Capturing Business 360°

ഡോക്ടര്‍മാരുടെ സമരത്തിൽ വിട്ടുവീഴ്ചയില്ലാതെ, ശക്തമായി നേരിടാനൊരുങ്ങി സര്‍ക്കാര്‍; സമരം ജനത്തോടുള്ള യുദ്ധപ്രഖ്യാപനം, സമരം പിൻവലിച്ചാൽ മാത്രം ചർച്ചക്ക് സാധ്യത

www.livenewage.com

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തെ അതിശക്തമായി നേരിടാനൊരുങ്ങി സര്‍ക്കാര്‍. സമരം പരിഹരിക്കാനോ അനുനയ ശ്രമങ്ങൾക്കോ സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തില്ലെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സമരക്കാരുമായി ചര്‍ച്ച നടത്തില്ല. തത്ക്കാലം എസ്മ പോലെയുള്ള നടപടികളും സ്വീകരിക്കില്ല. എന്നാല്‍ സ്ഥലംമാറ്റം അടക്കമുള്ള നടപടികള്‍ സമരക്കാർക്കെതിരെ വന്നേക്കും. സമരം കര്‍ശനമായി നേരിടാന്‍ നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ആരോഗ്യമന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തു. ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമായി നേരിടാനാണു മന്ത്രിസഭായോഗത്തില്‍ ഉണ്ടായിരിക്കുന്ന ധാരണ. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ച മതിയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ല. സമരം ജനത്തോടുള്ള യുദ്ധപ്രഖ്യാപനമായാണ് സർക്കാർ കരുതുന്നത്. അതിനാൽ തന്നെ, സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. സമരം ജനകീയ പ്രതിഷേധത്തിലൂടെ നേരിടാനാണ് നീക്കം. യുവജന സംഘടനകളെയും ഇടതുപക്ഷ പ്രവര്‍ത്തകരെയും ഇതിനായി രംഗത്തിറക്കിയേക്കും. വേണ്ടിവന്നാല്‍ പോലീസിനെ ഇറക്കാനും സര്‍ക്കാര്‍ മടിക്കില്ല.

സമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. തൊഴിലാളി സംഘടനകള്‍ പോലും പതിനഞ്ച് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷമാണ് സമരം നടത്തുന്നത്. അതിനു പോലും മുതിരാതെയാണ് കെ.ജി.എം.ഒ.എ സമരം നടത്തുന്നതെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. ഏകപക്ഷീയമാണ് സമരം. ഒ.പി അടക്കമുള്ള സേവനങ്ങള്‍ തടസ്സപ്പെടുത്തിയുള്ള സമരം അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്. കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കാതെ പദ്ധതി നടപ്പാക്കുന്നത് ആരോഗ്യമേഖലയെ കുഴപ്പത്തിലാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സമരം നാലാം ദിവസത്തേക്ക് കടന്നതോടെ രോഗികള്‍ ഏറെ ദുരിതത്തിലാണ്. ഒ.പി ബഹിഷ്‌കരിക്കില്ല എന്ന് കെ.ജി.എം.ഒ ആദ്യം പറഞ്ഞുവെങ്കിലും അത് പാലിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. പലയിടത്തും ഒ.പിടിക്കറ്റ് കൗണ്ടറുകള്‍ വരെ അടച്ചിട്ടിരിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്. കരാര്‍ ഡോക്ടര്‍മാരേയും മെഡിക്കല്‍ വിദ്യാര്‍ഥികളേയും നിയോഗിച്ചുള്ള ജനറല്‍ ഒപികള്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ആര്‍ദ്രം പദ്ധതി പ്രഖ്യാപിച്ചത്. ഇത്രയും നാള്‍ ആക്ഷേപം ഉന്നയിക്കാത്ത കെ.ജി.എം.ഒ.എ പാലക്കാട് ഒരു ഡോക്ടറെ സസ്‌പെന്റു ചെയ്തതിന്റെ പേരില്‍ പെട്ടെന്ന് സമരം പ്രഖ്യാപിച്ചത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് സര്‍ക്കാര്‍ വാദം.