Capturing Business 360°

ഇ.പി.എഫ്. വിഹിതം സമയത്ത് അടക്കാത്ത തൊഴിലുടമകള്‍ സൂക്ഷിക്കുക; തൊഴിലുടമകള്‍ വിഹിതം അടച്ചില്ലെങ്കിൽ വിവരം വരിക്കാരെ അറിയിക്കുന്ന സംവിധാനം വരുന്നു

ന്യൂഏജ് ന്യൂസ്

മുംബൈ: ഓരോമാസവും നിശ്ചിത തീയതിക്കുള്ളില്‍ തൊഴിലുടമകള്‍ ഇ.പി.എഫ്. വിഹിതം അടച്ചില്ലെങ്കില്‍ അക്കാര്യം വരിക്കാരെ അറിയിക്കുമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍( ഇ.പി.എഫ്.ഒ.). നിലവില്‍ വിഹിതം അടച്ചതു സംബന്ധിച്ചുള്ള വിവരം മാത്രമാണ് ഇ.പി.എഫ്.ഒയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുള്ള(യു.എ.എന്‍) വരിക്കാര്‍ക്ക് ഇമെയില്‍/എസ്.എം.എസ്.സന്ദേശമായി ലഭിക്കുന്നത്. ഇ.പി.എഫ്. വിഹിതം അടവു സംബന്ധിച്ചു സുതാര്യത വരുത്താനാണ് നടപടി.
ഓരോമാസവും നിര്‍ദിഷ്ട തീയതിക്കുള്ളില്‍ തൊഴിലുടമകള്‍ വിഹിതം അടച്ചില്ലെങ്കില്‍ വരിക്കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈലിലേക്ക് മെയില്‍ ആയോ സന്ദേശമായോ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുമെന്ന് ഇ.പി.എഫ്.ഒ. പ്രസ്താവനയിലൂടെ അറിയിച്ചു. നിലവില്‍ ഓരോ മാസത്തെയും വിഹിതം അടയ്ക്കുന്നതു സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്.എം.എസ് വഴിയാണ് ലഭ്യമാകുന്നത്. ഇനി മുതല്‍ വിഹിതം അടയ്ക്കുന്നതും സംബന്ധിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈന്‍ ഇ പാസ്ബുക്ക് വഴിയും ഉമാങ് മൊബൈല്‍ ആപ്പ് വഴിയും മിസ്ഡ് കോളിലൂടെയും ലഭ്യമാകും. 10 ലക്ഷം കോടി സഞ്ചിത നിധിയുള്ള ഇ.പി.എഫ്.ഒയ്ക്ക് 5 കോടിയിലേറ വരിക്കാരാണ് നിലവിലുള്ളത്.