Capturing Business 360°

വളര്‍ത്താം വീട്ടിലൊരു കറിവേപ്പിന്‍ തൈ

ഏറ്റവും കൂടുതല്‍ നാം ഉപയോഗിക്കുന്നതും എല്ലാ ഭക്ഷണത്തിലും ഉള്‍പ്പെടുത്തുന്നതുമായ ഒരു രാജകീയ സുഗന്ധവ്യഞ്ജനമാണ് കറിവേപ്പില. പണ്ട് നമ്മുടെ ഓരോ പുരയിടത്തിലും ഒന്നോ രണ്ടോ അതിലധികമോ കറിവേപ്പിന്റെ തൈകള്‍ നട്ടുവളര്‍ത്തുമായിരുന്നു. എന്നാലിപ്പോള്‍ പലകൂട്ടുകുടുംബങ്ങളും അണുകുടുംബങ്ങളായിമാറുകയും അങ്ങനെ പുരയിടകൃഷി അന്യം നില്‍ക്കുകയും ചെയ്തതോടെ പച്ചക്കറികളുടെ അവസ്ഥയെയാണ് നിത്യോപയോഗ ഇലയായ കറിവേപ്പിലയ്ക്കും നേരിടേണ്ടി വന്നിരിക്കുന്നത്. അങ്ങനെ എല്ലാ പച്ചക്കറികള്‍ക്കും അന്യസംസ്ഥാനക്കാരെ ആശ്രയിക്കുന്ന നാം ഇതിനും അവരുടെ മുമ്പിൽ കൈനീട്ടി നില്‍ക്കേണ്ട അവസ്ഥയാണിപ്പോള്‍.
കടുത്ത വിഷകീടനാശിനികളില്‍ മുക്കിയെടുത്ത് ‘ഭംഗി’ കൂട്ടി പച്ചക്കറികള്‍ നല്‍കുന്നതുപോലെത്തന്നെയാണ് കറിവേപ്പിലയും ഇപ്പോള്‍ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരു പുഴുക്കുത്തുപോലുമേല്‍ക്കാത്ത നല്ലവൃത്തിയുള്ള കറിവേപ്പിലയുടെ ആരാധകരായ നമ്മള്‍ അറിയുന്നില്ല, അറിയാതെ നാം അകത്താക്കുന്ന ഒട്ടേറെ മാരക കീടനാശിനികളെക്കുറിച്ച്. സംസ്ഥാന മായപരിശോധനാ ലാബില്‍ പരിശോധിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ മാരകമായ വിഷവസ്തുക്കളടങ്ങിയ ഭഷ്യവിഭവത്തില്‍ ഒന്നാം സ്ഥാനത്താണ് നമ്മുടെ കറിവേപ്പില. ആയതിനാല്‍ത്തന്നെ പുരയിടങ്ങളില്‍ ഒരുകറിവേപ്പിലത്തൈ നടുവളര്‍ത്തേണ്ടത് ഇന്നിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്.

തനി ഭാരതീയന്‍
കറിവേപ്പിലയുടെ ജന്മദേശം ഇന്ത്യയാണ്. നമ്മള്‍ വ്യാപകമായി വളര്‍ത്തുന്നതും എല്ലാ ഭക്ഷണസാധനങ്ങളിലും ഉപയോഗിക്കുന്നതുമായതിനാല്‍ത്തന്നെ ഭാരതമൊട്ടുക്കും നട്ടുവളര്‍ത്തിവരുന്നു. ഭക്ഷണ വസ്തുക്കളുടെ സ്വാദ് വര്‍ധിപ്പിക്കുന്നതോടൊപ്പം തന്നെ അതിന് നല്ല നറുമണം പ്രദാനം ചെയ്യാനും ദഹനശേഷി വര്‍ദ്ധിപ്പിക്കാനും കറിവേപ്പിന് കഴിയുന്നു. പ്ലാനറ്റേ സാമ്രാജ്യത്തിലെ മാഗ്‌നോലിയേപൈറ്റ വിഭാഗത്തില്‍പ്പെട്ട മുറൈയ ജനുസില്‍പ്പെട്ട എം.കോയെനിഗി വര്‍ഗക്കാരനാണ് കറിവേപ്പില. മുറൈയകോയെനിഗി എന്നാണ് ശാസ്ത്രനാമം. കുറ്റിച്ചെടിയായാണ് കറിവേപ്പില വളര്‍ന്നുകാണുന്നത്. ഇതിന്റെ ഏറ്റവും വലിപ്പം കൂടിയ ചെടികള്‍പോലും 15 മീറ്ററിനപ്പുറത്തേക്ക് ഉയര്‍ന്നു വളരാറില്ല.
സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരമുള്ള സ്ഥലങ്ങളില്‍ വരെ നന്നായി വളരുന്നു. മിതമായ സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്ന സഥലങ്ങളില്‍ ധാരാളമായി വളരുന്നു. കറുപ്പു നിറത്തിലാണ് ഇതിന്റെ കാണ്ഡങ്ങള്‍. സാധാരണ കറുപ്പു നിറത്തിലാണ് കാണുന്നതെങ്കിലും ചിലതില്‍ ചാരനിറത്തിലുള്ള പുള്ളികളുമുണ്ടാകാം. കാണ്ഡത്തില്‍നിന്നു വിരിയുന്ന ഞെട്ടില്‍ ഇലകള്‍ സമാന്തര രീതിയില്‍ നിരനിരയായി കാണപ്പെടുന്നു. വെളുത്ത ചെറിയ പൂക്കളും പച്ചനിറത്തില്‍ വന്ന് കറുപ്പുനിറമായി മാറുന്ന കായകളുമുണ്ടാകും. പരാഗണം വഴിയാണ് കായകളുണ്ടാകുന്നതെങ്കിലും പ്രധാനമായും പ്രത്യുത്പാദനം നടക്കുന്നത് വേരുകള്‍പൊട്ടിമുളച്ചുണ്ടാകുന്ന തൈകള്‍ മുഖേനയാണ്.

കൃഷിരീതി
നല്ല തരത്തിലുള്ള തൈകളായിരിക്കണം.നടാന്‍ തിരഞ്ഞെടുക്കേണ്ട വേരുപോകുന്നിടത്തുനിന്ന് നേരിട്ട് പറിച്ചെടുക്കുന്ന തൈകള്‍ ഉപയോഗിക്കാം വീടുകളില്‍ ഒന്നോ രണ്ടോ തൈകള്‍ വെക്കുന്നവര്‍ നഴ്‌സറികളില്‍ നിന്ന് കരുത്തുള്ള തൈകള്‍ തിരഞ്ഞെടുത്താല്‍ മതി. നടാന്‍ സ്ഥലമില്ലാത്ത നഗരവാസികള്‍ക്ക് വലിയ ചട്ടിയിലും ചെടിവളര്‍ത്താം. വിത്ത് മുളച്ചുണ്ടാകുന്ന തൈകളും വേരില്‍നിന്നുപൊട്ടുന്ന തൈകളും ഉപയോഗിക്കാറുണ്ട്. ചട്ടിയിലാണ് വളര്‍ത്തുന്നതെങ്കില്‍ ചെടി വലുതാകുന്നതനുസരിച്ച് ചട്ടിമാറ്റി വലിയ പാത്രങ്ങളിലേക്ക് നട്ടുകൊടുക്കണം.
ചെടിനടാന്‍ കുഴിയെടുക്കുമ്‌ബോള്‍ നല്ല നീര്‍വാര്‍ച്ചയുള്ളിടത്തായിരിക്കണം. ഒരടി നീളവും വീതിയും ആഴവുമുള്ള കുഴിയായിരിക്കണം എടുക്കേണ്ടത്. കുഴിയില്‍ കാലിവളം, മണല്‍, മണ്ണ്, ഓരോ കുഴിക്കും 100ഗ്രാം വേപ്പിന്‍പിണ്ണാക്ക്, 50ഗ്രാം കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേര്‍ത്തതിനുശേഷം അതില്‍ മുക്കാലടിയുള്ള പിള്ളക്കുഴിയെടുത്ത് തൈ നടാവുന്നതാണ്. വേനല്‍ക്കാലത്താണ് നടുന്നതെങ്കില്‍ ഒന്നരാടന്‍ നനച്ചുകൊടുക്കണം. വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലമായിരിക്കണം തൈ നടാന്‍ തിരഞ്ഞെടുക്കേണ്ടത്. സൂര്യപ്രകാശവും ലഭിക്കണം. ചെടിവളരുന്നതിനനുസരിച്ച് മൂന്നുമാസത്തിലൊരിക്കല്‍ മുരടില്‍നിന്ന് ഒരടിവിട്ട് ചുവടുകിളച്ച് കാലിവളം ചേര്‍ത്തിളക്കിക്കൊടുക്കണം. നന്നായി നനച്ചും കൊടുക്കണം. കൊമ്ബ് വലുതായിവരുമ്‌ബോള്‍ കൊമ്ബ് കോതിക്കൊടുക്കണം. എന്നാല്‍ കൂടുതല്‍ ചില്ലകള്‍ ഇടതൂര്‍ന്ന് വലുതായിവരും.

കീടങ്ങള്‍
സൈലിഡ് എന്ന കീടവും നാരകവര്‍ഗവിളകളെ ബാധിക്കുന്ന ശലഭപ്പുഴുക്കളുമാണ് കറിവേപ്പിനെ ബാധിക്കുന്ന കീടങ്ങള്‍. കൂടാതെ തേയിലക്കൊതുകിന്റെ ആക്രണവും സാധാരണയായി കണ്ടുവരുന്നു. ചെടിയുടെ തണ്ടിലും ഇലയിലും വെളുത്തപാടപോലെ പറ്റിക്കിടക്കുന്ന ഒരുതരം ഫംഗസ്സും ഇതിന്റെ ശത്രുവാണ്. ചീരച്ചെടികളെ സാധാരണമായി ബാധിക്കുന്ന ഇലപ്പുള്ളിരോഗവും മൊസൈക്ക് രോഗവും സര്‍വസാധാരണമാണ്.
വേപ്പെണ്ണ എമെല്‍ഷന്‍, വേപ്പധിഷ്ഠിത കീടനാശിനികള്‍ എന്നിവ കറിവേപ്പിലയിലെ കീടബാധയ്ക്കും രോഗബാധയ്ക്കും ഉത്തമമാണ്. രാസകൃഷിയില്‍ വളരെയധികം കടുത്ത രാസവസ്തുക്കള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. മേട്ടുപ്പാളയം ഭാഗങ്ങളിലും തമിഴ് നാടിന്റെ മറ്റുപല ഭാഗങ്ങളിലും നിരോധിച്ച എന്‍ഡോസള്‍ഫാന്‍ വരെ തളിക്കുന്നുണ്ട്. പറിച്ചെടുത്താലും കുറേക്കാലം ഫ്രഷായി നില്‍ക്കാന്‍ വേണ്ടി വിളവെടുപ്പിന്റെ സമയത്തും കീടനാശിനി തളിക്കുന്നതിനാലാണ് പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ കീടനാശിനി വിഷാംശം നിലനില്‍ക്കുന്നയിനമായി കറിവേപ്പിലമാറുന്നത്.

കറിവേപ്പിലയുടെ ഗുണങ്ങള്‍
ജീവകം എ.യുടെ നല്ല കലവറയാണ് കറിവേപ്പില. ദഹനത്തെ നന്നായി സഹായിക്കുന്ന ഇതില്‍ ജലം 36.3ഗ്രാം, ജീവകം എ 140 ശതമാനം, റൈബോഫ്‌ളേവിന്‍ 14 ശതമാനം, കാത്സ്യം 85 ശതമാനം, ഇരുമ്പ് 56 ശതമാനം എന്നിങ്ങനെയും ജിവകം ബി 13യും അടങ്ങിയിരിക്കുന്നു.
ദഹനക്കേടിനും മനംപിരട്ടലിനും കറിവേപ്പില ചതച്ച് മോരില്‍ച്ചേര്‍ത്ത് കഴിച്ചാല്‍ മതി. കാഴ്ചശക്തി വര്‍ധിപ്പിക്കാനും തിമിരബാധയൊഴിവാക്കാനും കറിവേപ്പിലയ്ക്ക് ശക്തിയുണ്ട്. അകാലനരയൊഴിവാക്കാനും തലമുടി നന്നായി വളരാനും കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തലയില്‍ തേക്കുന്നതും നല്ലതാണ്.

2 thoughts on “വളര്‍ത്താം വീട്ടിലൊരു കറിവേപ്പിന്‍ തൈ

  1. ഏറ്റവും ഗുണമേന്മയുള്ള വേപ്പിൻ തൈകൾ ഞങ്ങൾ വിതരണം ചെയ്യുന്നുണ്ട്. താല്പര്യം ഉള്ളവർ ബന്ധപെടുക 04842415177

  2. ഇതിനപ്പുറം മറ്റൊര് പ്രധാന ഗുണമുണ്ട് കറിവേപ്പിലയ്ക്ക്.? കൊളസ്ട്രോൾ നീയന്ത്രിക്കാൻ നല്ലതാണ്.

Comments are closed.