Capturing Business 360°

സ്റ്റാര്‍ട്ടപ്പ് മിഷന്റെ മലബാര്‍ മേള ഫെബ്രുവരി 5 മുതല്‍ കോഴിക്കോട്ട്

കോഴിക്കോട്: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനത്തിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ചതുര്‍ദിന സംരംഭകമേള ഫെബ്രുവരി 5ന് കോഴിക്കോട് തുടങ്ങും. നിക്ഷേപര്‍, മൂലധന ദാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, നയരൂപീകരണ വ്യക്തികള്‍ തുടങ്ങിയവരുമായി സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ആശയവിനിമയത്തിനുള്ള വേദിയൊരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗൂഗിള്‍ ഇന്ത്യയുടെ സിഇഒ രാജന്‍ ആനന്ദന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടക്കും. ഫെബ്രുവരി 7ന് മൊബൈല്‍ 10 എക്‌സ് ഹബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് രാജന്‍ ആനന്ദനാണ്.
അഞ്ചാം തിയതി സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഒമ്പതാമത് ഐഡിയ ഡേയോടു കൂടിയാണ് സമ്മേളനത്തിന്റെ ഔപചാരികമായ തുടക്കമാകുന്നത്.നൂറിലധികം സ്റ്റാര്‍ട്ടപ്പുകളും വിദ്യാര്‍ത്ഥികളും തങ്ങളുടെ ആശയങ്ങള്‍ വിദഗ്ധരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 12 പ്രമേയങ്ങളിലാണ് ആശയങ്ങള്‍ അവതരിപ്പിക്കേണ്ടത്. 12 ലക്ഷം രൂപ വരെയാണ് ആശയങ്ങള്‍ക്ക് ധനസഹായം ലഭിക്കുന്നത്. ആറു പടികളിലൂടെ എങ്ങിനെ സ്റ്റാര്‍ട്ടപ്പില്‍നിന്ന് വ്യവസായം തുടങ്ങാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് ?ആക്ഷന്‍ കോച്ച?് ഡയറക്ടര്‍ സഞ്ജയ് ചതുര്‍വേദി സംസാരിക്കും.
ആശയങ്ങളെ മാതൃകകളാക്കാന്‍ സംരംഭകരെ സഹായിക്കുന്ന സീഡിംഗ് കേരളയാണ് ആറാം തിയതിയിലെ പ്രധാന ആകര്‍ഷണം. കോഴിക്കോട്ടെ യു.എല്‍ സൈബര്‍ പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ എയ്ഞ്ജല്‍ നിക്ഷേപകര്‍, ഫണ്ട് സ്‌പോണ്‍സര്‍മാര്‍, വിഭവശേഷി സമൂഹം എന്നിവരുമായി കൂടിക്കാഴ്ചയും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തെ എങ്ങിനെ പൂര്‍ണമായും ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ചയും രണ്ടാം ദിവസം സംഘടിപ്പിച്ചിട്ടുണ്ട്.
എങ്ങിനെയാണ് നിക്ഷേപ സൗഹൃദമായ സ്റ്റാര്‍ട്ടപ്പ് കെട്ടിപ്പെടുക്കാം എന്നതിനെക്കുറിച്ച് ലെറ്റ്‌സ് വെന്‍ച്വര്‍ ആകര്‍ഷകമായ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ഇവിടെയുണ്ടാകും. അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 30 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഇതിന് അവസരം ലഭിക്കുക
ഉത്പന്നങ്ങളുടെ ശരിയായ ഉപയോഗം, വാണിജ്യ സാധ്യതകള്‍ തുടങ്ങിയവയെക്കുറിച്ച് സംരംഭകര്‍ക്ക് നിക്ഷേപകരുമായി സംവദിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ഉത്പന്നം തുറന്ന വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും. അവലോകന സമിതി പരിശോധിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപ ചര്‍ച്ചകളുമായി മുന്നോട്ടു പോകാം.
നിക്ഷേപകരുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ സാധിക്കുമെന്നതും പ്രത്യേകതയാണ്.സീഡിംഗ് കേരളയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംരംഭകരെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഇവരുടെ വിവരങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് ചര്‍ച്ചകള്‍ക്കായി തെരഞ്ഞെടുക്കുന്നത്.
പരിപാടിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ംംം.ലെലറശിഴസലൃമഹമ.ശി എന്ന വെബ്‌സൈറ്റില്‍ അപേക്ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. യെസ് ബാങ്ക് ആണ് സ്റ്റാര്‍ട്ടപ് മീറ്റിന്റെ ബാങ്കിംഗ് പങ്കാളി. സംരംഭകര്‍ക്കായുള്ള യെസ് ബാങ്കിന്റെ യെസ് ഹെഡ് സ്റ്റാര്‍ട്ടപ് പരിപാടി എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് അനില്‍ ചൊറിഞ്ജത്ത് അവതരിപ്പിക്കും.
പരിപാടിയുടെ മൂന്നാം ദിവസമായ ഫെബ്രുവരി 7ന് ഗൂഗിള്‍ ഇന്ത്യ സിഇഒയുടെ സാന്നിദ്ധ്യമാണ് പ്രധാന ആകര്‍ഷണം. മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമായുള്ള ഇന്‍കുബേറ്ററാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്. മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഇതുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
സര്‍ക്കാര്‍ വകുപ്പുകള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് പ്രതീക്ഷിക്കുന്ന സേവനങ്ങളെക്കുറിച്ച് നടക്കുന്ന മെഗാ ഡിമാന്റ് ഡേയും അന്നേദിവസം തന്നെ നടക്കും. ഇത്തരത്തില്‍ നടക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സമ്മേളനമാകും ഇത്.
ഫ്യൂച്ചര്‍ സ്പാര്‍ക്കും കാസര്‍കോട്ടെ ഇന്നൊവേഷന്‍ സെന്ററിന്റെ ഉദ്ഘാടനവുമാണ് അവസാന ദിവസത്തെ പ്രധാന ആകര്‍ഷണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിനായി ഫ്യൂച്ചര്‍ സ്പാര്‍ക്ക് എന്ന പരിപാടിയും അന്നേ ദിവസം തന്നെയാണ് സംഘടിപ്പിച്ചിരുക്കുന്നത്. ആശയങ്ങളെ വികസിപ്പിക്കാനും നവീന സാങ്കേതികവിദ്യയെ മനസിലാക്കാനും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. പരിശീലന കളരികള്‍, വെര്‍ച്വല്‍ റിയാലിറ്റി, ആഗ്മെന്റഡ് റിയാലിറ്റി, റോബോട്ടിക്‌സ് എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും ആകര്‍ഷകമാണ്. വിജ്ഞാനത്തിനും പുതിയ ആശയങ്ങള്‍ സ്വാംശീകരിക്കുന്നതിനും ആശയങ്ങളെ മാതൃകയിലേക്ക് പരിണമിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഏറ്റവും പറ്റിയ വേദിയായിരിക്കും ഫ്യൂച്ചര്‍ സ്പാര്‍ക്ക്. അഞ്ച് മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാം.10000 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഇതില്‍ പങ്കെടുപ്പിക്കാനാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യം വയ്ക്കുന്നത്.