Capturing Business 360°

വളര്‍ച്ചാ റിപ്പോര്‍ട്ടുകളുടെ പ്രായോഗികത – എഡിറ്റോറിയല്‍

ന്യൂഏജ് ന്യൂസ്

രാജ്യത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് ഉയരുമെന്ന ജാപ്പനീസ് സാമ്പത്തിക സേവന ഏജന്‍സിയായ നോമുറ യുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 2018 ആദ്യ പാദത്തില്‍ തന്നെ സമ്പദ്ഘടന 7.8 ശതമാനം വളര്‍ച്ചയിലെത്തുമെന്ന വലിയ പ്രതീക്ഷയാണ് നോമുറ പങ്കുവെയ്ക്കുന്നത്. പുത്തന്‍ സാമ്പത്തിക നയപരിപാടികളുടെ പരിണതിയെന്ന നിലയില്‍ ഇന്ത്യന്‍ സമ്പദ് രംഗം ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്ന് മറ്റു പല റേറ്റിങ്ങ് ഏജന്‍സികളും ഇതിനകം തന്നെ വിലയിരുത്തിയിട്ടുണ്ട്. മൂഡിസ്, വേള്‍ഡ് ബാങ്ക്, എഡിബി ഐഎംഎഫ് തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകളെല്ലാം വളര്‍ച്ചയില്‍ കാര്യമായ മുന്നേറ്റമുണ്ടാകുമെന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. ആര്‍ബിഐയുടെ സമീപകാല വിലയിരുത്തലും സമ്പദരംഗം 7.4 ശതമാനം വളര്‍ച്ച നേടുമെന്നുതന്നെയാണ് പറയുന്നത്. എന്നാല്‍ നോമുറ റിപ്പോര്‍ട്ടില്‍ 2018 ന്റെ രണ്ടാം പകുതിയില്‍ സമ്പദ് വ്യവസ്ഥ അല്പം മന്ദീഭവിക്കുമെന്നും സൂചനയുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടാവും ഇതുണ്ടാവുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പുത്തന്‍ പരിഷ്‌കരണനടപടികളുടെ ഫലമായി സമ്പദ് ഘടനയില്‍ നെഗറ്റീവ് ട്രെന്‍ഡിന്റെ പ്രഭാവം ഉച്ചസ്ഥായിയിലെത്തിയ കാലമാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷമെന്നത് വ്യക്തമാണ്. രാജ്യത്തെ ചെറുകിട – ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് നേരിട്ട തിരിച്ചടിയില്‍ നിന്ന് ഇനിയും മോചനമുണ്ടായിട്ടില്ലെന്നതും വസ്തുതയാണ്. 2017 -18 സാമ്പത്തിക വര്‍ഷം വളര്‍ച്ച 6.6 ശതമാനത്തിലെത്തിയെന്ന യാഥാര്‍ത്ഥ്യവും കണ്‍മുന്നിലുണ്ട്. എണ്ണവിലയിലുണ്ടായിരിക്കുന്ന കുതിച്ചുകയറ്റം സമ്പദ് ഘടനയ്ക്ക് ഭീഷണിയാണെന്ന് നോമുറ യുടെ റിപ്പോര്‍ട്ടുതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കയറ്റുമതി – ഇറക്കുമതി നിരക്കുകളിലെ അന്തരം ധനക്കമ്മിയിലുണ്ടാക്കിയിട്ടുളള ആഘാതത്തിനു പുറമെ ഇന്ധനവിലക്കയറ്റവും കാര്യമായ ധനകമ്മി വര്‍ദ്ധനവിലേക്ക് വഴിതെളിക്കുന്നുണ്ട്. തൊഴില്‍ മേഖലയിലുണ്ടായിരിക്കുന്ന തളര്‍ച്ചയും സമ്പദ് ഘടനയ്ക്ക് ഒട്ടും തന്നെ ആശാസ്യമല്ല. ബാങ്കിങ് രംഗത്ത് വളരുന്ന സാമ്പത്തിക വെല്ലുവിളികളും ആശ്വാസദായകമല്ല. ഈ സാഹചര്യങ്ങളാണ് ജിഡിപി വളര്‍ച്ചാ റിപ്പോര്‍ട്ടുകളുടെ പ്രായോഗികതയെപ്പറ്റി ചിന്തിക്കാന്‍ പ്രേരണയാവുന്നത്. പുത്തന്‍ നയങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാവുമെന്ന സര്‍ക്കാര്‍ വാദത്തെ പിന്തുണയ്ക്കാന്‍ ഇവ ഉപകരിക്കുന്നുവെന്നതുമാത്രമാവും ഇതിന്റെ കാലിക പ്രാധാന്യം.

വളര്‍ച്ചയില്‍ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം – പി.രാധാകൃഷ്ണന്‍ നായര്‍

രാജ്യത്തെ സാമ്പത്തിക മേഖലയില്‍ കറന്‍സി ഡിമോണിറ്റൈസേഷന്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായിയെന്നു കരുതുന്നില്ല. അതൊരു ബുദ്ധിപരമായ നീക്കമായിരുന്നില്ലെന്നു തന്നെയാണ് തെളിയുന്നത്. റിസര്‍വ്വ് ബാങ്ക് തന്നെ ഇതിന്റെ വിശദമായ കണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. ഇന്ത്യയെപ്പോലെയുളള ഒരു രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടിന്റെ സാര്‍വ്വത്രികതയിലെത്തുകയെന്നത് അതിവേഗത്തില്‍ സാദ്ധ്യമാക്കാവുന്ന കാര്യമല്ല. എന്നാല്‍ സമ്പദ് രംഗത്ത് ശുദ്ധീകരണം ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. അതിന് കൂടുതല്‍ ശക്തമായ നടപടികളും ആവശ്യമാണ്. സാമ്പത്തിക വളര്‍ച്ചയെ ഉദ്ദീപിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. നയമില്ലാത്ത അവസ്ഥയില്‍ നിന്ന് നയങ്ങളിലേക്ക് രാജ്യം എത്തിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം സാമ്പത്തിക രംഗത്ത് തീര്‍ച്ചയായും ഉണ്ടാകാതെ തരമില്ല. ജിഎസ്ടിയും മറ്റും രാജ്യത്ത് ഉല്പാദനരംഗത്ത് കാര്യമായ വളര്‍ച്ചയുണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോഴത്തെ മാന്ദ്യത്തില്‍ നിന്ന് ഒരുമാറ്റം ഉണ്ടാകാം. വലുതല്ലെങ്കില്‍ കൂടി ചെറിയ മാറ്റം വളര്‍ച്ചയിലുണ്ടാകുമെന്നാണ് കരുതുന്നത്.

(ബിസ്സിനസ്സ് ലൈന്‍ അസിസ്റ്റന്റ് എഡിറ്ററാണ് ലേഖകന്‍)

പുത്തന്‍ പരിഷ്‌കാരങ്ങള്‍ക്ക് ഫലമുണ്ടാകും – ജോസഫ് കാട്ടേത്ത്

ഇന്ത്യന്‍ സമ്പദ് രംഗം ശക്തി പ്രാപിക്കുമെന്നു സൂചന നല്‍കിക്കൊണ്ടുളള വിലയിരുത്തലുകളാണ് റേറ്റിങ്ങ് ഏജന്‍സികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇന്നത്തെ സാമ്പത്തിക സാഹചര്യങ്ങളില്‍ വളര്‍ച്ചയില്‍ അല്പം മാന്ദ്യം ദൃശ്യമാവുന്നുണ്ടെങ്കിലും പുതിയ നയങ്ങളുടെ ഫലമായി സമ്പദ് രംഗം കൂടുതല്‍ ദൃഢത കൈവരിക്കുമെന്നുതന്നെയാണ് കരുതുന്നത്. ഹാര്‍ഡ് വാഡ് സര്‍വ്വകലാശാല എഡിബി ഐഎംഎഫ് പഠനവും ഈ ചിന്തയ്ക്ക് ശക്തി പകരുന്നുണ്ട്. പുത്തന്‍ പരിഷ്‌കരണ നടപടികള്‍ക്ക് ഫലമുണ്ടാകുമെന്നുതന്നെ പ്രതീക്ഷിക്കാം. കറന്‍സി പിന്‍വലിക്കല്‍ സമ്പദ് രംഗം കൂടുതല്‍ സുതാര്യവും ശുദ്ധവുമാക്കാനുളള ശ്രമത്തിന്റെ കൂടി ഭാഗമായിരുന്നു. കളളപ്പണം സമ്പദ് ഘടനയില്‍ നിന്ന് പുറന്തളളാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ട്. ഭൂമിയിലും സ്വര്‍ണ്ണത്തിലുമുളള കളളപ്പണനിക്ഷേപം കുറയുന്നതായാണ് സൂചന. ഭൂമിയുടെയും മറ്റും വില കുറയുന്നുവെന്നതും ശ്രദ്ധേയമാണ്.

(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)

നികുതി വെട്ടിപ്പിന് തടയിടുന്നത് ഗുണകരമാവും – ജോസഫ് തോമസ്

രാജ്യത്ത് ചരക്കു സേവന നികുതി പ്രാബല്യത്തിലെത്തിയത് സമ്പദ് രംഗത്ത വളരെയധികം ഉത്തേജനം പകരുമെന്നതില്‍ സംശയമില്ല.2018 ആദ്യ പാദത്തില്‍ തന്നെ സമ്പദ്ഘടന 7.8 ശതമാനം വളര്‍ച്ചയിലെത്തുമെന്ന വലിയ പ്രതീക്ഷയാണ് നോമുറ പങ്കുവെയ്ക്കുന്നത്.എഡിബി ഐഎംഎഫ് തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകളെല്ലാം വളര്‍ച്ചയില്‍ കാര്യമായ മുന്നേറ്റമുണ്ടാകുമെന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. ജിഡിപി വളര്‍ച്ച 9 ശതമാനത്തിലേക്ക് ഉയരുമെന്ന ശുഭാപ്തി വിശ്വാസമാണ് നീതി ആയോഗ് പങ്കുവെയ്ക്കുന്നത്. നികുതി പരിഷ്‌കരണത്തിലെ വലിയ മാറ്റം നികുതി വെട്ടിപ്പിന് തുടയിടുന്നതായിരിക്കും. 2018 ന്റെ രണ്ടാം പകുതിയില്‍ സമ്പദ് വ്യവസ്ഥ അല്പം മന്ദീഭവിക്കുമെന്നും സൂചനയുണ്ട്. രാജ്യത്തെ ഉല്പാദന വളര്‍ച്ചയിലേക്ക് നയിക്കുന്നതിനും ഇത് വഴിതെളിക്കും. ഒരേ വസ്തുവില്‍ രണ്ട് തവണ നികുതി ഈടാക്കുന്ന സാഹചര്യം ഇല്ലാതാകുന്നത് ഉപഭോക്താവിനും ഗുണകരമാണ്. നികുതി സമ്പ്രദായം സുതാര്യവും കാര്യക്ഷമവുമാകുന്നത് നികുതി വരുമാനം കൃത്യമായി സര്‍ക്കാരിലെത്തുന്നതിലേക്കാവും നയിക്കുക. ഇതൊക്കെ രാജ്യത്തെ സമ്പദ് ഘടനയെ പുഷ്ടിപ്പെടുത്തുന്നതു തന്നെയാണെന്നതില്‍ സംശയമില്ല. നാളുകളായി രാജ്യം കാത്തിരുന്ന പരിഷ്‌കരണങ്ങളെന്ന നിലയില്‍ ് പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. സമ്പദ് രംഗത്ത് അതിന്റെ പ്രഭാവവും വലുതായിരിക്കും.

(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)