Capturing Business 360°

സര്‍ക്കാര്‍ ചെലവു ചുരുക്കല്‍ നടപടി ഫലപ്രദമോ? – എഡിറ്റോറിയല്‍

ന്യൂഏജ് ന്യൂസ്

സംസ്ഥാനം വീണ്ടും കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ ചെലവ് കര്‍ശനമായി നിയന്ത്രിക്കുന്നതിനുളള നിര്‍ദ്ദേശങ്ങളുമായി ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുകയാണ്. എല്ലാ വകുപ്പു തലവന്മാര്‍ക്കും ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് കൈമാറിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം വിശദമായ പഠനത്തിനു ശേഷം മാത്രമെ ഇനി പുതിയ തസ്തികകള്‍ക്ക് അനുമതി നല്‍കുകയൂളളൂ. വകുപ്പുകള്‍ക്കുളളിലെ പുനര്‍വിന്യാസം വഴി ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. വകുപ്പ് തലവന്മാര്‍, പോലീസ്, നിയമ നിര്‍വ്വഹണ ഏജന്‍സികള്‍, തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാര്‍, ഗ്രാന്‍ഡ് എയ്ഡ് സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ അനുമതിയുണ്ട്. മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഉദ്ദേ്യാഗസ്ഥതലങ്ങളിലും വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതിനാണ് അനുമതി നല്‍കുക. വാഹനങ്ങള്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയാണ് വാടകയ്ക്ക് എടുക്കേണ്ടത്. 14 ലക്ഷം രൂപയിലധികം വിലയുളള വാഹനങ്ങള്‍ ഒഴിവാക്കണം. സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും കോര്‍പ്പറേഷനുകളും ബോര്‍ഡുകളും സ്വയം ഭരണസ്ഥാപനങ്ങളുമൊക്കെ നിലവിലുളള വാഹനങ്ങളുടെ ഇ-രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പുതിയ ഗ്രാന്റ് ഇന്‍എയ്ഡ് സ്ഥാപനങ്ങള്‍ അനുവദിക്കുന്നത് നിയന്ത്രിച്ചിട്ടുണ്ട്. ഉദേ്യാഗസ്ഥരുടെ വിമാനയാത്ര കുറച്ച് വീഡിയോ കോണ്‍ഫറന്‍സിങ്ങിന് പ്രാധാന്യം നല്‍കണം. അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ വിദേശയാത്ര അനുവദിക്കുകയൂളളൂ. ഇത് നാലാഴ്ചയെങ്കിലും മുമ്പ് സര്‍ക്കാരിന്റെ അനുമതിയ്ക്കായി നല്‍കണം. മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ ഗണ്യമായി കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ലാന്റ് ഫോണിനു പകരം മൊബൈല്‍ ഫോണ്‍ പരമാവധി ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വകുപ്പുതലവന്മാര്‍ക്കായി അനുവദിക്കുന്ന മൊബൈല്‍ ഫോണ്‍ ബില്ലിന്റെ തുക 1500 രൂപയില്‍ നിന്ന് 1000 രൂപയായി കുറയ്ക്കാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. സര്‍ക്കാര്‍ ഖജനാവിലെത്തുന്ന നികുതി നികുതിയേതര വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ടന്നത്കണക്കിലെടുക്കണം പ്രതേ്യകിച്ച് ജിഎസ്ടി നടപ്പാക്കല്‍ വഴി വരുമാനത്തില്‍ കുറവുവന്നു. ഇത് സ്ഥിരതയിലെത്തേണ്ടതുണ്ട്. നോട്ട് നിരോധനവും മറ്റ് സാമ്പത്തിക നിയന്ത്രണങ്ങളും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നുളള വരുമാനവും കുറച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളിലും സര്‍ക്കാര്‍ ചെലവുകള്‍ കുറയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മന്ത്രി മന്ദിരങ്ങളുടെ മോഡിപിടിപ്പിക്കലിന്റെയും
പഴയ വാഹനങ്ങള്‍ മാറ്റി പുത്തന്‍ ആഡംബരവാഹനങ്ങള്‍ വാങ്ങിയതിന്റെയും കണക്കുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. എം.എല്‍.എ.മാരുടെയും മറ്റും ശമ്പളവും പെന്‍ഷനും ഇരട്ടിയായി വര്‍ദ്ധിപ്പിച്ചത് കഴിഞ്ഞ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു. ഇതിനു പുറമെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി വേണ്ടി വരുന്ന ഭാരിച്ച ധനവ്യയം. കേരളത്തിന്റെ അധികരിക്കുന്ന സാമ്പത്തിക ബാധ്യതയുടെ മുഖ്യഹേതു ഈ ഭാരിച്ച ശമ്പളപെന്‍ഷന്‍ ബാദ്ധ്യതകളാണെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അഞ്ചുവര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി പുതുക്കണമെന്ന നിര്‍ദ്ദേശം പരിഗണിക്കപ്പെടേണ്ടതുണ്ട്. ശമ്പള പരിഷ്‌കരണത്തിനൊപ്പം നമ്മുടെ സിവില്‍ സര്‍വ്വീസിന്റെ നിലവാരത്തില്‍ എന്ത് മാറ്റമുണ്ടാകുന്നുണ്ടെന്നതും വിലയിരുത്തേണ്ടതുണ്ട്. കേവലം ചെലവുചുരുക്കലെന്ന പേരില്‍ കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന ഈ ലഘുനിര്‍ദ്ദേശങ്ങള്‍ കൊണ്ട് മാത്രം തീരുന്നതല്ല കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെന്നിരിക്കെ ഇപ്പോഴത്തെ ഈ ചെലവുചുരുക്കല്‍ നടപടി കേവലം തൊലിപുറമെയുളള ചികിത്സ മാത്രമായിരിക്കും. സാമ്പത്തിക അച്ചടക്കമെന്നത് അടിയന്തിര ഘട്ടങ്ങളില്‍ മാത്രം സ്വീകരിക്കേണ്ട ഒരു നയമല്ലെന്നതാണ് ഇനിയും തിരിച്ചറിയേണ്ടത്.

സാമ്പത്തിക അച്ചടക്കം കര്‍ശനമായി പാലിക്കണം – പി.രാധാകൃഷ്ണന്‍ നായര്‍

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറയുമ്പോള്‍ തന്നെയാണ് പല തരത്തിലുളള ദുര്‍ചെലവുകളുടെ വാര്‍ത്തയും പുറത്ത് വരുന്നത്. മന്ത്രിതലത്തിലുളള ആഡംബരങ്ങള്‍ നാളുകളായി സംസ്ഥാനത്തുണ്ട്. ഇതില്‍ കക്ഷി വ്യത്യാസമില്ലെന്നത് വ്യക്തമാണ്. ഉദ്ദേ്യാഗസ്ഥതലത്തിലുളള ചെലവുകള്‍ക്കും നിയന്ത്രണം ഉണ്ടാകുന്നത് ഉചിതമാണ്. ഇപ്പോള്‍ ധനവകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യതയോടെ പാലിക്കപ്പെടണം. ഇത് ഏതെങ്കിലും ഒരു പ്രതേ്യക കാലഘട്ടത്തിലേക്ക് മാത്രമല്ലാതെ സാമ്പത്തിക അച്ചടക്കമെന്നത് ഒരു സ്ഥിരം ശൈലിയായി മാറ്റിയെടുക്കണം. അനാവശ്യ ചെലവുകള്‍ ചുരുക്കിയും നികുതി പിരിവ് ഊര്‍ജ്ജിതമാക്കിയുമുളള സാമ്പത്തിക നയമാണ് തുടര്‍ന്നും സ്വീകരിക്കേണ്ടത്. താല്‍ക്കാലികമായ നിയന്ത്രണം കൊണ്ടു മാത്രം പ്രയോജനമുണ്ടാകുമെന്നും കരുതുന്നില്ല. ജീവനക്കാരുടെ ശമ്പളവും മറ്റും ഒഴിച്ചുകൂടാന്‍ പറ്റാത്ത ചെലവുകളാണ്. അതിലും ചില കാലികമായ മാനദണ്ഡങ്ങള്‍ ഉണ്ടാകുന്നത് ഉചിതമായിരിക്കും. ഏറ്റവും പ്രധാനം സാമ്പത്തികമായ അച്ചടക്കം കര്‍ശനമായി പാലിക്കുകയെന്നതായിരിക്കും.

(ബിസ്സിനസ്സ് ലൈന്‍ അസിസ്റ്റന്റ് എഡിറ്ററാണ് ലേഖകന്‍)

വരുമാനമാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തണം – അനീഷ് കുര്യന്‍

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാനസ്രോതസ്സുകള്‍ വ്യക്തതയോടെ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ കുറെയധികം സാമ്പത്തിക പരാധീനതകള്‍ക്ക് പരിഹാരമാവും. നികുതി പിരിവ് കാര്യക്ഷമവും കൃത്യവുമാവണം. പല വകുപ്പുകളിലും പിരിഞ്ഞുകിട്ടാനുളളത് കോടികളാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ക്കുളള നികുതി വരുമാനം കൃത്യതയോടെ പിരിവ് ആരംഭിച്ചതോടെ വര്‍ദ്ധിച്ചുവെന്നത് ഉദാഹരണമാണ്. വാട്ടര്‍ അതോറിറ്റിയുടെ കുടിശ്ശിക പിരിവിലും വീഴ്ചയുണ്ടായിട്ടുണ്ട്. നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായതിന്റെ കാരണങ്ങളില്‍ പ്രധാനം ഇതിലുണ്ടായിട്ടുളള വരുമാന ചോര്‍ച്ചയാണെന്നതില്‍ സംശയമില്ല. റിയല്‍ എസ്റ്റേറ്റ് രംഗത്ത് വേണ്ടത്ര ഇളവുകള്‍ നല്‍കി ആ മേഖലയില്‍ നിന്നുളള വരുമാനവും വര്‍ദ്ധിപ്പിക്കാവുന്നതാണ്. വളരെക്കാലങ്ങളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് വളരെ സിസ്റ്റമാറ്റിക്കായുളള ഇടപെടലുകള്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു

(ലേഖകന്‍ സാമ്പത്തിക നിരീക്ഷകനും സോഷ്യല്‍ വര്‍ക്കറുമാണ്)

ചെലവു ചുരുക്കല്‍ ഉത്തരവില്‍ മാത്രമാവരുത് – പി.സത്യജിത്ത്

സംസ്ഥാനത്തെ റവന്യൂ സെക്രട്ടറിയുടെ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ പലതും വളരെ പ്രധാനപ്പെട്ടവ തന്നെയാണ്. ഇതില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതില്‍ മുതല്‍ ഉേദ്യാഗസ്ഥരുടെ വിദേശ യാത്രകള്‍ വരെ വിഷയമായിട്ടുണ്ട്. എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ വാങ്ങുന്നതിനു പകരം വാടകയ്‌ക്കെടുക്കാന്‍ പറയുന്നുണ്ട്. ഇതില്‍ ചെലവ് വര്‍ദ്ധിക്കാതിരിക്കാന്‍ പ്രതേ്യക നിര്‍ദ്ദേശം നല്‍കണം. പലതരത്തിലുളള നിക്ഷിപ്ത താല്പര്യങ്ങള്‍ ഇത്തരം കരാറുകളില്‍ കടന്നുവരാതിരിക്കണം. അതിന് പ്രതേ്യക ശ്രദ്ധയുണ്ടാവുന്നത് ഉചിതമായിരിക്കും. ഡിജിറ്റല്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയുളള വീഡിയോ കോണ്‍ഫറന്‍സിങ്ങും മറ്റും അനാവശ്യചെലവുകള്‍ ചുരുക്കുന്നതിന് ഉപകരിക്കുമെന്നതില്‍ സംശയമില്ല. ചെലവു ചുരുക്കല്‍ ഉത്തരവില്‍ മാത്രമായി മാറരുത്. മറ്റ് പല നിര്‍ദ്ദേശങ്ങളും കൃത്യതയോടെ നടപ്പാക്കുകയാണെങ്കില്‍ ഉദ്ദേശിച്ച പ്രയോജനമുണ്ടാകും.

(ലേഖകന്‍ സാമൂഹിക നിരീക്ഷകനാണ്)