Capturing Business 360°

കിഫ്ബി ഫണ്ടിനു ബോണ്ടുകള്‍; പ്രവാസി ചിട്ടി ഏപ്രില്‍ മുതല്‍

തിരുവനന്തപുരം : കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ(കിഫ്ബി) പ്രവര്‍ത്തനത്തിനു വേണ്ട ഫണ്ട് സ്വരൂപിക്കുന്നതിനുള്ള പദ്ധതികള്‍ ബജറ്റില്‍ ധനമന്ത്രി ഡോ: തോമസ് ഐസക് പ്രഖ്യാപിച്ചു. കെ.എസ്.എഫ്.ഇയുമായി ചേര്‍ന്നു നടപ്പാക്കുന്ന പ്രവാസിചിട്ടി ഇതിലൊന്നാണ്. അടുത്ത ഏപ്രിലില്‍ ചിട്ടി ആരംഭിക്കും. അടുത്ത സാമ്പത്തികവര്‍ഷം പ്രവാസികള്‍ക്കായി മസാലബോണ്ടുകള്‍ പുറത്തിറക്കും. ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട്, റവന്യു ബോണ്ട്, ലാന്‍ഡ് ബോണ്ട് എന്നിവയിലൂടെ ആഭ്യന്തരക്‌മ്പോളങ്ങളില്‍നിന്ന് വിഭവസമാഹരണം നടത്തും. കിഫ്ബി വഴി 19,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് നിര്‍വഹണാനുമതി നല്‍കിയിട്ടുണ്ടെന്നും ബജറ്റ് വ്യക്തമാക്കുന്നു.
പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്ക് അപകട ഇന്‍ഷുറന്‍സും നിബന്ധനകള്‍ക്കു വിധേയമായി പെന്‍ഷനും ലഭ്യമാക്കും. പലിശയ്ക്കു പകരം ലാഭവിഹിതവും കമ്മിഷനുമായിരിക്കും നല്‍കുക. ചിട്ടിയില്‍നിന്നുള്ള ഫ്രീ ഫ്‌ളോട്ട് കിഫ്ബി ബോണ്ടുകളില്‍ ഹ്രസ്വകാല ബോണ്ടുകളായി നിക്ഷേപിക്കും.
വിദേശത്തുനിന്നു താഴ്ന്ന പലിശയ്ക്ക് ദീര്‍ഘകാല നിക്ഷേപം സമാഹരിക്കുന്നതിനായി കിഫ്ബിക്കു കീഴില്‍ ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനും രൂപം നല്‍കിയിട്ടുണ്ട്. 54,000 കോടി രൂപയുടെ പദ്ധതികളാണു കിഫ്ബിയിലൂടെ പരിഗണിക്കുന്നത്. ഇവയുടെ തിരിച്ചടവിനായി കിഫ്ബിക്ക് ഒരു ലക്ഷം കോടി രൂപ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. പെട്രോളിയും സെസില്‍നിന്നും മോട്ടോര്‍ വാഹനനികുതി വിഹിതവുമായുള്ള ഒരു ലക്ഷം കോടി രൂപ ഈ കാലാവധിയാകു്‌മ്പോള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിക്ക് ഗ്രാന്റായി നല്‍കുന്നതും തിരിച്ചടവ് തുകയും തുല്യമായിരിക്കും. അതുകൊണ്ടുതന്നെ ഭാവിയിലെ ബാധ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറയുന്നു.
ഇതിനകം സര്‍ക്കാര്‍ 4,270 കോടി രൂപ കിഫ്ബിക്ക് ഗ്രാന്റായി നല്‍കിക്കഴിഞ്ഞു. 3,000 കോടി രൂപയുടെ ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട് പുറപ്പെടുവിക്കുന്ന നടപടികളും പൂര്‍ത്തിയായി. അതിനാല്‍, അടുത്ത 34 മാസത്തേക്ക് സമര്‍പ്പിക്കുന്ന ബില്ലുകള്‍ക്ക് പണം സമാഹരിക്കാന്‍ തടസമുണ്ടാകില്ല. കിഫ്ബിക്ക് റേറ്റിങ് ഏജന്‍സികളുടെ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
കര്‍ശനമായ പരിശോധനകള്‍ക്കു ശേഷമേ കിഫ്ബി വഴി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയുള്ളു. ചുരുങ്ങിയകാലം കൊണ്ട് ഇവ പൂര്‍ത്തിയാക്കുന്നുണ്ടെങ്കിലും മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാനാവില്ല. ഇതിനകം 19,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് നിര്‍വഹണാനുമതി നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവ അടുത്ത വര്‍ഷം പ്രവര്‍ത്തനപഥത്തിലെത്തിക്കാന്‍ കഴിയുമെന്നും ഡോ. തോമസ് ഐസക് പ്രത്യാശ പ്രകടിപ്പിച്ചു.