Capturing Business 360°

ഉജ്ജ്വലം ഈ ടിസിഎസ് വിജയഗാഥ – എഡിറ്റോറിയല്‍

ന്യൂഏജ് ന്യൂസ്

രാജ്യത്തെ പ്രമുഖ ഐടി സേവന ദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടിസിഎസ്) അതിന്റെ വിപണി മൂല്യത്തില്‍ വന്‍ മുന്നേറ്റമാണ് കാഴ്ച വെച്ചിരിക്കുന്നത്. 100 ബില്യണ്‍ ഡോളറിനു മുകളിലാണ്(6,80,912.10 കോടി രൂപ) ടിസിഎസിന്റെ നിലവിലെ വിപണി മൂല്യം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളില്‍ ഈ ഉജ്ജ്വല നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാവുകയാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്.
വ്യാപാരവേളയില്‍ ടിസിഎസിന്റെ ഓഹരികള്‍ 4 ശതമാനത്തിനു മുകളില്‍ ഉയര്‍ന്നതോടെയാണ് ചരിത്രനേട്ടത്തിന് കളമൊരുങ്ങിയത്. വാരാന്ത്യത്തില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ 6,52,082.92 കോടി രൂപയായിരുന്നു കമ്പനിയുടെ വിപണി മൂല്യം. നേരിയ വ്യത്യാസത്തിലാണ് 100 ബില്യണ്‍ ഡോളറിലെത്താതെ പോയത്. എന്നാല്‍ പിന്നീട് വന്‍ വിപണി മുന്നേറ്റം തന്നെയാണ് കമ്പനി നേടിയത്. ടിസിഎസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത് 2004 – ലാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ മറ്റാര്‍ക്കും സ്വപ്‌നം കാണാന്‍ സാധിക്കാത്തമുന്നേറ്റം തന്നെയാണുണ്ടായത . എന്‍.ചന്ദ്രശേഖരന്‍, രാജേഷ് ഗോപിനാഥന്‍ തുടങ്ങിയ നിശ്ചയദാര്‍ഢ്യവും അര്‍പ്പണബോധവുമുളള നേതൃത്വമ്ാണ മുന്നേറ്റത്തില്‍ കമ്പനിക്ക് തുണയായത്.
വിപണി മൂല്യത്തില്‍ 47,232 കോടി രൂപയില്‍ നിന്ന് 6.78 ലക്ഷം കോടി രൂപയിലേക്കുളള ചരിത്രപരമായ വളര്‍ച്ച ഇന്ത്യന്‍ ഐടി കമ്പനികളുടെ ഇതപര്യന്തമുളള നാള്‍വഴികളില്‍ ശ്രദ്ധേയമായ സ്ഥാനം തന്നെ അടയാളപ്പെടുത്തുന്നുണ്ട്. അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ ഓഹരി വിപണി വ്യാപാരത്തിലുളള മൊത്തം കമ്പനികളുടെ വിപണിമൂല്യത്തെയും ഈ ഇന്ത്യന്‍ ഐടി കമ്പനിമറികടന്നിരിക്കുന്നു.
ലോകത്തിലെ 128 – ഓളം രാജ്യങ്ങളുടെ ജിഡിപിയ്ക്ക് തത്തുല്യം, ഇന്ത്യ – ജപ്പാന്‍ പ്രതിരോധ ബജറ്റിനു സമാനം, രാജ്യത്തെ വിദേശകരുതല്‍ ധനത്തിന്റെ നാലിലൊരു ഭാഗത്തിനു തുല്യം…. ഇങ്ങനെ ടിസിഎസിന്റെ വിപണി മൂല്യത്തിന് വിശേഷണങ്ങള്‍ ഏറെയുണ്ട്. ഇന്ന് വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 30 ടാറ്റാ ഗ്രൂപ്പുകമ്പനികളുടെ വിപണി മൂല്യത്തിന്റെ 62 ശതമാനവും വരുന്നത് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസില്‍ നിന്നാണെന്നതും ടിസിഎസ് വിജയ ചരിത്രത്തിന്റെ മറ്റൊരു മികവാര്‍ന്ന അദ്ധ്യായമാണ്.

പ്രൊഫഷണല്‍ മാനേജ്‌മെന്റും മാന്‍പവറും പ്രധാനം – ഡോ.വി.കെ.വിജയകുമാര്‍

രാജ്യത്തെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ വിപണി മൂല്യത്തില്‍ 100 ബില്യണ്‍ ഡോളര്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടത്തിനാണ് ടിസിഎസ് അര്‍ഹമായിരിക്കുന്നത്. ടിസിഎസിനെക്കാള്‍ മാര്‍ക്കറ്റ് റിട്ടേണ്‍ കൂടുതല്‍ ഇന്‍ഫോസിസിനുണ്ടെങ്കിലും മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്റെ കാര്യത്തില്‍ ടി സിഎസ് ഏറെ മുന്നിലാണ്. ഈ നേട്ടത്തിലെത്താന്‍ ടിസിഎസിനെ സഹായിച്ച ഘടകങ്ങള്‍ പലതുണ്ട്. ഇന്ത്യയില്‍ മറ്റ് രാജ്യങ്ങളെക്കാള്‍ സോഫ്റ്റ് വെയര്‍ ബ്രെയിന്‍പവര്‍ അധികമാണ്. ടിസിഎസില്‍ മൂന്നു ലക്ഷത്തിലധികം പ്രൊഫഷണലുകള്‍ ജോലി നോക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളിലുളളതിനെക്കാള്‍ കഴിവുറ്റ
പ്രൊഫഷണല്‍സ് ഇവിടെയുണ്ട്. മറ്റൊന്ന് കോര്‍പ്പറേറ്റ് ഗവേണന്‍സ് ശക്തമായി നിലവിലുണ്ടെന്നതാണ്. വളരെയധികം പ്രൊഫഷണലായി മാനേജ് ചെയ്യപ്പെട്ടതിന്റെ ഫലം കൂടിയാണ് ഈ അപൂര്‍വ്വനേട്ടമെന്നു പറയുന്നതിലും തെറ്റുണ്ടാകില്ല. 2004 -ല്‍ ലിസ്റ്റ് ചെയ്യപ്പെട്ടതില്‍ നിന്ന് കമ്പനി മാര്‍ക്കറ്റ് വാല്യൂ 10 ഇരട്ടിവര്‍ദ്ധിച്ചിരിക്കുന്നു. പല അനുകൂല ഘടകങ്ങള്‍ ഒന്നുചേര്‍ന്ന കോമ്പിനേഷന്റെ ഫലമായും വിലയിരുത്താം.

(പ്രമുഖ ധനകാര്യവിദഗ്ദ്ധനും ജിയോജിത്തിന്റെ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റുമാണ് ലേഖകന്‍)

മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജിയില്‍ കമ്പനി മുന്നിലാണ് – പ്രിന്‍സ് ജോര്‍ജജ്

ഇന്ത്യന്‍ കമ്പനികളുടെ ചരിത്രത്തില്‍ തന്നെ ശ്രദ്ധേയമായ മുന്നേറ്റമാണ് ടിസിഎസ് നടത്തിയിരിക്കുന്നത്. വിപണിമൂല്യം 100 ബില്യണ്‍ ഡോളറിനു മുകളിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയെന്നത് അത്ര ചെറിയ ഒരു നേട്ടമല്ല. ഒട്ടേറെ പ്രതികൂലസാഹചര്യങ്ങള്‍ രാജ്യത്ത് നിലവിലുണ്ട്. അതിനിടയില്‍ നേടുന്ന നേട്ടമെന്ന പ്രതേ്യകതയുണ്ട്. ടിസിഎസ് അടുത്തിടെ ഷെയര്‍ ഹോള്‍ഡേഴ്‌സിന് പ്രതേ്യക ബോണസ് അനുവദിച്ചിരുന്നു. ഇത് മാര്‍ക്കറ്റിങ്ങില്‍ അനുകൂല ഘടകമായിട്ടുണ്ട്. കൂടുതല്‍ പേരെ ആകര്‍ഷിച്ചിട്ടുണ്ട്. 2004 -ലാണ് കമ്പനി മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുന്നത്. മൂന്നു മാസം കഴിയുമ്പോള്‍ തന്നെ വളര്‍ച്ചയിലേക്കെത്തിയിരുന്നു. ഇന്‍ഫോസിസ് പല തരത്തിലുളള പ്രശ്‌നങ്ങള്‍ മൂലം പിന്നിലാവുകയാണുണ്ടായത്. മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷനില്‍ ടിസിഎസ് കാര്യമായി മുന്നേറ്റമുണ്ടാക്കി. റീട്ടെയില്‍ ബിഎസ്സ്സ്സസി സെഗ്മെന്റിലാണ് കൂടുതല്‍ ബിസ്സിനസ്സ് നേടിയത്. മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജിയുടെ കാര്യത്തില്‍ മുന്നേറേണ്ട രീതിയില്‍ മുന്നേറാന്‍ കമ്പനിക്ക് സാധിച്ചുവെന്നത് പ്രധാനമാണ്. ബിസ്സിനസ്സ് അന്തരീക്ഷം വളരെ അനുകൂലമായിരുന്നുവെന്നതും പ്രധാനമാണ്. കോര്‍പ്പറേറ്റ് ഗവേണന്‍സ് മാത്രമല്ല മറ്റ് പല ഘടകങ്ങളും ഇതില്‍ സഹായകമായിട്ടുണ്ട്.

(ലേഖകന്‍ ഡിബിഎഫ് എസിന്റെ എംഡിയാണ്)

കമ്പനിയ്ക്ക് കൂടുതല്‍ വിശ്വാസ്യതയും വളര്‍ച്ചാസാഹചര്യങ്ങളുമുണ്ട് – കെ.ടി.ജോസഫ്

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വിസിന് ഇന്ത്യയിലെ പ്രമുഖ ബിസ്സിനസ്സ് ഗ്രൂപ്പില്‍ നിന്നുളള സംരംഭമെന്ന നിലയ്ക്ക് പൊതു സമൂഹത്തിന്റെ വലിയ വിശ്വാസ്യത തുടക്കം മുതല്‍ക്കെ ലഭിച്ചിരുന്നു. 2004 -ലാണ് ടിസിഎസും ഇന്‍ഫോസിസും മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുന്നത്. 14 വര്‍ഷം പിന്നിടുമ്പോള്‍ വിപണി മൂല്യത്തില്‍ ടിസിഎസ് ഏറെ മുന്നിലാണ്. മറ്റ് പല കമ്പനികള്‍ക്കും ലഭിക്കാതിരുന്ന പ്രശ്‌നരഹിതമായ സാഹചര്യം ടിസിഎസിന് വളരെ അനുകൂലമായി മാറി. ഇന്‍ഫോസിസിനും മറ്റും പ്രശ്‌നങ്ങള്‍ ഇല്ലാത്ത കാലം തന്നെ വിരളമായിരുന്നു. മാര്‍ക്കറ്റ് പിടിക്കുന്നതിലേക്ക് പുത്തന്‍ സ്ട്രാറ്റജി ആവിഷ്‌കരിച്ച് മുന്നേറുന്നതില്‍ ടിസിഎസ് എന്നും മുന്നിലാണ്. അതിന് കഴിവുറ്റ നേതൃത്വവും ഉണ്ടായിയെന്നതും പ്രധാനമാണ്. രാജേഷ് ഗോപിനാഥിനെപ്പോലുളള മികവുറ്റ പ്രൊഫഷണലുകളുടെ നേതൃത്വം ഈ നേട്ടത്തിന്റെ പിന്നിലുണ്ട്.

(ലേഖകന്‍ സാമ്പത്തിക നിരീക്ഷകനാണ്)