്‍ക്ക് ശക്തി പകരാന്‍ എല്ലാവരും മുന്നോട്ടു വരേണ്ടതാണ്. ഹര്‍ത്താലില്‍നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കുക മാത്രമല്ല വിനോദസഞ്ചാരികള്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഹര്‍ത്താല്‍ ദിനങ്ങളില്‍ സംരക്ഷണം നല്‍കാന്‍ സര്‍ക്കാരടക്കം മുന്‍കൈ എടുക്കണം. ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ ഈ മേഖലയിലേതടക്കമുള്ള എല്ലാവരും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ആശുപത്രി, പാല്‍,പത്രം എന്നിവയെപ്പോലെ വിനോദസഞ്ചാരമേഖലയെയും അവശ്യ സര്‍വീസായി കണക്കാക്കി ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കണമെന്ന കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനടക്കമുള്ളവരുടെ അഭിപ്രായത്തെ കെടിഎം സ്വാഗതം ചെയ്തു.
ഹര്‍ത്താലുകളില്‍നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര ടൂറിസം മന്ത്രി ശ്രീ അല്‍ഫോന്‍സ് കണ്ണന്താനം നേരത്തെതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഹര്‍ത്താലുകള്‍ നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണന്‍ ഹര്‍ത്താലുകള്‍ ഏറ്റവുമധികം ബാധിക്കുന്നത് ടൂറിസം മേഖലയെയാണെന്നും അതുകൊണ്ട് ആ മേഖലയെ ഹര്‍ത്താലുകളില്‍നിന്ന് ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ അഭിപ്രായത്തോട് യോജിച്ച കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേരളത്തിലേയ്ക്ക് വരുന്ന വിദേശ സഞ്ചാരികള്‍ക്ക് ഹര്‍ത്താല്‍ വലിയ പ്രയാസമുണ്ടാക്കുന്നത് കണക്കിലെടുത്ത് ഹര്‍ത്താലിന് ആഹ്വാനം നല്‍കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും അതിനോട് പ്രമുഖ നേതാക്കളുടെ പ്രതികരണവും കേരളത്തിലെ ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രോത്സാഹനജനകമാണെന്ന് കെടിഎം സെക്രട്ടറി ശ്രീ ജോസ് പ്രദീപ് പറഞ്ഞു.സംസ്ഥാനത്തിന് കോടിക്കണക്കിനു രൂപയുടെ വരുമാനം നേടിത്തരുകയും ആയിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന ടൂറിസം മേഖലയ്ക്ക് ആഘാതമേല്പിക്കുന്ന ഏതു പ്രശ്‌നവും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെയും പുരോഗതിയെയും ബാധിക്കുന്നതാണ്. ഇക്കാര്യം മനസിലാക്കി മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശത്തിന് കെടിഎംന്റെ സര്‍വ പിന്തുണയുമുണ്ടായിരിക്കുമെന്ന് ശ്രീ ബേബി മാത്യു വ്യക്തമാക്കി.
അടുത്ത കാലത്തായി അപ്രഖ്യാപിത ഹര്‍ത്താലുകള്‍ പോലും കേരളത്തില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. സഞ്ചാര സ്വാതന്ത്ര്യത്തിന് ഭീഷണിയുയര്‍ത്തുന്ന ഇത്തരം ഹര്‍ത്താലുകള്‍ ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് വിനോദ സഞ്ചാര മേഖലയെയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിദേശരാജ്യങ്ങളിലടക്കം പ്രചരണം നടത്തുകയും അതേസമയം കേരളത്തില്‍ ടൂറിസ്റ്റുകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുകയും ചെയ്യുന്നത് ഈ മേഖലയ്ക്ക് അങ്ങേയറ്റം ഹാനികരമാണ്. ഇക്കാര്യം ഈ മേഖലയിലുള്ളവര്‍ ഇതിനുമുമ്പ് പലതവണ ചൂണ്ടിക്കാണിച്ചിരുന്നതാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും ശ്രീലങ്കയടക്കമുള്ള അയല്‍ രാജ്യങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ എല്ലാ അടവുകളും പയറ്റുമ്പോള്‍ വിനോദസഞ്ചാരത്തിനു പേരുകേട്ട കേരളം സഞ്ചാരികള്‍ അകറ്റുന്നത് സംസ്ഥാനത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കെടിഎം പ്രസിഡന്റ് വ്യക്തമാക്കി.
ഈ പ്രവണത തുടരുകയാണെങ്കില്‍ സ്വന്തം വസ്തുവകകള്‍ക്കും തൊഴിലാളികള്‍ക്കും സുരക്ഷിതത്വമില്ലെന്നുകണ്ട് കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ നിക്ഷേപകരും വ്യവസായികളും മടിക്കും. ഭക്ഷണവും ഗതാഗത സൗകര്യവുമില്ലാതെ അലയേണ്ടിവരുന്ന സഞ്ചാരികള്‍ക്ക് വീണ്ടും കേരളം സന്ദര്‍ശിക്കാന്‍ താല്പര്യമുണ്ടാവുകയില്ലെന്നും ശ്രീ ബേബി മാത്യു പറഞ്ഞു.