Capturing Business 360°

‘സാമ്പത്തിക മാനേജ്മെന്റ് തൃപ്തികരം’: കൃഷ്ണകുമാര്‍ കെ.കെ.

വികസനത്തില്‍ ഒരു ദിശാ മാറ്റം ഉണ്ടായ വര്‍ഷങ്ങളാണിത്. വികസന കാര്യത്തില്‍ സര്‍ക്കാര്‍ ഇച്‌ഛാശക്തി കാട്ടുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ ഒരു ഉദാഹരണം. സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഈ സർക്കാർ എടുത്ത നടപടികൾ പ്രതീക്ഷ നൽകുന്നു. നോക്കുകൂലിക്ക് കടിഞ്ഞാണ്‍ ഇടാന്‍ കഴിഞ്ഞു. സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ വിതരണം കാര്യക്ഷമമായി.

സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്‍റ് തൃപ്തികരമാണ്. കേന്ദ്രസർക്കാർ ജിഎസ്ടി നടപ്പാക്കിയതിൽ വന്ന പാളിച്ചകളും സംസ്ഥാനങ്ങൾക്ക് യഥാസമയം വിഹിതം കൊടുക്കുന്നതിൽ വരുത്തുന്ന വിമുഖതയും മൂലം പൊതുവേ സാമ്പത്തിക നില അത്ര നല്ലതല്ലാത്ത സാഹചര്യത്തിലും തൃപ്തികരമായി സര്‍ക്കാര്‍ ഫണ്ട് മാനേജ് ചെയ്തു.
ശമ്പളം, പെന്‍ഷന്‍ എന്നിവയൊക്കെ മുടങ്ങാതെ കൊണ്ടുപോകുന്നതിനൊപ്പം പദ്ധതി പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിലും സർക്കാർ കഴിവ് കാണിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ അടുത്തവർഷത്തെ പദ്ധതി രൂപീകരണവും അംഗീകാരവും മാർച്ചിൽ തന്നെ പൂർത്തിയാക്കിയത് ചരിത്രത്തിൽ ആദ്യമാണ്. ഇത് ഫലപ്രദമായ പദ്ധതിനിർവഹണത്തിന് സഹായിക്കും.

സര്‍ക്കാരിനിത് നിർണായക വര്‍ഷമാണ്‌. കിഫ്ബി ഉള്‍പ്പെടെ വികസന നടത്തിപ്പിലെ ഈ പുതിയ സമ്പ്രദായത്തിന്റെ ഗുണം ഈ വര്‍ഷം അറിഞ്ഞു തുടങ്ങാം.

അതേസമയം അത്ര പ്രധാനമല്ലാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ഒഴിവാക്കാവുന്ന വിവാദങ്ങൾ, പ്രധാനപ്പെട്ട ഇത്തരം കാര്യങ്ങൾ നൽകുമായിരുന്നു പ്രതിച്‌ഛായയെ കുറച്ചൊക്കെ വിപരീതമായി ബാധിക്കുകയും ചെയ്തു.

ഈ സര്‍ക്കാരിനു ധൈര്യമായി പത്തില്‍ എട്ടു മാര്‍ക്ക് കൊടുക്കാം.

(സെന്‍റെര്‍ ഫോര്‍ സോഷ്യോ ഇകണോമിക് ആന്‍ഡ്‌ എന്‍വയൺമെന്റല്‍ സ്റ്റഡീസ് ഫെല്ലോ ആണ് ലേഖകന്‍)

പിണറായി സർക്കാരിനെ വിലയിരുത്തികൊണ്ടുള്ള വ്യത്യസ്ത മേഖലകളിലെ പ്രമുഖരുടെ അഭിപ്രായങ്ങൾ പൂർണമായി വായിക്കുവാൻ സന്ദർശിക്കുക https://www.livenewage.com/tag/keralaministry/