Capturing Business 360°

സാമ്പത്തിക തട്ടിപ്പുകാരെ വരുതിയിലാക്കാന്‍

രാജ്യത്ത് പല തരത്തിലുളള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയതിനു ശേഷം രാജ്യം വിടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഉയരുകയാണ്. ഇതില്‍ നല്ലൊരു ശതമാനം വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തതിനു ശേഷം തിരിച്ചടക്കാതെ കടന്നു കളയുന്ന കേസുകളുമാണ്. വിജയ് മല്യ, നീരവ് മോദി, മെഹില്‍ ചോക്‌സി, വിക്രം കോത്താരി തുടങ്ങിയ വമ്പന്മാര്‍ ഈ തട്ടിപ്പ് കഥകളിലെ കോടികള്‍ തട്ടിച്ചു മുങ്ങിയ പ്രതികളാണ്. നമ്മുടെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ നല്ലൊരു ശതമാനം ഇത്തരക്കാര്‍ക്ക് അനധികൃതമായി അനുവദിച്ചു നല്‍കിയ വായ്പാത്തുകയാണെന്നത് യഥാര്‍ത്ഥ്യമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഈ വര്‍ഷം കിട്ടാക്കടമെന്ന പേരില്‍ എഴുതിത്തളളിയത് 20,300 കോടി രൂപയാണെന്നത് ഈ തട്ടിപ്പിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നുണ്ട്. കാലങ്ങളായി പല തരത്തിലുളള സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി സാധാരണക്കാരന്റെ പണവുമായി നാടുവിടുന്ന പ്രവണത മാറ്റമില്ലാതെ തുടരുകയാണ്. നിയമത്തിന്റെ പഴുതുപയോഗിച്ച് ഇത്തരക്കാര്‍ ശിക്ഷയില്‍ നിന്നൊഴിവാകുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരം തട്ടിപ്പുകാര്‍ക്ക് കടിഞ്ഞാണിടുകയെന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്ലിന് രൂപം നല്‍കിയിരിക്കുകയാണ്. സാമ്പത്തിക തട്ടിപ്പുനടത്തി നാടുവിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുളള വ്യവസ്ഥകള്‍ ഉള്‍ക്കൊളളുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇതിനി പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ തന്നെ അവതരപ്പിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും വ്യക്തമാക്കിയിട്ടുണ്ട്. വായ്പ കൊടുത്ത് തിരിച്ചടക്കാത്തവരുടെയും വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നവരുടെയും എല്ലാത്തരം സ്വത്തുക്കളും കണ്ടുകെട്ടാന്‍ ബില്ലില്‍ വ്യവസ്ഥചെയ്യുന്നു. വായ്പ അതിവേഗം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യമാണ് ഇതിലുളളത്. 100 കോടി രൂപയോ അതിനു മുകളിലോ ഉളളതട്ടിപ്പുകള്‍ക്കാണ് ഈ നിയമം ബാധകമാവുക. കോടതികള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വ്യക്തി ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കുന്നതിനായി രാജ്യം വിടുകയോ ഇന്ത്യയിലേക്കു തിരിച്ചു വരാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍ അയാള്‍ വിചാരണ നേരിടേണ്ടി വരുമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. ഈ ബില്‍ നിയമമാവുമ്പോള്‍ പഴയതും പുതിയതുമായ കേസുകള്‍ക്ക് അതുബാധകമാവും. ആഡിറ്റര്‍മാര്‍ വരുത്തുന്ന പിഴവുകള്‍ നിയന്ത്രിക്കാന്‍ ദേശീയ സാമ്പത്തിക റിപ്പോര്‍ട്ടിങ് ഏജന്‍സിക്ക് രൂപം നല്‍കാനും തീരുമാനമായിട്ടുണ്ട്. രാജ്യത്ത് ബാങ്കിങ് മേഖല കൊളളയടിക്കപ്പെടുന്ന രീതിയില്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമം ശക്തമാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ നിയമനിര്‍മ്മാണമല്ലാ നിയമം നടപ്പാക്കലാണ് പ്രധാനമെന്ന അഭിപ്രായം ശക്തമാണ്. അത് ഉണ്ടാകണം. ഉളള നിയമം പഴുതുകളില്ലാത്ത വിധം കര്‍ശനമാവുകയും വേണം. അതല്ലെങ്കില്‍ നീരവ് മോദിമാരും മല്യമാരുമൊക്കെ രാജ്യത്തെ കൊളളയടിക്കുന്നത് ഇനിയും നിര്‍ബാധം തുടരും.

നിയമം വരുന്നത് ഉചിതം, എങ്ങനെയെന്നത് പ്രധാനം – വി.ടി.ബല്‍റാം

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ മൊത്തത്തില്‍ കൊളളയടിക്കപ്പെടുകയാണ്. ഇതിന് തടയിടാന്‍ ഇത്തരത്തില്‍ നിയമം ഉണ്ടാകേണ്ടത് ആവശ്യമാണ്. എന്നാല്‍ ഈ നിയമം എങ്ങനെയുളളതാണെന്നത് കണ്ടറിയണം. സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നത് കുറ്റം ചെയ്തയാളിന്റെ പേരിലോ ബിനാമി പേരിലോ ഉളള സ്വത്തുക്കള്‍ മാത്രമാണോയെന്നത് വ്യക്തമാക്കണം. നിയമത്തില്‍ ഇനിയും പഴുതുകള്‍ നല്‍കി തട്ടിപ്പു വീരന്മാര്‍ രക്ഷപ്പെടാന്‍ ഇടയാവരുത്. നിലവിലെ വിവാദങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഒരു തന്ത്രപരമായ നീക്കമായി ഇതു മാറുമോയെന്നതും അറിയേണ്ടതുണ്ട്. നിലവില്‍ നിയമത്തിലുളള പോരായ്മകള്‍ പരിഹരിച്ചുകൊണ്ടുളള നിയമനിര്‍മ്മാണത്തിന്റെ ആവശ്യകതയുണ്ട്. ധനകാര്യസ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെയുളള സമീപനം പുലര്‍ത്തേണ്ടതും ആവശ്യമാണ്. തട്ടിപ്പുകാര്‍ക്ക് രക്ഷനേടാന്‍ ഇടംകൊടുക്കാത്ത രീതിയില്‍ നിയമമുണ്ടാക്കുന്നത് ഉചിതം തന്നെയായിരിക്കും.

(കോണ്‍ഗ്രസ് നിയമസഭാംഗമാണ് ലേഖകന്‍)

പുതിയ നിയമം പഴുതുകളില്ലാതെ വേണം – കെ.ടി.ജോസഫ്‌

സാമ്പത്തിക തട്ടിപ്പ് നടത്തി നിയമം വെട്ടിച്ച് കടന്നുകളയുന്നവരുടെ എണ്ണം ഉയരുകയാണ്. ഇവര്‍ അതിസമ്പന്നരുടെ നടുവില്‍ നിന്നുകൊണ്ടാണ് സാധാരണക്കാരന്റെ പണം കൊളളയിടുന്നതെന്നതാണ് ചിന്തിക്കേണ്ട കാര്യം. അതിന് രാഷ്ട്രീയ രംഗത്തു നിന്നും ഔദേ്യാഗിക രംഗത്തുനിന്നുമെല്ലാം വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നു തന്നെയാണ് തെളിയുന്നത്. ഇതില്‍ ഏതെങ്കിലും കക്ഷികള്‍ക്കു മാത്രമല്ല, എല്ലാ ഭരണകാലവും ഇതു സംഭവിക്കുന്നുണ്ട്.
വളരെ കര്‍ശനമായ രീതിയില്‍ നിയമമുണ്ടാവുകയും പഴുതുകളില്ലാതെ അത് നടപ്പാക്കുകയും ചെയ്യണം. പുതിയ നിയമം വരുന്നുവെങ്കില്‍ അത് പഴുതുകളടച്ച് തട്ടിപ്പുകാര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കാത്ത വിധത്തില്‍ തന്നെ നടപ്പാക്കണം. നിയമം കര്‍ശനമാവുകയാണ് ഇതിനുളള ഏക പരിഹാരമാര്‍ഗ്ഗം.

(സാമൂഹിക നിരീക്ഷകനാണ് ലേഖകന്‍)

സാമ്പത്തിക തട്ടിപ്പുകള്‍ക്ക് അറുതി വരുത്തണം – അഡ്വ.പി.വി.സുരേന്ദ്രന്‍

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ ഇന്ന് സമാനതകളില്ലാത്ത തരത്തില്‍ ഉളള തട്ടിപ്പുകളാണ് അരങ്ങേറുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന 12,000 കോടി രൂപയുടെ തട്ടിപ്പില്‍ ഇനിയും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. മറ്റ് ബാങ്കുകളില്‍ നിന്നും തട്ടിപ്പിന്റെ കഥകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഈ സംഭവങ്ങളിലെല്ലാം പ്രതിസ്ഥാനത്തുളളവര്‍ വലിയ ബിസ്സിനസ്സ് പാരമ്പര്യവും കോടികളുടെ ആസ്തിയുമുളളവരാണ്. ഇത്തരക്കാര്‍ക്ക് അവരുടെ വായ്പകള്‍ തിരിച്ചടക്കാന്‍ വേണ്ട സാമ്പത്തിക അടിത്തറയുണ്ട്. എങ്കിലും മനപ്പൂര്‍വ്വം അതില്‍ വീഴ്ച വരുത്തി ഒടുവില്‍ വിദേശങ്ങളിലേക്ക് കടന്നുകളയുകയാണ്. ഇത് വലിയ സ്വാധീനം ഉളളതുകൊണ്ട് മാത്രം സാധിക്കുന്നതാണ്. സാധാരണക്കാരുടെ വായ്പകള്‍ തിരിച്ചു പിടിക്കാന്‍ നമ്മുടെ ബാങ്കുകള്‍ കാട്ടുന്ന അത്യുത്സാഹം ഇത്തരം കാര്യങ്ങളില്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്നത് ചിന്തിക്കണം. ബാങ്കിന്റെ ഉന്നതങ്ങളില്‍ നിന്നുളള സഹായം ഇത്തരക്കാര്‍ക്ക് ഉണ്ടാകുന്നുണ്ടെന്നുതന്നെയാണ് തെളിയുന്നത്. ഇതില്‍ പുതിയ നിയമം വഴി എന്താണ് ഉണ്ടാകുന്നതെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

(ലേഖകന്‍ ഐഎന്‍ടിയുസി നേതാവും സാമൂഹിക നിരീക്ഷകനുമാണ്)