Capturing Business 360°

ഹാഷ് ഫ്യൂച്ചര്‍: ബാങ്കിംഗ്, റീട്ടെയില്‍ മേഖലയിലെ സാങ്കേതികമാറ്റങ്ങളും കേരളവും ചര്‍ച്ചാവിഷയമാകൂം

കൊച്ചി: ബാങ്കിംഗ് മേഖലയിലും റീട്ടെയില്‍ വിപണിയിലും കഴിഞ്ഞ കാലങ്ങളിലുണ്ടായ വിപ്ലവകരമായ ഡിജിറ്റല്‍ സാങ്കേതികവിദ്യാ മാറ്റങ്ങള്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ ചര്‍ച്ചയാകുമ്പോള്‍ പ്രതീക്ഷയോടെ കേരളം. ‘ഡിജിറ്റല്‍ ഫ്യൂച്ചര്‍ ഓഫ് ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് റീട്ടെയില്‍’ എന്നതാണ് പാനല്‍ ചര്‍ച്ചയുടെ വിഷയം. കൊച്ചിലെ മെറഡിയന്‍ ഹോട്ടലില്‍ മാര്‍ച്ച് 22, 23 തിയതികളിലായാണ് ആഗോള ഡിജിറ്റല്‍ ഉച്ചകോടി നടക്കുന്നത്.
ആഗോള ഇന്‍ഫര്‍മേഷന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ പിസിസിഡബ്ലിയൂവിന്റെ എംഡിയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ബി.ജി ശ്രീനിവാസ്, കെപിഎംജി ഇന്ത്യഫിനാന്‍ഷ്യല്‍ വിഭാഗം മേധാവി ഗായത്രി പാര്‍ത്ഥസാരഥി, ഹാര്‍വാര്‍ഡ് സര്‍വകലാശാല ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്‍ഡ് ഇക്കണോമിക്‌സ് പ്രൊഫസര്‍ ഡോ. ഗീതാ ഗോപിനാഥ്, ഫെഡറല്‍ ബാങ്ക് സിഇഒയും എംഡിയുമായ ശ്യാം ശ്രീനിവാസന്‍, റെഡ് ഹാറ്റ് ഇന്ത്യ എംഡി രാജേഷ് റെഗെ, സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഉന്നതാധികാര സമിതി അംഗം രാജേഷ് നായര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. പ്രശസ്ത മാധ്യമപ്രവര്‍ത്തക ഷെറീന്‍ ബാന്‍ മോഡറേറ്ററാകും.

പരമ്പരാഗത ബാങ്കിംഗ് രീതികളെ തകിടം മറിക്കുന്ന മാറ്റങ്ങളും പണിമിടപാടിനുള്ള ആപ്പുകളും ബാങ്കുകളുടെ വിപണി പങ്കാളിത്തത്തിന് കനത്ത ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഈ ചര്‍ച്ച. ഉപഭോക്താക്കളും റീട്ടെയില്‍ ഇടപാടുകളില്‍ സാങ്കേതികവിദ്യ കൂടുതലായി ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ 2020 ആകുമ്പോഴേക്കും ബാങ്കുകളുടെ വരുമാനത്തില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അടുത്തിടെ അക്‌സഞ്ചര്‍ നടത്തിയ സര്‍വേ പ്രകാരം അമേരിക്കയിലെ ബാങ്കിംഗ് ഉപഭോക്താക്കളില്‍ 71 ശതമാനവും ക്രയവിക്രയത്തിനു വേണ്ടി മാത്രമാണ് ബാങ്കുകളെ ആശ്രയിക്കുന്നത്. അതേ സമയം 27 ശതമാനം ആളുകള്‍ പൂര്‍ണമായും ബ്രാഞ്ച് രഹിത ബാങ്കിംഗ് വേണമെന്ന് വാദിക്കുന്നു.
ഈ വളര്‍ച്ചയുമായി ബന്ധപ്പെട്ട് ബാങ്കിംഗ് മേഖലയുടെ ഭാവി, ഓണ്‍ലൈന്‍ വ്യാപാര അന്തരീക്ഷത്തില്‍ വ്യവസായത്തിനുള്ള പ്രസക്തി, ചില്ലറ വില്‍പന നിലനിന്നു പോകുന്നതിലെ വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളില്‍ അടുത്ത ഒരു ദശാബ്ദത്തിലുണ്ടാകാന്‍ പോകുന്ന വ്യതിയാനങ്ങളെക്കുറിച്ച് പാനല്‍ വിശദമായി ചര്‍ച്ച ചെയ്യും. ഡിജിറ്റല്‍ സാക്ഷരതയിലും മൊബൈല്‍ സാന്ദ്രതയിലും ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് ഇതൊരു സുവര്‍ണാവസരമാണെന്നതും ഈ സാധ്യതകള്‍ എങ്ങിനെ ഉപയോഗപ്പെടുത്താമെന്നതും സംവാദത്തില്‍ ഉയര്‍ന്നു വരും.
ആഗോളതലത്തിലെ ഉന്നതരായ പ്രൊഫഷണലുകള്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, സ്വകാര്യവ്യക്തികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നായി 2000ഓളം പ്രതിനിധികളാണ് ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടിയിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ തുടരുകയാണ്. www.towardsfuture.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.