Capturing Business 360°

വീണ്ടുമിതാ വാനിലക്കാലം; വിലക്കയറ്റത്തിൽ പ്രതീക്ഷയോടെ കര്‍ഷകര്‍

കേരളത്തില്‍ ഇടുക്കി, വയനാട്, എറണാകുളം എന്നിവിടങ്ങളിലാണ് വാനില കൃഷിചെയ്തുവരുന്നത്. വര്‍ഷത്തില്‍ 150 മില്ലി വരെ മഴ ലഭിക്കുന്നതും ഈര്‍പ്പവും ചൂടുമുള്ളതുമായ പ്രദേശങ്ങളിലാണ് വാനില നന്നായി വളരുന്നത്.1990കളില്‍ കേരളത്തിലെക്കെത്തിയ കാര്‍ഷിക വിളയായാണ് വാനില. വാനിലയുടെ ഉല്‍പ്പാദനകേന്ദ്രമായ മഡഗാസ്‌കറില്‍ ഉല്‍പ്പാദനം കുറഞ്ഞതായിരുന്നു ഇന്ത്യയില്‍ വാനില കൃഷി സജീവമായതിനും, വിപണിയില്‍ വിലയേറിയതിനും കാരണം. പച്ചവാനിലയ്ക്ക് 5000 രൂപയും, ഉണക്കവാനിലയ്ക്ക് 10000 രൂപയ്ക്ക് മുകളിലും വില ഉയര്‍ന്നു. ഒരു കാര്‍ഷിക വിളയ്ക്ക് ഇത്രയേറെ വില ലഭിക്കുവാന്‍ തുടങ്ങിയതോടെ നിരവധി കര്‍ഷകര്‍ റബ്ബറും തെങ്ങും കൊക്കൊയുമെല്ലാം വെട്ടിനീക്കി വാനിലയ്ക്ക് സ്ഥാനം നല്‍കുകയും ചെയ്തു.
എന്നാല്‍ കര്‍ഷകരുടെ പ്രതീക്ഷകളെ തച്ചുടച്ചുകൊണ്ട് വാനിലവിലയില്‍ വന്‍ തകര്‍ച്ചയുണ്ടായി.
കിലോയ്ക്ക് 50 രൂപ വരെ പച്ച വാനിലയ്ക്ക് വില താഴ്ന്നതോടെ കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ഈ സ്ഥിതി ഏറെനാള്‍ നീണ്ടുനിന്നതോടെ വാനിലയെ ഉത്സഹത്തോടെ ഏറ്റെടുത്തവരെല്ലാം തന്നെ ഈ വിളയെ കൈവെടിഞ്ഞു. എന്നാല്‍ ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം ഇതാ വീണ്ടുമൊരു വാനിലകാലം കൂടി. കിലോയ്ക്ക് 2000 രൂപ വരെ വിലയുയര്‍ന്നുകൊണ്ട് വീണ്ടും പ്രതീക്ഷ നല്‍കുകയാണ് ഈ പച്ചപ്പൊന്ന്.
കേരളത്തില്‍ ഇടുക്കി, വയനാട്, എറണാകുളം എന്നിവിടങ്ങളിലാണ് വാനില കൃഷിചെയ്തുവരുന്നത്. വര്‍ഷത്തില്‍ 150 മില്ലി വരെ മഴ ലഭിക്കുന്നതും ഈര്‍പ്പവും ചൂടുമുള്ളതുമായ പ്രദേശങ്ങളിലാണ് വാനില നന്നായി വളരുന്നത്. ഏതു തരം മണ്ണിലും വളരുമെങ്കിലും ജൈവവള സമ്ബന്നമായ ഇളകിയ മേല്‍മണ്ണാണ് വാനിലയ്ക്ക് കൂടുതല്‍ അനുയോജ്യം.
വര്‍ഷത്തില്‍ രണ്ടു തവണയാണ് വാനില നടാന്‍ യോജിച്ച സമയം. കാലവര്‍ഷം ശക്തമാകുന്നതിന് മുന്‍മ്ബ് മെയ് മാസത്തിലും, കാലവര്‍ഷത്തിനും തുലാവര്‍ഷത്തിനും മദ്ധ്യേ സെപ്തംബര്‍ മുതല്‍ ഓക്ടോബര്‍ വരെയും നടീല്‍ സമയമായി തിരഞ്ഞെടുക്കാം. കേരളത്തില്‍ ഒട്ടുമിക്ക കര്‍ഷകരും സെപ്തംബര്‍ ഒക്ടോബര്‍ മാസത്തിലാണ് വാനില കൃഷിയാരംഭിക്കുന്നത്. ചെറിയ തൈകളോ, വാനിലയുടെ തണ്ട് മുറിച്ചതോ ആണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. 15 മുതല്‍ 20 വരെ ഇടമുട്ടുകളുള്ള തണ്ടു നടുകയാണെങ്കില്‍ വേഗം പുഷ്പിക്കും. വള്ളികളുടെ ലഭ്യതയനുസരിച്ച് നീളം തിരഞ്ഞെടുക്കാവുന്നതാണ്.
തൈകള്‍ നടുന്നതിന് മുന്‍മ്ബു തന്നെ അവയ്ക്ക് പടര്‍ന്നുവളരുവാന്‍ ആവശ്യമായ താങ്ങുമരങ്ങള്‍ നട്ടു പിടിപ്പിക്കണം. കേരളത്തില്‍ ശീമക്കൊന്നയാണ് സാധാരണയായി ഇതിനായി തിരഞ്ഞെടുക്കാറുള്ളത്. വാനില വള്ളികളെ ശക്തമായ വെനലില്‍ നിന്ന് രക്ഷിക്കുന്നതിനും തണല്‍ നല്‍കുന്നതിനും താങ്ങുമരങ്ങള്‍ ഉപകരിക്കും.പരിപാലനവും വിളവെടുപ്പും എളുപ്പമാക്കും വിധം താങ്ങുമരങ്ങളുടെ ഉയരം ക്രമീകരിക്കണം. രണ്ട് മീറ്റര്‍ അകലമിട്ടുവേണം മരങ്ങള്‍ നടുവാന്‍.
നടീല്‍ വസ്തുവായി തിരഞ്ഞെടുത്തിട്ടുള്ള തണ്ടിന്റെ ഇല വേര്‍പ്പെടുത്തിയ ചുവടുഭാഗം, താങ്ങു മരത്തിന്റെ ചുവട്ടിലെ ഇളകിയ മണ്ണിലാണ് നടേണ്ടത്. ഇതിന് മുകളിലായി മൂന്ന് സെന്റിമീറ്റര്‍ കനത്തില്‍ നനമണ്ണ് വിതരണം. കടചീയല്‍ രോഗം പിടിപെടാതിരിക്കാനായി തണ്ടിന്റെ ചുവട്ടിലെ മുറിഭാഗം മണ്ണിന് മുകളിലായിരിക്കാന്‍ ശ്രദ്ധിക്കണം. വാനില വള്ളികള്‍ വളരുന്നതിനായി തണ്ടിന്റെ മുകള്‍ഭാഗം താങ്ങുകാലിനോട് ചേര്‍ത്ത് കെട്ടണം. കരിയിലയോ വയ്‌ക്കോലോ ഇട്ട് പുതയിട്ടശേഷം ചെറിയ തോതില്‍ നനച്ചുകൊടുക്കണം. നട്ട് രണ്ട് മാസത്തിനുള്ളില്‍ വാനില തണ്ടുകള്‍ വേരുപിടിക്കുകയും മുളപൊട്ടുകയും ചെയ്യും.
വളപ്രയോഗവും ജലസേചനവും വാനിലയുടെ വളര്‍ച്ചക്ക് അനിവാര്യഘടകങ്ങളാണ്. ജൈവവളപ്രയോഗമാണ് കൂടുതല്‍ അഭികാമ്യം. വള്ളികളുടെ വളര്‍ച്ചക്കായി ആവശ്യാനുസരണം രാസവളമിശ്രിതം ഇലകളില്‍ തളിക്കാവുന്നതാണ്. കാലിവളം, പച്ചിലകള്‍, കമ്‌ബോസ്റ്റ്, കടലപിണ്ണാക്ക്, എല്ലുപൊടി എന്നിജൈവവളങ്ങള്‍ വളര്‍ച്ചാഘട്ടത്തില്‍ നല്‍കാം. വേനല്‍കാലങ്ങളില്‍ ജലസേചനം നല്ല രീതിയില്‍ വാനിലയ്ക്ക് ആവശ്യമാണ്. ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള നാലുമാസങ്ങളില്‍ ആഴ്ചയില്‍ രണ്ടുതവണയെങ്കിലും നന നല്‍കിയിരിക്കണം.വാനില കൃഷിയില്‍ പ്രധാനപ്പെട്ട കൃഷി മുറയാണ് പുതയിടല്‍. നടുന്ന സമയത്ത് കൂടാതെ വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും പുതയിട്ടുകൊടുക്കുന്നത് നല്ലതാണ്. മണ്ണിന് മുകളിലെ ജൈവവസ്തുക്കളിലാണ് വാനില ചെടിയുടെ ഏറെഭാഗവും വേരുകളും വളരുന്നത്. അതിനാലാണ് പുതയിടലിന് പ്രാധാന്യം അര്‍ഹിക്കുന്നത്. പൂപ്പല്‍ ബാധ ഓഴിവാക്കുന്നതിനായി വാനിലതണ്ടില്‍ നിന്നും കുറച്ചുമാറിവേണം പുതയിട്ടുകൊടുക്കാന്‍. ചുവട്ടിലെ മണ്ണ് ഇളകാതിരിക്കാനും ശ്രദ്ധിക്കണം.നട്ട് മൂന്നാം വര്‍ഷം വാനില പൂവിടാന്‍ തുടങ്ങും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമെ പൂവിടുകയൊള്ളു ഇലകളുടെ മുട്ടുകളില്‍ നിന്നാണ് പൂങ്കുലകള്‍ ഉണ്ടാകുന്നത്. ഇരുപതിലേറെ പൂക്കളാണ് ഒരു കുലയില്‍ ഉള്‍പ്പെടുന്നത്. സ്വയമെ പരാഗണം നടക്കാത്ത സസ്യമായതിനാല്‍ ക്രിതൃമ പരാഗണം നടത്തേണ്ടതുണ്ട്. പൂവ് വിരിഞ്ഞ് അന്നുതന്നെ ഓരോ പൂക്കളും കൈകള്‍ ഉപയോഗിച്ച് ക്രിതൃമ പരാഗണം നടത്തി കൊടുക്കണം. പരാഗണം നടന്നുകഴിഞ്ഞാല്‍ കായ്കള്‍ വളരാന്‍ തുടങ്ങും. ഏഴ് ആഴ്ചകൊണ്ട് വളര്‍ച്ച പൂര്‍ണ്ണതയിലെത്തും 9 മുതല്‍ പതിനൊന്ന് മാസം വരെ ആയാല്‍ മാത്രമെ വിളവെടുപ്പിന് പാകമാവുകയൊള്ളു.
ആഴ്ചയില്‍ രണ്ട് സെന്റിമീറ്റര്‍ നീളമാണ് വാനിലയുടെ കായ്ക്കുണ്ടാകുന്ന വളര്‍ച്ച. ഏകവിളയായിട്ടല്ലെങ്കിലും ഇടവിളയായിട്ട് കൃഷി ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ് വാനില. വില തകര്‍ച്ചയും രോഗബാധകളും മൂലം കര്‍ഷകര്‍ ഉപേഷിച്ച വാനിലയ്ക്ക് ഇതാ വീണ്ടും വിലക്കയറ്റം ഉണ്ടായിരിക്കുകയാണ്. വിള ഏതായാലും വിലതകര്‍ച്ചയില്‍ അവ പൂര്‍ണ്ണമായി കൈവിട്ട് കളയാതെ ഇടവിളയായിട്ടെങ്കിലും പരിപാലിച്ചാല്‍ ഒരു പക്ഷേ ഇത്തരം സാഹചര്യത്തില്‍ കര്‍ഷകന് നേട്ടമുണ്ടാക്കുവാന്‍ സാധിക്കും. എന്തായാലും വാനിലയുടെ ഈ വിലക്കയറ്റത്തെ പ്രതീക്ഷയോടെ സമീപിച്ചിരിക്കുകയാണ് കര്‍ഷകര്‍.