Capturing Business 360°

ഐഒടി-ക്ക് കൂടുതല്‍ കരുത്ത്: കേരളത്തിലെ ആദ്യ ലോറ പൊതുശൃംഖലയുമായി ഐസിഫോസ് ടെക്നോപാര്‍ക്കില്‍

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: ഇന്‍റര്‍നെറ്റ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ സാങ്കേതികവിദ്യയായ ഇന്‍റര്‍നെറ്റ് ഓഫ് തിങ്സിനു (ഐഒടി) വേണ്ടി കേരള സര്‍ക്കാരിന്‍റെ സ്വതന്ത്ര, ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഐസിഫോസ് സജ്ജമാക്കിയ കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ശൃംഖലയ്ക്ക് തുടക്കമായി. മണ്ണില്‍ ഈര്‍പ്പത്തിന്‍റെ അളവ് സെന്‍സറില്‍ നിന്ന് ലോറവാന്‍ മുഖേന സ്വീകരിച്ച് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ് ആണ് കേരളത്തിലെ ആദ്യത്തെ ഈ നുതന വയര്‍ലെസ് ശൃംഖല ഉദ്ഘാടനം ചെയ്തത്.

ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വാണിജ്യപരമായ പ്രോത്സാഹനം നല്‍കുന്ന ഈ ശൃംഖല അവയെ അടുത്ത ഘട്ടത്തിലേയ്ക്ക് വളരാന്‍ സഹായിക്കുമെന്ന് ശ്രീ ശിവശങ്കര്‍ പറഞ്ഞു. ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് ഭാവിയില്‍ വ്യാപകമാകുമ്പോള്‍ അതിനുവേണ്ടി ഉപയോഗിക്കാവുന്ന ചെലവുകുറഞ്ഞതും കൂടുതല്‍ ദൂരപരിധി കിട്ടുന്നതും അതേസമയം സുരക്ഷിതവുമായ ആശയവിനിമയ ശൃംഖലയാണ് ലോറ.

ദ തിങ്സ് നെറ്റ്വര്‍ക്ക് (ടിടിഎന്‍) എന്ന സംഘടനയുടെ തിരുവനന്തപുരം ശാഖയും ഓപ്പണ്‍ സോഴ്സ് ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും ഉപയോഗിച്ച് സൃഷ്ടിച്ചിട്ടുള്ള ഐഒടി പദ്ധതികളെക്കുറിച്ച് വിവരം നല്‍കുന്ന https://openiot.in എന്ന വെബ്സൈറ്റും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു. ലോറ ശൃംഖലയെക്കുറിച്ചും അത് നല്‍കുന്ന അവസരങ്ങള്‍, സാധ്യതകള്‍ എന്നിവയെക്കുറിച്ചുമുള്ള സെമിനാറും സംഘടിപ്പിച്ചു. ലോറ ശൃംഖലയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് മണ്ണിലെ ഈര്‍പ്പം, അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, ഓക്സിജന്‍ അളവ്, ടെക്നോപാര്‍ക്കിലെ മഴ എന്നിവ സെന്‍സറുകളുപയോഗിച്ച് ഈ ശൃംഖലയിലൂടെ മനസിലാക്കുന്ന രീതിയും വിവരിക്കപ്പെട്ടു. ടെക്നോപാര്‍ക്കില്‍ പല സ്ഥലങ്ങളിലായാണ് ഈ സെന്‍സറുകള്‍ വിന്യസിച്ചിട്ടുള്ളത്. ലോറ അധിഷ്ഠിതമാക്കി എല്‍വിറ്റോ ടെക്നോളജീസ് സൃഷ്ടിച്ച പാര്‍ക്കിങ് സംവിധാനവും ലിവറെസ് ടെക്നോളജീസ് രൂപം നല്‍കിയ സ്മാര്‍ട്ട് വാട്ടര്‍ മീറ്റര്‍ സംവിധാനവും ഉദ്ഘാടന ചടങ്ങില്‍ പരീക്ഷിച്ചു.

ടെക്നോപാര്‍ക്കിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന ഈ ശൃംഖല ലോറ വാന്‍ എന്ന സാങ്കേതികവിദ്യയിലധിഷ്ഠിതമാണ്. പ്രവര്‍ത്തനത്തിന് വളരെകുറച്ച് ഊര്‍ജം മതി എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഐഒടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ദ തിങ്സ് നെറ്റ്വര്‍ക്ക് പോലെയുള്ള ഫ്രീ-ഓപ്പണ്‍ ഐഒടി സമുഹങ്ങളുമായി ചേര്‍ന്ന് ഡവലപ്പര്‍മാര്‍ക്കും സംരംഭകര്‍ക്കും അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഐസിഫോസ് തീരുമാനിച്ചിട്ടുണ്ടെന്ന് ഡയറക്ടര്‍ ഡോ.ജയശങ്കര്‍ പ്രസാദ് അറിയിച്ചു.

ലോറ ശൃംഖലയിലെ സെന്‍സര്‍ നോഡുകള്‍ക്ക് വളരെ കുറഞ്ഞ ഊര്‍ജമുപയോഗിച്ച് പ്രവര്‍ത്തിക്കാനാവും. അതുകൊണ്ടുതന്നെ പത്തുവര്‍ഷത്തോളം ബാറ്ററി മാറ്റേണ്ടിവരില്ല. ശൃംഖലയ്ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്ന ലോറ ഗേറ്റ്വേകള്‍ സര്‍ക്കാര്‍ അനുവദനീയമായ സ്വതന്ത്ര റേഡിയോ ഫ്രീക്വന്‍സിയിലാണ് പ്രവര്‍ത്തിക്കുന്നത്. നൂതനമായ ‘ലോ റേഞ്ച്’ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോറാ വാന്‍ കമ്പ്യൂട്ടര്‍ പ്രോട്ടോക്കോള്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ ശൃംഖല ഐസിഫോസിലെ ഓപ്പണ്‍ ഐഒടി ഗവേഷണ വിഭാഗമാണ് തയാറാക്കിയിരിക്കുന്നത്. ഒരു ഗേറ്റ്വേയ്ക്ക് കൂടുതല്‍ ദൂരപരിധി ലഭിക്കുമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത. സൈനികാവശ്യങ്ങള്‍ക്കും ബഹിരാകാശത്തുമൊക്കെ ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ ലോറ എന്ന പേരില്‍ ആദ്യമായാണ് വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. മൊബൈല്‍ ഫോണ്‍ ശൃംഖലയുടെ മൂന്നിരട്ടി പ്രയോജനമാണ് ലോറയിലൂടെ ലഭിക്കുക. വിവര വിനിമയത്തിനുള്ള ചെലവും കുറവാണ്, അതേസമയം കൂടുതല്‍ സുരക്ഷിതത്വവുമുണ്ട്.