Capturing Business 360°

എക്‌സ്‌പിലെയര്‍ ഇന്ത്യയിലെ പ്രവര്‍ത്തനവും ഉത്‌പന്നവിപണനവും ആരംഭിച്ചു

കൊച്ചി: ഷാര്‍ജയിലെ പ്രമുഖരായ കിങ്‌സ്റ്റണ്‍ ഹോള്‍ഡിംഗ്‌സ്‌, ഐറിഷ്‌ മള്‍ട്ടിനാഷണല്‍ കമ്പനിയായ ഗ്ലെന്‍ ഡിംപ്ലെക്‌സ്‌, യുകെയിലെ റെഡ്രിംഗ്‌ എക്‌സ്‌പിലെയര്‍ എന്നിവര്‍ സംയുക്തമായി രൂപീകരിച്ച എക്‌സ്‌പിലെയര്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സംരംഭത്തിന്റെ പ്രവര്‍ത്തനവും, വ്യാവസായിക വെന്റിലേഷന്‍ സംവിധാനങ്ങളുടെ വിതരണവും ആരംഭിച്ചു. ബംഗ്ലാദേശ്‌, മാലദ്വീപ്‌, നേപ്പാള്‍, മിഡില്‍ ഈസ്റ്റ്‌, ആഫ്രിക്ക എന്നീ വിപണികളെയാണ്‌ ഈ സംയുക്തസംരംഭം ലക്ഷ്യംവയ്‌ക്കുന്നത്‌.
യുഎഇയിലെ പ്രമുഖ വ്യവസായിയും കിങ്‌സ്റ്റണ്‍ ഹോള്‍ഡിംഗ്‌സ്‌, കിങ്‌സ്റ്റണ്‍ മാനേജ്‌മെന്റ്‌ കണ്‍സല്‍റ്റന്റ്‌സ്‌ എന്നിവയുടെ സിഎംഡിയുമായ ലാലു സാമുവലാണ്‌ എക്‌സ്‌പിലെയര്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറും. ഷാര്‍ജയിലെ ഇന്‍ഡയ്‌ട്രീസ്‌ ഗ്രൂപ്പിന്റെ തെരഞ്ഞെടുക്കപ്പെട്ട ചെയര്‍മാനും ഷാര്‍ജ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌ അംഗവുമാണിദ്ദേഹം. മിഡില്‍ ഈസ്റ്റിലെ ശക്തരായ 100 ഇന്ത്യക്കാരില്‍ ഒരാളായി ഫോബ്‌സ്‌ മിഡില്‍ ഈസ്റ്റ്‌ ഇദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.
കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ ഉദ്‌ഘാടനവും ലോഗോ പ്രകാശനവും സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. റവന്യൂ- കയര്‍ വകുപ്പു മന്ത്രി അടൂര്‍ പ്രകാശ്‌ എക്‌സ്‌പിലെയര്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ഉപഭൂഖണ്ഡത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. ഉത്‌പന്നങ്ങളുടെ അവതരണവും അദ്ദേഹം നടത്തി. ആദ്യ ഉത്‌പന്നം സംസ്ഥാന മുന്‍ ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്‌ണന്‍ ദേവ പ്രോജക്‌റ്റ്‌സ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ വേണുഗോപാലിനു കൈമാറി. എക്‌സ്‌പിലെയര്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ സിഎംഡി ലാലു സാമുവല്‍ അധ്യക്ഷനായ ചടങ്ങില്‍ ഗ്ലെന്‍ ഡിംപ്ലെക്‌സ്‌ ഗ്രൂപ്പ്‌ ചെയര്‍മാനും സിഇഒയുമായ ഷോണ്‍ ഓഡ്രിസ്‌കോള്‍ അതിഥിയായിരുന്നു.
ഡൊമസ്റ്റിക്‌ വെന്റിലേഷന്‍ സൊല്യൂഷന്‍സായ എക്‌സ്‌പിലെയര്‍ അഡ്വാന്റേജ്‌ എവി100, എവിഡിസി100, എവി150, എവിഡിസി150 എന്നിവയും കൊമേഴ്‌സ്യല്‍ വെന്റിലേഷന്‍സ്‌ സൊല്യൂഷന്‍സായ എക്‌സ്‌പിലെയര്‍ എക്‌സ്‌പ്ലസ്‌2, എക്‌സ്‌ഐഡിപി എന്നിവയുമാണ്‌ ഉദ്‌ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച മുഖ്യ ഉത്‌പന്നങ്ങള്‍.
ഷാര്‍ജ ഫ്രീ സോണിലെ ഏറ്റവും വലിയ നിക്ഷേപകനാണ്‌ ലാലു സാമുവല്‍. ഒരുദശലക്ഷം ചതുരശ്ര അടി ഭൂമിയില്‍ ഏഴരലക്ഷം ചതുരശ്ര അടിയാണു ബില്‍റ്റ്‌ അപ്പ്‌ ഏരിയ. ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടി മാനുഫാക്‌ചറിങ്‌ ഫ്‌ളോര്‍ ഏരിയയും ഒരുലക്ഷം ചതുരശ്ര അടി ഓഫീസുമുണ്ട്‌. മൂന്നു നിര്‍മാണ യൂണിറ്റുകളിലായി ഇലക്‌ട്രിക്കല്‍ രംഗത്തെ 1200 ഉത്‌പന്നങ്ങള്‍ ഇവിടെയുണ്ടാക്കുന്നു. 72 രാജ്യങ്ങളിലേക്കാണു കയറ്റുമതി.