Capturing Business 360°

‘അസറ്റ് ഹോംസ്’ പുതിയ ഭവന പദ്ധതികൾ പ്രഖ്യാപിച്ചു

കൊച്ചി: അസറ്റ് ഹോംസ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 925 കോടി രൂപയുടെ 16 പുതിയ ഭവന പദ്ധതികള്‍ക്ക് തുടക്കമിടും. ഈ പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി 1,600 വീടുകള്‍ നിര്‍മ്മിക്കുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉപഭോക്താക്കളുടെ എണ്ണത്തില്‍ 31 ശതമാനവും വിറ്റുവരവില്‍ 29 ശതമാനവും വര്‍ദ്ധനയുണ്ടായി. ‘ശരിയ’ നിയമങ്ങള്‍ പാലിക്കുന്ന കെട്ടിടങ്ങള്‍ക്ക് യുണൈറ്റഡ് വേള്‍ഡ് ഹലാല്‍ ഡെവലപ്പ്‌മെന്റ് നല്‍കുന്ന ശരിയ കംപ്ലയൻസ് സര്‍ട്ടിഫിക്കറ്റിന് വെസ്റ്റ് കൊച്ചിയിലെ അസറ്റ് ജെനസിസ് അര്‍ഹമായി. മേയ് അഞ്ചിന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ ഇതേറ്റുവാങ്ങും. അസറ്റ് ജെനസിസിലേക്ക് പ്രീലോഞ്ച് ബുക്കിംഗ് സൗകര്യമുണ്ട്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ട പദ്ധതിയിലെ കഴക്കൂട്ടം സാബത്തികേതര മേഖലയിലുള്ള സര്‍വീസ്ഡ് അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മ്മാണം ഉടനാരംഭിക്കും. 100 ചതുരശ്രയടി മുതല്‍ 1,500 ചതുരശ്രയടി വരെ വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്‌മെന്റുകളുണ്ടാവും. ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് ചോറ്റാനിക്കര കുരീക്കാടില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക ഭവനപദ്ധതിയും നടപ്പാക്കുന്നുണ്ട്.
ഉപഭോക്താക്കള്‍ക്ക് അസറ്റ് ഹോംസിന്റെ കെട്ടിട നിര്‍മ്മാണ മികവ് നേരില്‍കണ്ട് ബോദ്ധ്യപ്പെടാനായി ഏപ്രില്‍ 16 മുതല്‍ 30 വരെ ക്വാളിറ്റി ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള പ്രൊജക്ട് സൈറ്റുകള്‍ സന്ദര്‍ശിച്ച് മികവ് വിലയിരുത്താന്‍ ഫെസ്റ്റിവലിലൂടെ സൗകര്യം ഒരുക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.