Capturing Business 360°

മൈക്രോമാക്‌സും എം.ടി.എസ്സും കൈകോര്‍ക്കുന്നു

മൊബൈല്‍ഫോണ്‍ സേവനദാതാക്കളും ഹാന്‍ഡ്‌സെറ്റ്‌ നിര്‍മാതാക്കളും സഹകരിച്ച്‌ പുതിയ മോഡല്‍ ഫോണ്‍ പുറത്തിറക്കുന്നത്‌ പുതുമയുള്ള കാര്യമൊന്നുമല്ല. ബി.എസ്‌.എന്‍.എല്‍.വരെ ഈ രീതി അനുവര്‍ത്തിക്കുന്നുണ്ട്‌. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ (ടി.ആര്‍.എ.ഐ.) കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ടാവാം ഇന്ത്യയില്‍ ഈ രീതി അധികം വിജയം കണ്ടിട്ടില്ല.

മൂന്നുവര്‍ഷം തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ തുടര്‍ന്നാല്‍ 30,000 രൂപയുടെ ഫോണ്‍ 10,000 രൂപയ്‌ക്ക്‌ നല്‍കാമെന്ന ‘അമേരിക്കന്‍ രീതി’ ഇവിടെ നടപ്പാകാത്തതും ഇതുകൊണ്ടുതന്നെ.

ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ ഇതിന്‌ സമാനമായ ഓഫറുകള്‍ റിലയന്‍സ്‌ നല്‍കിയിരുന്നു. എന്നാല്‍, അതും പ്രതീക്ഷിച്ച ജനസമ്മതി നേടിയില്ല. ഈയൊരുപ്രശ്‌നം മറികടക്കാന്‍, കൂടുതല്‍ സൗജന്യ സേവനങ്ങള്‍ വാഗ്‌ദാനം ചെയ്യുകയാണ്‌ ഇന്ത്യയിലെ സേവനദാതാക്കള്‍.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ വില്‌പനക്കാരായ മൈക്രോമാക്‌സും സേവനദാതാക്കളായ എം.ടി.എസ്സും വിപണിയിലെത്തിക്കുന്ന ‘കാന്‍വാസ്‌ ബ്ലേസ്‌’ ആണ്‌ ഇതിന്റെ അവസാന തെളിവ്‌. ങഠ500 എന്ന അഞ്ച്‌ ഇഞ്ച്‌ സ്‌ക്രീനുള്ള ഈ മോഡലിന്‌ 10,999 രൂപയാണ്‌ വില.

ഒരുമാസം രണ്ട്‌ ജി.ബി.വീതം ഇന്റര്‍നെറ്റ്‌ ഉപയോഗം, എം.ടി.എസ്‌. ഫോണിലേക്ക്‌ 1000 മിനിറ്റ്‌ സൗജന്യ ലോക്കല്‍ കോളുകള്‍, മറ്റ്‌ നെറ്റ്‌വര്‍ക്കുകളിലുള്ള ഫോണുകളിലേക്ക്‌ രണ്ട്‌ മണിക്കൂര്‍ ലോക്കല്‍/ എസ്‌.ടി.ഡി. കോളുകള്‍ എന്നിവ എം.ടി.എസ്‌. സൗജന്യമായി നല്‍കും. കണക്ഷന്‍ എടുക്കുന്നത്‌ മുതല്‍ ആറുമാസം ഇത്‌ ലഭ്യമാകും.

നിലവിലുള്ള താരിഫ്‌ പ്രകാരം നോക്കിയാല്‍ യഥാര്‍ഥ ഫോണ്‍വിലയില്‍നിന്ന്‌ ഏതാനും ആയിരങ്ങള്‍ ‘കുറയുമെന്ന്‌’ ചുരുക്കംആറുമാസത്തെ ഉപയോഗംകൊണ്ട്‌.

ജി.എസ്‌.എം., സി.ഡി.എം.എ. സിമ്മുകള്‍ ഈ ഫോണില്‍ ഉപയോഗിക്കാം. നിലവിലുള്ള ജി.എസ്‌.എം. നമ്പര്‍ മാറാതെതന്നെ സി.ഡി.എം.എ.യിലേക്ക്‌ മാറാം. പുതിയ സി.ഡി.എം.എ. കണക്ഷന്‍ ആവശ്യമില്ലെങ്കില്‍ പഴയ സിം ഇതിലേക്ക്‌ മാറ്റി ഇന്റര്‍നെറ്റ്‌ സേവനം കൂടുതല്‍ മികവോടെ ഉപയോഗിക്കാം.

480 ത 854 പിക്‌സല്‍ ടി.എഫ്‌.ടി. ഡിസ്‌പ്ലേയാണ്‌ ഇതില്‍. വണ്‍ ഗിഗാ ഹെര്‍ട്‌സ്‌ സ്‌നാപ്‌ ഡ്രാഗണ്‍ എസ്‌ 4, ഡ്യുവല്‍ കോര്‍ പ്രൊസസ്സര്‍ ആണെങ്കിലും റാം 768 എം.ബി. മാത്രം. ഇന്‍ബില്‍റ്റ്‌ സ്‌റ്റോറേജ്‌ 4 ജി.ബി. 32 ജി.ബി. വരെയുള്ള മൈക്രോ എസ്‌.ഡി. കാര്‍ഡ്‌ ഉപയോഗിക്കാം. ഓപ്പറേറ്റിങ്‌ സിസ്റ്റം ആന്‍ഡ്രോയ്‌ഡ്‌ 4.1.2 ജെല്ലിബീന്‍.

എട്ട്‌ മെഗാപിക്‌സലിന്റെതാണ്‌ പിന്‍ക്യാമറ. ഒപ്പം എല്‍.ഇ.ഡി. ഫ്‌ ളാഷും. മുന്നില്‍ 0.3 മെഗാപിക്‌സല്‍ ക്യാമറ. 1850 എം.എ.എച്ച്‌. ബാറ്ററി അഞ്ച്‌ മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 120 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കും. എം.ടി.എസ്‌.ടി.വി., ഹംഗാമ മ്യൂസിക്‌, എം.ലൈവ്‌ തുടങ്ങിയ എം.ടി.എസ്സിന്റെ ആപ്ലിക്കേഷനുകളും ഇന്‍ബില്‍റ്റ്‌ ആയി ഉണ്ടാകും.

കറുപ്പ്‌, വെളുപ്പ്‌ നിറങ്ങളിലുള്ള ഫോണ്‍ ബുധനാഴ്‌ച മുതല്‍ ലഭ്യമായി തുടങ്ങുമെന്ന്‌ മൈക്രോമാക്‌സിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. വിലയും സൗജന്യ സേവനവും പരിഗണിക്കുമ്പോള്‍ വലിയ മോശമല്ലെങ്കിലും റാം, ഡിസ്‌പ്ലേ, ഓപ്പറേറ്റിങ്‌ സിസ്റ്റം എന്നിവ അല്‌പം നിരാശ ഉണ്ടാക്കുന്നതാണ്‌.

പക്ഷേ, ഇതേ സ്‌പെസിഫിക്കേഷനോട്‌ കൂടിയ മറ്റ്‌ കമ്പനികളുടെ മോഡലിന്റെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ അതൊരു കുറവുമല്ല. ‘കണ്‍ഫ്യൂഷന്‍’ ആകേണ്ട! അഞ്ച്‌ ഇഞ്ച്‌ ഡിസ്‌പ്ലേയും വിലക്കുറവും സൗജന്യസേവനങ്ങളും അത്യാവശ്യം ഇന്റര്‍നെറ്റ്‌ ഉപയോഗവും വേണ്ടവര്‍ക്ക്‌ പറ്റിയ ഫോണാണിത്‌. നിങ്ങളുടെ നാട്ടില്‍ എം.ടി.എസ്‌. നെറ്റ്‌വര്‍ക്ക്‌ കവറേജ്‌ ഉണ്ടോ എന്നുകൂടി നോക്കണം.