Capturing Business 360°

സപ്ലൈക്കോയ്ക്ക് നെല്ല് നല്‍കിയ കര്‍ഷകര്‍ ആശങ്കയില്‍

മലപ്പുറം: സംഭരണത്തിന്റെ ഭാഗമായി സപ്ലൈക്കോയ്ക്ക് നെല്ലു നല്‍കിയവര്‍ക്ക് ബാങ്കുകള്‍ പണം നല്‍കുന്നത് വായ്പാരീതിയിലായത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. സംഭരിച്ച നെല്ലിന്റെ പണത്തിനായി ബാങ്കിലെത്തുന്ന കര്‍ഷകരോട് വായ്പ നല്‍കാനുള്ള നടപടിക്രമങ്ങള്‍ ആവശ്യപ്പെടുന്നതാണ് പ്രശ്‌നമായിട്ടുള്ളത്.
വായ്പാ അപേക്ഷാഫോമും എഗ്രിമെന്റും ഫോട്ടോ, ആധാര്‍കാര്‍ഡ് എന്നിവയും ആവശ്യപ്പെടുന്നതാണ് കര്‍ഷകരില്‍ സംശയവും ആശങ്കയുമുണര്‍ത്തുന്നത്. സിവില്‍ സപ്ലൈസിന്റെ സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവരില്‍നിന്ന് മില്ലുടമകള്‍ കൊണ്ടുപോകുന്ന നെല്ലിന് കണക്കനുസരിച്ച് കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ പണമെത്തുകയായിരുന്നു ചെയ്തിരുന്നത്.
ഈവര്‍ഷം മില്ലുടമ നല്‍കുന്ന കണക്കനുസരിച്ച് കൃഷി ഭവനില്‍നിന്ന് നല്‍കുന്ന രശീതുമായി കര്‍ഷകന്‍ ബാങ്കില്‍പ്പോയാല്‍ അപ്പോള്‍ത്തന്നെ പണം നല്‍കുമെന്നാണ് വാഗ്ദാനം. ബാങ്കില്‍ ചെന്നാല്‍ രണ്ടു ഫോട്ടോ, ആധാര്‍കാര്‍ഡ് പകര്‍പ്പ്, റവന്യു സ്റ്റാമ്ബ് എന്നിവ നല്‍കി വായ്പാ അപേക്ഷ ഒപ്പിട്ടു നല്‍കിയാല്‍ ഒരാഴ്ചയ്ക്കകം പണം നല്‍കാമെന്നാണ് ബാങ്കധികൃതര്‍ പറയുന്നത്. ചില ബാങ്കുകള്‍ ഇതിന് സര്‍വീസ് ചാര്‍ജായി 200 രൂപയും ആവശ്യപ്പെടുന്നു.
കഷ്ടപ്പെട്ടുണ്ടാക്കിയ നെല്ല് കൊടുത്ത് വായ്പയെടുപ്പിക്കുന്ന രീതി കര്‍ഷകരെ അവഹേളിക്കുന്നതിനു തുല്യമാണെന്നും ഇതിന് പരിഹാരം കാണണമെന്നുമാവശ്യപ്പെട്ട് കാന്തള്ളൂര്‍ പാടശേഖര സമിതി കൃഷിമന്ത്രിക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.
പണം നല്‍കുന്നത് ബാങ്കുകളും സപ്ലൈക്കോയും തമ്മിലുണ്ടാക്കിയ കരാറിന് വിധേയമായി ബാങ്കുകളും സപ്ലൈക്കോയും തമ്മിലുണ്ടാക്കിയ പി.ആര്‍.എസ്. വായ്പാക്കരാര്‍ പ്രകാരമാണ് കര്‍ഷകര്‍ക്ക് നെല്ലിന്റെ പണം നല്‍കുന്നതെന്നും ഇതില്‍ കര്‍ഷകര്‍ക്ക് മറ്റ് ബാധ്യതകളൊന്നുമില്ലെന്നും സപ്ലൈകോ പാഡി ഓഫീസര്‍ അറിയിച്ചു.
9.5 ശതമാനം പലിശനിരക്കില്‍ ഈ പണം നിശ്ചിത സമയത്തിനകം ബാങ്കുകള്‍ക്ക് സപ്ലൈകോ നല്‍കും. ഇതിന് എഗ്രിമെന്റ് വെക്കാനുള്ള മുദ്രപ്പത്രത്തിന്റെ വിലയാണ് ചില ബാങ്കുകള്‍ ഈടാക്കുന്ന 200 രൂപ. മുന്‍ വര്‍ഷങ്ങളിലേതു പോലെ സംഭരിച്ച് മാസങ്ങളായിട്ടും പണം കിട്ടാത്ത അവസ്ഥയുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശാനുസരണമാണ് ഈ സംവിധാനമേര്‍പ്പെടുത്തിയിട്ടുള്ളത്.കേന്ദ്രസര്‍ക്കാര്‍ വിഹിതമായ 15 രൂപയും സംസ്ഥാനത്തിന്റെ 8.30 രൂപയും കിട്ടാന്‍ താമസമുണ്ടായാലും കര്‍ഷകര്‍ക്ക് പണം നിശ്ചിത സമയത്തിനകം കിട്ടുമെന്നും ഓഫീസര്‍ പറഞ്ഞു.