Capturing Business 360°

മോദി സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍….. – എഡിറ്റോറിയൽ

ന്യൂഏജ് ന്യൂസ്

കേന്ദ്രത്തില്‍ നരേന്ദ്രമോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഒട്ടേറെ വികസനസ്വപ്‌നങ്ങളും പ്രതീക്ഷകളും രാജ്യസമക്ഷം അണിനിരത്തിക്കൊണ്ട് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ അവയില്‍ എത്രമാത്രം സാര്‍ത്ഥകമാക്കിയെന്ന ചിന്ത രാജ്യമെങ്ങും നിറയുന്നുണ്ട്. വികസനവും രാജ്യപുരോഗതിയും മുഖ്യ അജണ്ട എന്ന നിലയില്‍ മുന്നോട്ടുവെച്ച നരേന്ദ്രമോദിയ്ക്ക് അതിനിടെ സംഘപരിവാര്‍ രാഷ്ട്രീയതാല്പര്യങ്ങള്‍ എത്രമാത്രം കൈയടക്കത്തോടെ സംരക്ഷിക്കാനായി എന്നതിന്റെ ദൃഷ്ടാന്തമാവുകയാണ് ഈ നാലു വര്‍ഷക്കാലം. ധനകാര്യവിദഗ്ദ്ധരും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നപോലെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ നിഷ്‌ക്രിയഭരണത്തെ പിന്‍പറ്റിയാണ് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. പോളിസി മേക്കിങ്ങിന്റെ പുതുയുഗത്തിലേക്ക് രാജ്യം എത്തിയിരിക്കുന്നുവെന്ന ബോധമുണര്‍ത്താന്‍ മോദിയ്ക്കു സാധിച്ചുവെന്നത് ശ്രദ്ധേയമാണ്. ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്‍ഡ്യ തുടങ്ങിയ പദ്ധതികള്‍ ആ പ്രതിച്ഛായ കൂടുതല്‍ ദൃഢതരമാക്കി. ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കി യുളള അടിസ്ഥാനവികസനം ഗ്രാമസ്വരാജ് എന്ന ദേശീയ സങ്കല്പത്തെ തന്നെ നെഞ്ചേറ്റുന്നുവെന്ന പ്രതീതിയുണര്‍ത്തിയെന്നത് മറ്റൊരു രാഷ്ട്രീയ തന്ത്രം തന്നെയാവാം. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ സ്വീകാര്യനായി മാറാന്‍ മോദിയ്ക്ക് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്. ചൈന, പാക് വിഷയങ്ങളില്‍ ശക്തമായ താക്കീതുകള്‍ക്ക് രാജ്യം മുതിര്‍ന്നതു നയതന്ത്രബന്ധങ്ങളിലെ കെട്ടുറപ്പിന്റെ പിന്‍ബലമായും വിലയിരുത്താം. പുത്തന്‍ നയങ്ങളും പരിഷ്‌കരണങ്ങളും രാജ്യത്തെ വളര്‍ച്ചയിലേക്ക് നയിക്കുമെന്ന പഠനങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഒട്ടേറെ പ്രതികൂലസാഹചര്യങ്ങള്‍ സമ്പദ് ഘടനയിലും സമൂഹത്തിലും നിലവിലുണ്ടെന്നത് വസ്തുതയാണ്. ബാങ്കിങ്ങ് മേഖലയിലും ജുഡീഷ്യറിയിലുമുളള അപചയങ്ങള്‍ ദളിത് ന്യൂനപക്ഷ വിവേചനങ്ങള്‍, സ്ത്രീകള്‍ക്കെതിരായുളള അക്രമങ്ങള്‍ ഇവയൊന്നും സര്‍ക്കാരിന് അഭിമാനിക്കാന്‍വകനല്‍കുന്നവയല്ല. മോദി സര്‍ക്കാരിനെതിരെപ്രതിപക്ഷത്തിനുയര്‍ത്താന്‍ പലതുമുണ്ടാവാമെങ്കിലും പല നയങ്ങളും തീരുമാനങ്ങളും സധൈര്യം നടപ്പാക്കപ്പെട്ടുവെന്നത് പ്രധാനമാണ്. ജിഎസ്ടിയിലും കറന്‍സി പിന്‍വലിക്കലിലുമൊക്കെ മോദി സര്‍ക്കാര്‍ കാണിച്ച നിശ്ചയദാര്‍ഢ്യം തികച്ചും അഭിനന്ദനാര്‍ഹം തന്നെയാണ്. ഒരു പക്ഷെ, 2019 -ല്‍ ഒരു ഭരണത്തുടര്‍ച്ചയുണ്ടാകുന്നെങ്കില്‍ അതിന്റെ കേന്ദ്രബിന്ദു ഈ അനിഷേധ്യമായ ഇച്ഛാശക്തി തന്നെയാവും.

രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കുന്നു – പി.ടി.തോമസ്

മോദി സര്‍ക്കാര്‍ തുടക്കത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ വെറും വാഗ്ദാനങ്ങള്‍ മാത്രമായി അവശേഷിക്കുകയാണ്. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കപ്പെടാത്ത സാഹചര്യമുണ്ടാകുന്നുണ്ട്. കോടികളുടെ വളര്‍ച്ച മാത്രമാണ് രാജ്യ പുരോഗതിയെന്നു ധരിക്കരുത്. രാജ്യത്തിന്റെ ഫെഡറലിസത്തെയും ജൂഡീഷ്യറിയെത്തന്നെയും താറുമാറാക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സുപ്രിം കോടതി ജഡ്ജിമാര്‍ നേരിട്ട് മാധ്യമങ്ങളെ കാണുന്ന സാഹചര്യമുണ്ടായി. മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ വളര്‍ത്തിക്കൊണ്ടുവന്ന സംവിധാനങ്ങളെ തകര്‍ക്കുകയാണ്. ബാങ്കിങ്ങ് മേഖല കൊളളയടിക്കപ്പെടുന്നതിന് ആരാണ് ഉത്തരവാദി. പുതിയ നയങ്ങള്‍ വളര്‍ച്ചയുണ്ടാക്കിയെന്നു പറയുന്നതിലെ പൊളളത്തരം തിരിച്ചറിയണം. മോദി വിദേശരാജ്യങ്ങളിലെത്തുന്നുണ്ടെങ്കിലും അവിടെയുളള ഇന്ത്യക്കാര്‍ക്കെന്താണ് പ്രയോജനം. ഇന്ത്യന്‍ പൗരന്മാര്‍ രാജ്യത്തേക്ക് തിരികെയെത്തിക്കൊണ്ടിരിക്കുകയാണ്. നാലുവര്‍ഷത്തെ ഭരണം സ്ഥായിയായ എന്തു പുരോഗതിയാണ് കൊണ്ടുവന്നതെന്ന് ചിന്തിക്കണം.

(ലേഖകന്‍ മുന്‍ പാര്‍ലമെന്റ് അംഗവും നിയമസഭാംഗവുമാണ്)

സര്‍ക്കാര്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചിട്ടുണ്ട് – അനില്‍ കുമാര്‍ ശര്‍മ്മ

രാജ്യത്ത് വളരെ നിര്‍ണ്ണായകമായ നയതീരുമാനങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരാണ് നരേന്ദ്രമോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍. മജോറിട്ടി മാന്‍ഡേറ്റിന്റെ പിന്‍ബലമുളളതുകൊണ്ട് തന്നെയാണ് ആ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് സാധിച്ചത്. ജിഎസ്ടിയും കറന്‍സി പിന്‍വലിക്കലുമൊക്കെ സമ്പദ് രംഗത്ത് ഗുണം ചെയ്യുമെന്നുതന്നെയാണ് തെളിയുന്നത്. വികസനത്തിന് പ്രാധാന്യം നല്‍കുന്നവര്‍ 2019 – ല്‍ മോദി സര്‍ക്കാരിനെയാകും പിന്തുണയ്ക്കുന്നത്. എന്നാല്‍ മറ്റ് സാമൂഹിക തലത്തില്‍ ചിന്തിക്കുന്നവര്‍ക്ക് സര്‍ക്കാരിനെതിരെ നിരത്താന്‍ പല കാര്യങ്ങളുമുണ്ട്. ദളിത്, ന്യൂനപക്ഷ പ്രശ്‌നങ്ങള്‍, ബാങ്കിങ്ങ് രംഗത്തെ തട്ടിപ്പ്, ജുഡീഷ്യറിയിലെ പ്രശ്‌നങ്ങള്‍ ഇവയൊക്കെ പ്രതിപക്ഷത്തിനു ലഭിച്ച നല്ല ആയുധങ്ങള്‍ തന്നെയാണ്. ഇത് 2019 ലെ തെരഞ്ഞെടുപ്പില്‍ പ്രധാന അജണ്ടയായി അവര്‍ ഉയര്‍ത്തിക്കൊണ്ടുവരും. രാജ്യം അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളിലും പെട്ടെന്നു തീരുമാനങ്ങള്‍നടപ്പാക്കിയെന്നത് പ്രധാനമാണ്. പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിന് വേണ്ട ഭൂരിപക്ഷം സര്‍ക്കാരിനുണ്ടായിയെന്നത് സമ്മര്‍ദ്ദമില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ സഹായകമായിട്ടുണ്ട്. തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിവുളള ഒരു സര്‍ക്കാര്‍ ഇവിടെയുണ്ടെന്നു പുറം ലോകത്തിന് ബോദ്ധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നത് പ്രധാനമാണ്.

(ലേഖകന്‍ കേരള കൗമുദിയുടെ ബിസ്സിനസ്സ് എഡിറ്ററാണ്)

കേന്ദ്രസര്‍ക്കാര്‍ ഒരു പ്രതീക്ഷയും നിറവേറ്റിയിട്ടില്ല – എ.എം.ആരിഫ്

ബിജെപി സര്‍ക്കാര്‍ ഒരു പ്രതീക്ഷയും നിറവേറ്റിയിട്ടില്ല. ബാങ്കില്‍ ഓരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ അക്കൗണ്ടില്‍ ഉളള പണം പോലും കൊളളയടിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ജനങ്ങളുടെ പണത്തിന് സുരക്ഷിതത്വം നല്‍കാന്‍ ആര്‍ബിഐയ്ക്ക് കഴിഞ്ഞില്ല. ജിഎസ്ടിയും നോട്ട് അസാധുവാക്കലും വഴി ഒട്ടേറെ കമ്പനികളാണ് അടച്ചുപൂട്ടിയത്. ഇപ്പോള്‍ പുറത്തുവരുന്ന വളര്‍ച്ചാ കണക്കുകളില്‍ വലിയ കാര്യമുളളതായി കരുതുന്നില്ല. ഉളളവന്റെയും ഇല്ലാത്തവന്റെയും വരുമാനം ഒരുമിച്ചു കണക്കാക്കിയാണ് ആളോഹരി വരുമാനം നിര്‍ണ്ണയിക്കുന്നത്. ഇതൊക്കെ ശരിയായ വളര്‍ച്ചയുടെ അടിസ്ഥാനമായി കണക്കാക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ തൊഴില്‍ കൂടുതലായി സൃഷ്ടിക്കുമെന്നു പറഞ്ഞു. എല്ലാ മേഖലയിലും തൊഴില്‍ കുറയുകയാണുണ്ടായത്. കാര്‍ഷിക രംഗം തകര്‍ന്നു. കര്‍ഷകന്റെ ആത്മരോഷമാണ് മഹാരാഷ്ട്രയിലെ കര്‍ഷക റാലിയിലും മറ്റും കണ്ടത്.മോദി ഭരണം രജ്യത്ത് വലിയ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ന്യൂനപക്ഷ, ദളിത്, സ്ത്രീപീഡനങ്ങളില്‍ വര്‍ദ്ധനയാണ് ഉണ്ടാകുന്നത്. ഇതൊക്കെ 2019 -ല്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവും. പ്രതിപക്ഷത്തിന്റെ ഏകോപനമുണ്ടായാല്‍ മോദി തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുകതന്നെ ചെയ്യും.

(സിപിഎം നിയമസഭാംഗമാണ് ലേഖകന്‍)