Capturing Business 360°

സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ റാങ്കിംഗിന് ഉള്ള ചട്ടക്കൂട് പുറത്തിറക്കി

ന്യൂഡല്‍ഹി : രാജ്യത്തെ സ്റ്റാര്‍ട്ട്അപ്പുകളുടെ റാങ്കിംഗിനായി സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമുള്ള മൂന്ന് ഉപാധികള്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു ന്യൂഡല്‍ഹിയില്‍ ഇന്ന് പുറത്തിറക്കി. സ്റ്റാര്‍ട്ട്അപ്പ് റാങ്കിംഗ് ചട്ടക്കൂട്, മികച്ച മാതൃകകളുടെ സംഗ്രഹം , സ്റ്റാര്‍ട്ട്അപ്പ് കിറ്റ് എന്നിവയാണ് ഇവ. രാജ്യതൊട്ടാകെ ഏകദേശം 20,000 സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളാണ് ഉള്ളത്. ഓരോ വര്‍ഷവും 1,400 ഓളം എണ്ണം പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്നു.
പ്രാദേശിക തലത്തില്‍ സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് റാങ്കിംഗ് ചട്ടക്കൂടിന്റെ മുഖ്യലക്ഷ്യം. ഈ മേഖലയിലെ നിക്ഷേപകര്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, മെന്റര്‍മാര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് രൂപം നല്‍കിയിട്ടുള്ളത്. ധനകാര്യ പിന്‍തുണ, വനിതാ സംരംഭകത്വം തുടങ്ങിയവയ്ക്ക് നല്‍കുന്ന വര്‍ദ്ധിച്ച ഊന്നല്‍ ഉയര്‍ന്ന സ്‌കോറിലേയ്ക്ക് നയിക്കും. ഇക്കൊല്ലം മാര്‍ച്ചിന് മുമ്പ് സംസ്ഥാനങ്ങള്‍ ഇതിലേയ്ക്കായി കൈക്കൊള്ളുന്ന നടപടികളായിരിക്കും മാനദണ്ഡമായി കണക്കാക്കുക. സ്റ്റാര്‍ട്ട്അപ്പ് ഹബ്ബ് പോര്‍ട്ടല്‍ റാങ്കിംഗ് ചട്ടക്കൂടിനുള്ള പൊതുവേദിയൊരുക്കും.
മികച്ച മാതൃകകളുടെ സംഗ്രഹത്തില്‍ 18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 7 വ്യത്യസ്ഥ മേഖലകളില്‍ നിലവിലുള്ള 95 സമ്പ്രദായങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ക്യുബേഷന്‍ സഹായം, സീഡ് ഫണ്ടിംഗ്, ഏഞ്ചല്‍ ആന്റ് വെന്‍ച്വര്‍ ഫണ്ടിംഗ്, സ്റ്റാര്‍ട്ട്അപ്പ് നയവും നടത്തിപ്പും, ലളിതമാക്കിയ നിയന്ത്രണങ്ങള്‍, ബോധവല്‍ക്കരണം, പ്രചാരണം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ക്കുള്ള വഴികാട്ടിയാണ് സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ കിറ്റ്. വെബ്‌സൈറ്റ് ലിങ്കുകള്‍ വഴി ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, സ്ഥിതി വിവര കണക്കുകള്‍, ടൂളുകള്‍, മത്സരങ്ങള്‍, സ്റ്റാര്‍ട്ട്അപ്പ് സംജ്ഞകളുടെ അര്‍ത്ഥം മുതലായവ ഇതില്‍ ഉള്‍ക്കൊള്ളും.