Capturing Business 360°

ഐസിഎല്‍ ദേശീയതലത്തിലേക്ക‌്; ലക്ഷ്യം 700 കോടി രൂപയുടെ വിറ്റുവരവ‌്

ന്യൂഏജ് ന്യൂസ്‌

കേരളത്തിലെ മുന്‍നിര ബാങ്കിങ് ഇതര ധനകാര്യ സേവന സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ് ലിമിറ്റഡ് നടപ്പു സാമ്പത്തീക വര്‍ഷം ദേശീയതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. നിലവില്‍ 130 ശാഖകളാണ‌് ഐസിഎല്ലിന‌് കേരളം, തമിഴ‌്നാട‌്, കര്‍ണാടകം, ആന്ധ്രാപ്രദേശ‌്, തെലങ്കാന എന്നിവിടങ്ങളിലായി ഉള്ളത‌്‌. ദേശീയതലത്തില്‍ ശാഖകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യം മഹാരാഷ‌്ട്ര, മധ്യപ്രദേശ‌്, ഒഡിഷ എന്നിവിടങ്ങളിലേക്കാകും കടന്നുചെല്ലുകയെന്ന‌് ഐസിഎല്ലിന്റെ ചെയര്‍മാനും മാനേജിങ‌് ഡയറക്ടറുമായ കെ ജി അനില്‍കുമാര്‍ അറിയിച്ചു. 1991ല്‍ ചെന്നൈയില്‍ രജിസ‌്റ്റര്‍ ചെയ‌്ത‌് ഇരിങ്ങാലക്കുടയില്‍ ചെറിയ നിലയില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം ജനങ്ങളുടെ വിശ്വാസ്യത കൈമുതലാക്കിയാണ‌് പടിപടിയായി മുന്നോട്ടുള്ള ചുവടുവയ‌്ക്കുന്നതെന്ന‌് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടപ്പ‌ു സാമ്പത്തീക വര്‍ഷം ശാഖകളുടെ എണ്ണം മൊത്തം 250 ആക്കി ഉയര്‍ത്തുവാൻ ഐസിഎല്‍ ലക്ഷ്യമിടുന്നുണ്ട്.

ബാങ്കിങ‌് സേവനങ്ങള്‍ക്കായി ജനങ്ങള്‍ ബാങ്കുകളേക്കാളും ബാങ്കിങ‌് ഇതര ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന പ്രവണതയാണുള്ളതെന്ന‌് അനില്‍കുമാര്‍ പറഞ്ഞു. ലളിതമായ നടപടിക്രമങ്ങ‌ളും മറ്റ‌് സേവനച്ചാര്‍ജുകള്‍ ഈടാക്കാത്തതും ജനങ്ങളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ‌്. ബാങ്കുകള്‍ ഡിജിറ്റല്‍ സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആവശ്യക്കാരന‌് എത്രയും പെട്ടെന്ന‌് നേരിട്ട‌് സേവനമെത്തിച്ചു നല്‍കുന്ന ബാങ്കിങ‌് ഇതരധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനശൈലിയോട‌് ആഭിമുഖ്യം പുലര്‍ത്തുന്നവരാണേറെയും. ഓരോ സ്ഥലത്തുമുള്ളവര്‍ക്കിണങ്ങുന്ന സേവനങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങൾ ശ്രദ്ധിക്കുന്നുവെന്ന‌് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കേയിന്ത്യയിലുള്ളവര്‍ക്കിടയില്‍ കേരളത്തില്‍നിന്നുള്ള ഇത്തരം സ്ഥാപനങ്ങളോട‌് പ്രത്യേക താല്‍പ്പര്യമുണ്ടെന്നതാണ‌് യാഥാർഥ്യം.

കടപ്പത്രങ്ങളായി ജനങ്ങളില്‍നിന്ന‌് നിക്ഷേപം സ്വീകരിക്കുന്ന ഐസിഎല്‍ 11.5ശതമാനം പലിശനിരക്കാണതിന‌് ലഭ്യമാക്കുന്നത‌്. നിലവില്‍ ഇരുചക്ര വാഹനവായ‌്പകള്‍ നല്‍കുന്ന സ്ഥാപനം അടുത്തുതന്നെ കാര്‍വായ‌്പകളുടെ രംഗത്തേക്കും കടക്കാനുള്ള തയ്യാറെടുപ്പിലാണ‌്. ഇതിനുപുറമേ ഈ രംഗത്താദ്യമായി അംഗങ്ങള്‍ക്ക‌് പ്രിവിലേജ‌് കാര്‍ഡുകള്‍ അവതരിപ്പിക്കും. ഓരോ ഇടപാടുകാരനും ചെയ്യുന്ന ബിസിനസിന്റെ പോയിന്റുകള്‍ അവര്‍ക്കു ലഭ്യമാകുന്ന വിധത്തിലാണിത‌് തയ്യാറാക്കിയിട്ടുള്ളത‌്. ഇടപാടിന്റെ കാലാവധി കഴിയുമ്പോൾ ലോയല്‍റ്റി കാര്‍ഡിന്റെ കാലാവധിയും പൂര്‍ത്തിയാകുമെന്ന‌് അദ്ദേഹം പറഞ്ഞു.

2022ല്‍ 1000 ശാഖകളിലൂടെ ബിസിനസ് 5000 കോടി രൂപയില്‍ എത്തിക്കുകയാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ലക്ഷ്യമെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഒപ്പം 5000 പേര്‍ക്ക് ജോലിയും ഉറപ്പാക്കും. സ്വര്‍ണവായ്പയ‌്ക്കു പുറമെ ബിസിനസ് ലോണ്‍, മണി ട്രാന്‍സ്ഫര്‍, പണയവായ്പകള്‍, ഫോറിന്‍ എക്സ്ചേഞ്ച്, ട്രാവല്‍ ആന്‍ഡ് ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഹോം അപ്ലയന്‍സസ് തുടങ്ങിയ സേവനങ്ങളും ഐസിഎല്‍ ഒരുക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനമേഖല വിപുലമാക്കി.

ഇന്ത്യയിലെ ബാങ്കിങ്ങിതര ധനകാര്യസ്ഥാപനങ്ങളില്‍ വച്ച്‌ ഏറ്റവും കുറവ് പലിശയാണ് ഐസിഎല്‍ ഈടാക്കുന്നതെന്ന് അനില്‍ കുമാര്‍ അറിയിച്ചു. ഐസിഎല്ലിന്റെ സ്വര്‍ണവായ്പാ പലിശ പ്രതിമാസം ഒമ്പത് ശതമാനം നിരക്കില്‍പ്പോലും ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് വായ്പ പലിശ 15 ശതമാനം മാത്രമാണെന്നത് സ്വീകാര്യത വര്‍ധിപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൊത്തം ബിസിനസിന്റെ 80 ശതമാനം വിഹിതം സ്വര്‍ണവായ്പ ബിസിനസില്‍നിന്നും ബാക്കി ബിസിനസ് വായ്പ, ഇരുചക്ര വാഹന വായ്പ, ഗൃഹോപകരണ വായ്പ , ഹയര്‍ പര്‍ച്ചേഴ‌്സ്, മണിട്രാന്‍സ്ഫര്‍, ഫോറെക്സ് എന്നിവയില്‍ നിന്നുമാണുള്ളത്. കുറഞ്ഞ പലിശ നിരക്കില്‍ ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളില്ലാതെ ഇടപാടുകാര്‍ക്ക് എത്രയുംവേഗം കൃത്യതയുള്ള സേവനമെത്തിക്കുന്നതാണ് മുന്നേറ്റത്തിന് കരുത്തു പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു.