Capturing Business 360°

ഇന്ത്യയിൽ മാള്‍ സംസ്കാരം വളരുന്നു; ഉയരുന്നത് ഇരുന്നൂറിലധികം മാളുകള്‍

ന്യൂഏജ് ന്യൂസ്

ഇന്ത്യയില്‍ ഇത് പുതിയ മാളുകളുടെ വസന്തകാലം. ഈ വര്‍ഷം വിവിധ നഗരങ്ങളിലായി 78 ലക്ഷം ചതുരശ്ര അടി സ്ഥലത്തു പുതിയ മാളുകള്‍ തുറക്കുമെന്നാണ് റിപോർട്ടുകൾ. ചെറുതും വലുതുമായ 200ല്‍ പരം മാളുകളാണ് രാജ്യത്ത് ഉയര്‍ന്നു വരുന്നത്. പ്രമുഖ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ജെ എല്‍ എല്‍ നടത്തിയ പഠനത്തില്‍ 2017നെ അപേക്ഷിച്ച്‌ 40 ശതമാനം വളര്‍ച്ചയാണ് മാളുകളുടെ വിസ്തീര്‍ണ്ണത്തില്‍ ഉണ്ടാകുക. ഇന്ത്യയിലെ പ്രമുഖ ബില്‍ഡിങ് നിര്‍മ്മാണ കമ്പനികളെല്ലാം പുതിയ മാളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. ഡി എല്‍ എഫ്, പ്രസ്റ്റീജ്, എല്‍ ആന്‍ഡ് ടി, നിറ്റീഷ് എസ്റ്റേസ്, നെക്‌സസ് മാല്‍സ്, ബ്രിഗേഡ് ഫീനിക്സ് മില്‍സ് തുടങ്ങി ഒരു പിടി കമ്ബനികള്‍ മാളുകള്‍ പണിതു വരികയാണ്. ഇതിനു പുറമെ പ്രാദേശിക കമ്ബനികളും പുതിയ മാളുകള്‍ നിര്‍മിച്ചു വരികയാണ്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊത്തം രണ്ടു കോടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പുതിയ മാളുകള്‍ വരുമെന്ന് ജെ എല്‍ എല്‍ പഠനം വ്യക്തമാക്കുന്നു. നെക്‌സസ് മാള്‍ പണിയുന്ന പുതിയ മാളുകളുടെ വിസ്തീര്‍ണ്ണം 20 ലക്ഷം ചതുരശ്ര അടി വരും. ഫീനിക്സ് മില്‍ 60 ലക്ഷം ചതുരശ്ര അടി കൂട്ടി ചേര്‍ക്കും. എല്‍ ആന്‍ഡ് ടി ഹൈദരാബാദില്‍ മാത്രം നാലു മാളുകള്‍ പണിയുന്നു. വന്‍ നഗരങ്ങളെക്കാള്‍ ഇടത്തരം നഗരങ്ങളിലാണ് പുതിയ മാളുകള്‍ അധികവും പണി പൂര്‍ത്തിയയായി വരുന്നത്. ചില്ലറ വ്യാപാര രംഗത്തെ വന്‍ വളര്‍ച്ചയാണ് പുതിയ മാളുകള്‍ ഉയരാന്‍ കാരണം. അര്‍ബന്‍ ജനതയുടെ ഇടയില്‍ മാള്‍ സംസ്കാരം കൂടി വരുന്നതും ശക്തമായ കാരണമാണ്.