Capturing Business 360°

ഫോര്‍ച്യൂണറിന് വെല്ലുവിളി ഉയർത്താൻ ഔട്ട്‌ലാന്‍ഡര്‍ എത്തുന്നു

ന്യൂഏജ് ന്യൂസ്

ഇന്ത്യന്‍ വിപണി പിടിക്കാന്‍ സകല അടവും പയറ്റിതെളിഞ്ഞ ഔട്ട്‌ലാന്‍ഡര്‍ എസ്.യു.വി വീണ്ടും തിരിച്ചെത്തിക്കുകയാണ് മിത്‍സുബിഷി. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഔട്ട്‌ലാന്‍ഡറിനുള്ള ബുക്കിങ്ങ് കമ്പനി ആരംഭിച്ചു കഴിഞ്ഞു. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ മാര്‍ക്കറ്റ് ലീഡറായ ടൊയോട്ട ഫോര്‍ച്യൂണറിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഔട്ട്‌ലാന്‍ഡറിന് സാധിക്കും. 2008ലാണ് ജാപ്പനീസ് നിര്‍മാതാക്കളായ മിട്‌സുബിഷിയുടെ ഔട്ട്‌ലാന്‍ഡര്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. 2010ല്‍ ചെറിയ മിനുക്ക് പണിയോടെ വീണ്ടും പുതുക്കി അവതരിപ്പിച്ചു. എന്നാല്‍ പെട്രോള്‍ പതിപ്പില്‍ മാത്രമെത്തിയ ഔട്ട്‌ലാന്‍ഡറിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. വില്‍പന ഗണ്യമായി കുറഞ്ഞതോടെ 2013ല്‍ ഔട്ട്‌ലാന്‍ഡര്‍ ജപ്പാനിലേക്ക് തിരിച്ച് വണ്ടി കയറി. നിലവില്‍ പെട്രോള്‍ എഞ്ചിന്‍ കാറുകള്‍ക്ക് ഇന്ത്യയില്‍ ജനപ്രീതി വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഔട്ട്‌ലാന്‍ഡറുമായി മിത്‍സുബിഷി വീണ്ടും കളത്തിലിറങ്ങുന്നത്.
പഴയ തിരിച്ചടിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അധിക ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തിയാണ് ഫോം വീണ്ടെടുക്കാന്‍ മിത്‍സുബിഷി എത്തുന്നത്. ഡൈനാമിക് ഷീല്‍ഡ് ഡിസൈനില്‍ തീര്‍ത്ത മുന്‍ഭാഗം എസ്.യു.വികള്‍ക്ക് ഇണങ്ങിയ കരുത്തന്‍ പരിവേഷം നല്‍കും. മുന്‍ മോഡലിനെക്കാള്‍ കൂടുതല്‍ എയറോഡൈനാമിക്‌സ് നല്‍കാന്‍ ഉതകുന്നതാണ് ഔട്ട്‌ലാന്‍ഡറിന്റെ രൂപം. 164 ബിഎച്ച്പി കരുത്തും 220 എന്‍എം ടോര്‍ക്കുമേകുന്ന 2.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഔട്ട്‌ലാന്‍ഡറിന് കരുത്തേകുക.
ഇറക്കുമതി വഴി എത്തുന്നതിനാല്‍ വില അല്‍പം ഉയരും, ഏകദേശം 30 ലക്ഷം രൂപയാകും എക്‌സ്‌ഷോറൂം വില. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 11.1 സെക്കന്‍ഡ് സമയം മതി. ഫോര്‍ വീല്‍ ഡ്രൈവ്, കീ ലെസ് എന്‍ട്രി, ഉയര്‍ന്ന ഇന്ധനക്ഷമത, ഓട്ടോ ഹോള്‍ഡ് ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഇലക്ട്രിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിങ് വൈപ്പര്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എബിഎസ്, ഇബിഡി, ആക്ടീവ് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചേഴ്‌സ് സഹിതമാണ് ഔട്ട്‌ലാന്‍ഡര്‍ വിപണിയിലെത്തുക.ലോഞ്ചിങ് തിയതി കമ്പനി പിന്നീട് അറിയിക്കും. ഏഴ് പേര്‍ക്ക് സുഖമായി വാഹനത്തില്‍ യാത്ര ചെയ്യാം. 4695 എംഎം നീളവും 1810 എംഎം വീതിയും 1710 എംഎം ഉയരവും 2670 എംഎം വീല്‍ബേസും 190 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്.