Capturing Business 360°

മികച്ച വിളവിന് പതിനഞ്ച് പെണ്‍’ജാതി’കള്‍ക്ക് ഒരു ആണ്‍ ‘ജാതി’

കേരളത്തിന്റെ നാണ്യവിള ശേഖരത്തില്‍ പ്രധാനിയാണ് ജാതി. പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ വിള ഇന്ത്യയുടെ കാര്‍ഷിക മേഖലയിലേക്ക് എത്തിയത്. കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് കേരളത്തില്‍ ജാതികൃഷി വേരൂന്നിയിരിക്കുന്നത്. അന്തരീക്ഷ ഈര്‍പ്പം അധികമുള്ള സ്ഥലങ്ങളിലും 150 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്നതുമായ പ്രദേശങ്ങളിലുമാണ് ജാതി വൃക്ഷം നന്നായി വളരുക.
ജാതിമരങ്ങളില്‍ ആണ്‍ജാതിയും പെണ്‍ജാതിയുമുണ്ട്. പതിനഞ്ച് പെണ്‍ജാതികള്‍ക്കിടയില്‍ ഒരു ആണ്‍ജാതി എന്ന നിലയില്‍ വേണം നടാന്‍. പോളിനേഷന്‍ കൃത്യമായി നടക്കാന്‍ ഇത് വഴിയൊരുക്കും. ഇവ തമ്മില്‍ പരാഗണം നടത്തിയുണ്ടാകുന്ന കായകളും അവ മുളച്ചുണ്ടാകുന്ന പുതിയ തൈകളും പ്രത്യുല്‍പ്പാദന ക്ഷമതയിലും വളര്‍ച്ചാശേഷിയിലും ലിംഗസ്വഭാവത്തിലും ആകൃതിയിലുമെല്ലാം വിഭിന്നരായിരിക്കും.
അതുകൊണ്ടുതന്നെ എലിട്രീസ് എന്ന് വിളിക്കുന്ന ഉല്പാദനക്ഷമത കൂടിയ മരങ്ങളെ തിരഞ്ഞെടുത്ത്, അവയില്‍ നിന്ന് ഗ്രാഫ്റ്റിങ്ങോ ബഡ്ഡിങ്ങോ നടത്തി പുതിയ തൈകള്‍ ഉല്പാദിപ്പിക്കുകയാണ് ജാതിക്ക് അനുയോജ്യമായ പ്രജനനരീതി.
വര്‍ഷത്തില്‍ ശരാശരി 2000 കായകള്‍ നല്‍കുന്ന ജാതിമരങ്ങളെ ഉല്പാദനക്ഷമത കൂടിയ വൃക്ഷമായി കണക്കാക്കാവുന്നതാണ്. നേരിട്ട് വിത്ത് മുളപ്പിച്ച് തൈകള്‍ നടുന്ന കര്‍ഷകര്‍ക്ക് പകുതി മരങ്ങളില്‍ നിന്നു മാത്രമേ ഉല്പാദനം പ്രതീക്ഷിക്കാനാകൂ. കാരണം ജാതിയുടെ തൈകള്‍ ഉല്പാദിപ്പിക്കുബോള്‍ മുളപ്പിച്ചെടുക്കുന്നതില്‍ എത്ര എണ്ണം ആണ്‍മരങ്ങള്‍ ഉണ്ടെന്ന് പ്രവചിക്കാന്‍ കഴിയില്ല. ആണ്‍മരങ്ങളും പെണ്‍മരങ്ങളും രൂപത്തില്‍ സാദൃശ്യമുള്ളവരാണ്. പൂവിട്ടു കഴിയുബോഴാണ് ചെടിയുടെ ലിംഗം തിരിച്ചറിയാനാവുകയുള്ളൂ. അതുകൊണ്ടുതന്നെ പെണ്‍മരങ്ങളുടെ മുകുളങ്ങള്‍ എടുത്ത് ബഡ്ഡിങ്ങോ ഗ്രാഫ്റ്റിങ്ങോ നടത്തിക്കൊണ്ട് ആണ്‍മരങ്ങളെ പെണ്‍മരങ്ങളാക്കി മാറ്റുന്ന രീതി കര്‍ഷകര്‍ അനുവര്‍ത്തിക്കാറുണ്ട്.
മഴക്കാലത്തിന്റെ ആരംഭത്തോടെ ജാതിതൈകള്‍ നടാവുന്നതാണ്. 75 സെന്റിമീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളാണ് തൈകള്‍ നടുന്നതിനായി ഒരുക്കേണ്ടത്. 9 മീറ്റര്‍ അകലം ഇട്ടുവേണം തൈകള്‍ നടാന്‍. തൈ നടുന്നതിന് മുമ്പുതന്നെ ചാണകവും മറ്റ് ജൈവവളങ്ങളുമിട്ട് കുഴി പാകപ്പെടുത്തണം. തൈ വളരാനുള്ള അടിവളമാണ് ഇത്. ഇതിന് ശേഷം പതിനഞ്ച് ദിവസം കഴിഞ്ഞിട്ടാണ് തൈകള്‍ നടുന്നത്. ആദ്യത്തെ ഏതാനും മാസങ്ങളില്‍ തൈകള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആദ്യ രണ്ടുവര്‍ഷക്കാലം 50% തണലും ഏഴാം വര്‍ഷം മുതല്‍ നല്ല സൂര്യപ്രകാശവും ആവശ്യമാണ് ജാതിവൃക്ഷത്തിന്.
രാസവളപ്രയോഗമില്ലാതെ തന്നെ നല്ല വിളവ് നല്‍കുന്ന വിള കൂടിയാണ് ജാതി. ചാണകവും എല്ലുപൊടിയും ജാതിക്ക് നല്‍കാവുന്ന ഉത്തമ ജൈവവളങ്ങളാണ്. വൃക്ഷത്തിന് ചുറ്റും ചെറിയ ചാലുകള്‍ കീറി അതില്‍ ജൈവവളങ്ങള്‍ ഇട്ടുകൊടുക്കുന്ന രീതിയാണ് കര്‍ഷകര്‍ പൊതുവേ ചെയ്തുവരുന്നത്. വര്‍ഷത്തില്‍ രണ്ടു തവണ ഈ വളപ്രയോഗ രീതി നടത്താം.
ആറോ ഏഴോ വര്‍ഷമാകുബോള്‍ ജാതി വിളവ് നല്‍കിത്തുടങ്ങും. പിന്നീടുള്ള ഓരോ വര്‍ഷവും ഉല്പാദനം വര്‍ധിക്കും. 15 മുതല്‍ 20 വര്‍ഷം വരെ വളര്‍ച്ചയെത്തുബോള്‍ പരമാവധി ഉല്പാദനത്തിലേക്കെത്തുകയും ചെയ്യും. വര്‍ഷം മുഴുവന്‍ കായകള്‍ ഉണ്ടാകുമെങ്കിലും ജൂണ്‍ മുതല്‍ ആഗസ്ത് വരെയാണ് നിറഞ്ഞ വിളവിന്റെ സമയം. 9 മാസംകൊണ്ടാണ് പൂക്കള്‍ വളര്‍ച്ച പ്രാപിച്ച് വിളവെടുക്കാന്‍ പാകമാകുന്ന കായകളായി മാറുന്നത്.
ജാതി കായുടെ മാംസളഭാഗമായ പുറംതോട് പിളരുന്നതോടെ വിളവെടുപ്പ് ആരംഭിക്കാം. പുറംതോട് നീക്കം ചെയ്ത് വിത്തും പത്രിയും വെവ്വേറെയാക്കി വേണം സംഭരിക്കാന്‍. ജാതിപത്രി ശുദ്ധജലത്തില്‍ കഴുകിയതിനുശേഷമാണ് ഉണക്കേണ്ടത്. രണ്ടുമണിക്കൂര്‍ ഉണക്കിയാല്‍ വെള്ളം വാര്‍ന്നുകിട്ടും. പിന്നീട് നാലുമണിക്കൂര്‍ നല്ല സൂര്യപ്രകാശം കിട്ടുന്ന രീതിയില്‍ ഉണക്കിയെടുക്കണം. വെയിലില്ലാത്തപക്ഷം ഡ്രയര്‍ മെഷീനില്‍ ഉണക്കിയെടുക്കാവുന്നതാണ്.
കായകളുടെ തോട് പൊട്ടിച്ച് പരിപ്പ് വേര്‍തിരിച്ചെടുക്കലാണ് അടുത്ത സംസ്‌കരണ ഘട്ടം. പരിപ്പ് പൊട്ടിപ്പോകാതെ വേര്‍തിരിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. പിന്നീട് ഗ്രേഡിങ്ങ് നടത്തി പൊട്ടിയവയും ഭാരം കുറവുള്ളവയും മാറ്റുന്നു. വൈബ്രേറ്ററുകള്‍ ഉപയോഗിച്ച് ഗ്രേഡിങ്ങ് എളുപ്പമാക്കാം. അതിനുശേഷം ഡ്രയറില്‍വെച്ച് ഉണക്കിയെടുക്കുന്നതോടെ എല്ലാ കായകളും ഒരേ ഉണക്കിലാകുന്നു.
ജാതികൃഷിയില്‍ കര്‍ഷകര്‍ക്ക് വിനയായി മാറുന്ന ഒന്നാണ് നൈമ്ബാക്ക് രോഗം. ജാതിമരത്തിന്റെ ശിഖരങ്ങള്‍ ഉണങ്ങിപ്പോകുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. രോഗബാധിതമായ മരം മുഴുവനായി ഉണങ്ങി നശിക്കുന്നു. രോഗം വന്ന ശിഖരങ്ങള്‍ മുറിച്ചുമാറ്റുകയാണ് പ്രതിവിധി. മുറിച്ച മാറ്റിയ ശിഖരഭാഗങ്ങളില്‍ ബോഡോ മിശ്രിതം പുരട്ടാം. കായ്ചീയല്‍ എന്ന രോഗവും ജാതികൃഷിയില്‍ ബാധിക്കാറുണ്ട്. മൂപ്പാകുന്നതിന് മുമ്പ് കായകള്‍ പൊഴിയുകയും പെട്ടെന്ന് അഴുകുകയും ചെയ്യുന്നു. ഇതിന് പ്രതിവിധിയായി ജാതിക്കായകള്‍ പകുതി മൂപ്പെത്തുബോള്‍ ഒരു ശതമാനം വീര്യത്തില്‍ ബോഡോ മിശ്രിതം തളിച്ചുകൊടുക്കാവുന്നതാണ്.
ഇന്തോനേഷ്യ, ഇന്ത്യ, ചൈന, മലേഷ്യ, കരീബിയന്‍ ദ്വീപുകള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ജാതിയെന്ന സുഗന്ധവ്യഞ്ജനത്തിന്റെ ലോക ഉല്പാദകര്‍. ആകെ നടക്കുന്ന കയറ്റുമതിയില്‍ പകുതിയും സംഭാവന ചെയ്യുന്ന രാജ്യം ഇന്തോനേഷ്യയാണ്. എന്നാല്‍ അന്താരാഷ്ട്ര ഉപയോഗത്തിനനുസൃത്യമായ ഉല്പാദനം ഇല്ലെന്നതാണ് വാസ്തവം. ഇന്ത്യക്ക് ജാതികൃഷിയില്‍ ഉണ്ടാക്കാവുന്ന നേട്ടത്തിന്റെ സൂചനകളാണ് ഇതിലൂടെ വ്യക്തമാകുന്നത്. നല്ല ഗുണനിലവാരത്തോടെ ജാതിക്കായ ഉല്പാദിപ്പിച്ച് നല്‍കാന്‍ കഴിഞ്ഞാല്‍ ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് ഈ സുഗന്ധവ്യഞ്ജനത്തിന്റെ പേരില്‍ പെരുമ നേടാം.