Capturing Business 360°

സംസ്ഥാനത്തെ ആദ്യ ചക്ക റെസ്റ്റോറന്റ് മഞ്ചേരിയില്‍ തുറന്നു; വലിയ തൊഴില്‍ സാധ്യതയാണ് തുറക്കപ്പെടുന്നതെന്ന് മന്ത്രി വി എസ്.സുനില്‍ കുമാര്‍

ന്യൂഏജ് ന്യൂസ്

മഞ്ചേരി: സംസ്ഥാനത്തെ ആദ്യ ചക്ക റെസ്റ്റോറന്റ് മഞ്ചേരിയില്‍ ആരംഭിച്ചു. മഞ്ചേരി മുട്ടിപ്പലത്ത് ഇന്ന് വൈകിട്ട് 4 മണിയോടെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ചക്കറെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു. മഞ്ചേരി പന്തല്ലൂര്‍ സ്വദശി സിജിയും ഭർത്താവ് ഷാജിയുമാണ് ചക്ക റെസ്റ്റോറന്റ് നടത്തുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മേളകളില്‍ ചക്കവിഭവങ്ങളുടെ പ്രദര്‍ശനവും വിപണന സാധ്യതകളും തിരിച്ചറിഞ്ഞാണ് ഇത്തരത്തിലൊരു ആശയത്തിന് രൂപം കൊടുത്തതെന്ന് സംസ്ഥാനത്തെ ആദ്യ ചക്ക റെസ്റ്റോറന്റിന്റെ ഉടമകളായ സിജിയും ഷാജിയും പറയുന്നു.

ചക്ക കൊണ്ടുള്ള മുപ്പതിലധികം വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്. നാല് വര്‍ഷത്തോളമായി ചക്കകൊണ്ടുള്ള നിരവധി വിഭവങ്ങള്‍ കണ്ടെത്തിയവരാണ് സിജിയും ഷാജിയും. അതേ സമയം ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിന് ശേഷം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ചക്കക്ക് ലഭിച്ചിട്ടുള്ളതെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. ചക്ക ഉപയോഗിച്ചുള്ള കൂടുതല്‍ ഉത്പന്നങ്ങളുമായി നിരവധി പേര്‍ രംഗത്ത് വരുന്നുണ്ട്. ഇതില്‍ ആദ്യത്തെ സംരഭമാണ് ചക്കവിഭവങ്ങള്‍ മാത്രം ഉള്‍കൊള്ളിച്ച്‌ കൊണ്ടുള്ള ഈ റസ്റ്റോറന്റ്.

കേരളത്തില്‍ സുലഭമായി ലഭിക്കുന്നതും മറ്റ് വിഷാംശമൊന്നുമില്ലാത്തതുമായ പഴമെന്ന നിലയില്‍ ചക്കയെ കേന്ദ്രീകരിച്ച്‌ വലിയൊരു തൊഴില്‍ സാധ്യത തന്നെ കേരളത്തില്‍ വരാന്‍ പോവുകയാണ്. ചക്കയുടെ ഔഷധമൂല്യം കൂടി കണക്കിലെടുത്ത് സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ രോഗികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തോടൊപ്പം ചക്ക വിഭവങ്ങള്‍ കൂടി ഉള്‍പെടുത്താന്‍ സര്‍ക്കാര്‍ നപടിയെടുക്കുന്നുണ്ട്. അടുത്തതായി ചക്കയോടൊപ്പം മാങ്ങയും ഇതുപോലെ പ്രമോട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

കേരളത്തില്‍ ലഭ്യമായിട്ടുള്ള വിവിധ തരം മാങ്ങകളും അവയുടെ വൈവിധ്യവും സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തയ്യാറെടുപ്പ് നടത്തുന്നത്. കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷിവകുപ്പുമായി സഹകരിച്ച്‌ കേരളത്തിലെ നാടന്‍ മാവുകളുടെ ഒരു ഡയറക്ടറി ഇറക്കാനുള്ള ശ്രമത്തിലാണ്. ഈ വരുന്ന അധ്യായന വര്‍ഷത്തില്‍ ഹരിത കേരളം മിഷന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് 20 തരം ഫലവൃക്ഷതൈകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി കൃഷി വകുപ്പ് നേരിട്ട് 5 ലക്ഷം പ്ലാവിന്‍ തൈകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. ഇതോടൊപ്പം ഓരോ വിദ്യാര്‍ത്ഥിയും ഒരു പ്ലാവെങ്കിലും നട്ട് വളര്‍ത്തുകയെന്ന് നിര്‍ദ്ദേശവും സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മഞ്ചേരി നഗരസഭാ അധ്യക്ഷ, കാര്‍ഷിക സര്‍വ്വകലാശാലയുടെ ആനക്കയം ക്യാമ്പസിലെ അധികൃതര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ 15 സ്ത്രീകള്‍ ജോലി ചെയ്യുന്ന ഒരു ചക്ക സംസ്‌കരണ യൂണിറ്റും ഇവരുടെ കീഴില്‍ മഞ്ചേരി പന്തല്ലൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചക്ക ഉത്പന്നങ്ങള്‍ കൊണ്ട് പോകുന്നുണ്ട്. ഇപ്പോള്‍ തുടങ്ങിയ റെസ്റ്റോറന്റിലൂടെ കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കാനാകുമെന്നും സിജിയും ഷാജിയും പ്രതീക്ഷിക്കുന്നു.