Capturing Business 360°

മാധ്യമ, വിനോദ മേഖലയിലെ പ്രഥമ ഹാക്കത്തോണുമായി ഡിഷ് ടിവി

ന്യൂഏജ് ന്യൂസ്

കൊച്ചി : രാജ്യത്തെ മാധ്യമ, വിനോദ, പ്രക്ഷേപണ വ്യവസായ മേഖലയിലെ പ്രഥമ ഹാക്കത്തോണ്‍ മല്‍സരത്തിന് പ്രമുഖ ഡിറ്റിഎച്ച് സേവന ദാതാക്കളായ ഡിഷ് ടിവി ഇന്ത്യ വേദിയൊരുക്കുന്നു. ഡിഷ്-എ-തോണ്‍ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഹാക്കത്തോണിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2018 മെയ് ഏഴാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഭാവിയിലേക്കായി മീഡിയ എന്റര്‍ടെയ്ന്‍മെന്റ് പ്രക്ഷേപണ വ്യവസായ രംഗത്തെ സാങ്കേതിക വിദ്യയെ പുനര്‍ നിര്‍വചിക്കുന്ന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ടെക് പ്രേമികള്‍ക്ക് അവസരമൊരുക്കുന്ന സംരംഭമാണ് ഡിഷ്-എ-തോണ്‍. നിലവിലെ ടിവി ആസ്വാദന അനുഭവം മെച്ചപ്പെടുത്തുന്നതിനും ഈ രംഗത്തെ ഭാവിയിലെ മാറ്റങ്ങള്‍ക്കുള്ള വിത്തു പാകുന്നതിനും സഹായകമായ നൂതനാശയങ്ങളുള്ളവര്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇന്‍കുബേറ്റ് ഐഎന്‍ഡിയുടെ സഹകരണത്തോടെയാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.ഡെവലപ്പര്‍മാരുടെയും സ്റ്റാര്‍ട്ട് അപ്പുകളുടെയും വ്യക്തിഗത ടീമുകള്‍ക്ക് ഡിഷ്-എ-തോണില്‍ പങ്കെടുക്കാം. 2018 ജൂണ്‍ 23ന് ഡെല്‍ഹിയിലും ജൂണ്‍ 16ന് ബാംഗ്ലൂരിലുമായി സംഘടിപ്പിക്കുന്ന 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓപ്പണ്‍ ഫോര്‍മാറ്റിലുള്ള ഗ്രാന്‍ഡ് ഫിനാലെയ്ക്കായി 25 ടീമുകളെ ഡിഷ് ടിവിയും ഇന്‍ക്യൂബേറ്റ് ഐഎന്‍ഡിയും ചേര്‍ന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. രംഗത്തെ വിദഗ്ധരുമായി ആശയവിനിമയം നടത്താനും മെന്റര്‍മാരുമായി യോജിച്ച് പ്രവര്‍ത്തിക്കാനും ഡെവലപ്പിങ്ങില്‍ പങ്കാളികളാകാനും മല്‍സരാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. ജേതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് അവാര്‍ഡുകളും ലഭിക്കുന്നതോടൊപ്പം ഡിഷ് ടിവിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യതയുമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് dish a thone വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.