Capturing Business 360°

വിമാനയാത്രക്കിടയിൽ ഫോണ്‍, ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ ഉടൻ അനുവാദം നൽകിയേക്കും

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: വിമാന യാത്രക്കാര്‍ക്ക് ഇനി ആകാശത്തിരുന്നും ഫോണ്‍ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് ടെലികോം കമ്മീഷന്‍. ഇന്ത്യന്‍ എയര്‍സ്പേസില്‍ മൂന്ന് മാസത്തിനുള്ളില്‍ ഈ സൗകര്യം നടപ്പിലാക്കുകയാണ് ടെലികോം കമ്മീഷന്‍റെ ലക്ഷ്യം.

കപ്പല്‍ യാത്രകളില്‍ ഫോണ്‍ വിളിക്കാനും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുമുള്ള അനുമതി ടെലികോം മന്ത്രാലയം ഇതിനോടകം നല്‍കിക്കഴിഞ്ഞു. മൂന്നോ നാലോ മാസത്തിനകം തന്നെ യാത്രക്കാര്‍ക്ക് ഈ സൗകര്യം ലഭ്യമാകും. ടെലികോം കമ്മീഷനുമായി രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തിനുശേഷം സെക്രട്ടറി അരുണ സുന്ദര്‍രാജനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

നിലവില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ മൊബൈല്‍ ഫോണോ ഇന്‍റര്‍നെറ്റോ ഉപയോഗിക്കാന്‍ അനുവാദമില്ല. രാജ്യാന്തര തലത്തില്‍ പല വിമാനക്കമ്പനികളും വൈഫൈ ഉപയോഗിക്കാന്‍ യാത്രാക്കാരെ അനുവദിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലെത്തുമ്പോൾ സ്വിച്ച്‌ ഓഫ് ചെയ്യുകയാണ് പതിവ്. വൈഫൈ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത് ഏവിയേഷന്‍ മാര്‍ക്കറ്റിലെ കടുത്ത മത്സരത്തിനിടയില്‍ കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.