Capturing Business 360°

കരാറുകളിലും, പൊതു സംഭരണത്തിലും സുതാര്യത ഉറപ്പുവരുത്തണം : ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി : പദ്ധതികള്‍ക്കുള്ള കരാറുകള്‍ നല്‍കുന്നതിലും, പൊതു സംഭരണത്തിലും നടപടിക്രമങ്ങളിലെ സുതാര്യത പ്രധാനപ്പെട്ടതാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. വില, ഗുണനിലവാരം, സേവനങ്ങള്‍ നല്‍കല്‍ എന്നിവയില്‍ ജനങ്ങളുടെ ഉത്തമ താല്‍പ്പര്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ സുതാര്യതയും, നീതിയും സംസ്ഥാനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതു സംഭരണം സംബന്ധിച്ച് അഞ്ചാമത് ദക്ഷിണേഷ്യന്‍ സമ്മേളനം ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് (ജി.ഇ.എം) ഉള്‍പ്പെടെ ഈ ദിശയില്‍ കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ ശ്രീ. ജെയ്റ്റ്‌ലി വിശദീകരിച്ചു. പൊതു സംഭരണവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റിന്റെ തനതായ ചട്ടങ്ങള്‍ക്കും, നിയന്ത്രണങ്ങള്‍ക്കും പുറമെ ഗവണ്‍മെന്റിന്റെ വിവിധ തലങ്ങളില്‍ ഉത്തരവാദിത്തം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി.ലോകബാങ്ക്, ഏഷ്യന്‍ വികസനബാങ്ക്, ഇസ്ലാമിക് വികസന ബാങ്ക് എന്നിവയുടെ പ്രതിനിധികള്‍ക്ക് പുറമെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം നൂറോളം പേര്‍ സമ്മേളനത്തില്‍ പങ്കെക്കുന്നുണ്ട്.