Don't miss

19ാമത് ടൂണ്‍സ് അനിമേഷന്‍ മാസ്‌റ്റേഴ്‌സ് സമ്മിറ്റ് മെയ് 4, 5 തീയതികളില്‍ തിരുവനന്തപുരത്ത്

By on April 27, 2018

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: ഏപ്രില്‍ 26, 2018: ടൂണ്‍സ് മീഡിയ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന അനിമേഷന്‍ മാസ്‌റ്റേഴ്‌സ് സമ്മിറ്റ് മെയ് 4,5 തീയതികളില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ പാര്‍ക്‌സ് സെന്ററില്‍ നടക്കും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര സമ്മിറ്റില്‍ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുമുള്ള പ്രശസ്തരായ നിരവധി മീഡിയ വിദഗ്ധര്‍ പങ്കെടുക്കും. സമ്മിറ്റ് മെയ് നാലിന് രാവിലെ 9മണിക്ക് മീഡിയ അനിമേഷന്‍ വിദഗ്ധന്‍ ആശിഷ് കുല്‍ക്കര്‍ണി ഉത്ഘാടനം ചെയ്യും.
ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസ്സൂല്‍ പൂക്കുട്ടി, മീഡിയ രംഗത്തെ വിദഗ്ധരായ അരവിന്ദ് നീലകണ്ഠന്‍, വിനോദ് ചന്ദര്‍, യുട്യൂബ് സൗത്ത് അമേരിക്കന്‍ മേധാവി അന്റ്‌റോണ്‍ ടോറസ്, ഒഗിള്‍വി ആന്‍ഡ് മേത്തര്‍ ക്രീയേറ്റീവ് ഡയറക്ടര്‍ കിരണ്‍ ആന്റ്‌റണി, ബാഹുബലി സിനിമയുടെ വിഷ്വല്‍ എഫക്ട് വിദഗ്ധന്‍ പി സി സനത് തുടങ്ങി മീഡിയ രംഗത്തെ പത്തോളം പ്രഗത്ഭര്‍ പ്രഭാഷണങ്ങള്‍ നടത്തും. മീഡിയ രംഗത്തെ വിദഗ്ധര്‍ നേതൃത്വം നല്കുന്ന ഇന്ററാക്ടിവ് വര്‍ക്ഷോപ്പുകള്‍, പ്രഭാഷണങ്ങള്‍ എന്നിവയും നടക്കും. അനിമേഷന്‍, മീഡിയ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലും വിദേശത്തും ഉള്ള 400ഓളം അംഗങ്ങള്‍ രണ്ടു ദിവസവും അനിമേഷന്‍ സമ്മിറ്റില്‍ പങ്കെടുക്കും. സമ്മിറ്റില്‍ വെച്ച് അനിമേഷന്‍ രംഗത്തെ കുലപതിയായ വി.ജി സാമന്തിനെ ലെജന്‍ഡ് ഓഫ് അനിമേഷന്‍ അവാര്‍ഡ് നല്‍കി ആദരിക്കും
ടൂണ്‍സ് മീഡിയ ഗ്രൂപ്പ് 1999ല്‍ ആരംഭിച്ച അനിമേഷന്‍ മാസ്‌റ്റേഴ്‌സ് സമ്മിറ്റിന്റെ പത്തൊന്‍പതാം എഡിഷനാണ് 2018ല്‍ നടക്കുന്നത്. ”വളരെ വേഗത്തില്‍ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ആഗോള മീഡിയ ഇന്‍ഡസ്ട്രിയിലെ അതിനൂതനമായ സാങ്കേതിക വിദ്യകളും, മീഡിയ രംഗത്തെ പുതിയ സാധ്യതകളും ഉള്‍പ്പെടെ കലക്കും, വ്യവസായത്തിനും ഉണര്‍വേകുന്ന നിരവധി പുതിയ പ്രവണതകള്‍ ഇന്ത്യയിലെ അനിമേഷന്‍, മീഡിയ വ്യവസായത്തിന് പരിചയപ്പെടുത്തുകയാണ് ഈ അനിമേഷന്‍ സമ്മിറ്റിലൂടെ ലക്ഷ്യമിടുന്നത്” എന്ന് ടൂണ്‍സ് മീഡിയ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ജയകുമാര്‍ വ്യക്തമാക്കി. ”ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ അനിമേഷന്‍ രംഗത്തെ കഴിവുള്ള യുവാക്കളെ സാങ്കേതികമായും, ശാസ്ത്രീയമായും, കലാപരമായും ലോകോത്തര നിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ ഇത്തരത്തിലുള്ള സമ്മിറ്റുകള്‍ വഴി സാധിക്കും”, എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനിമേഷന്‍ സമ്മിറ്റുമായി ബന്ധപ്പെട്ട് ‘ഫ്‌ലയിങ് എലിഫന്റ് കോംപെറ്റീഷനും’ സംഘടിപ്പിച്ചിട്ടുണ്ട് ഈ മത്സരത്തില്‍ അനിമേഷന്‍ ഷോര്‍ട്ട് ഫിലിം, സ്റ്റുഡന്റസ് ഷോര്‍ട്ട് ഫിലിം, ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം എന്നിവയില്‍ മത്സരങ്ങള്‍ നടക്കും. ഇതിലേക്കായി ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമായി 2000ത്തോളം അനിമേഷന്‍ ഹ്രസ്വ ചിത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദഗ്ധ ജൂറി പാനലിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങള്‍ക്ക് സമ്മിറ്റിന്റെ രണ്ടാം ദിനം നടക്കുന്ന സമാപന സമ്മേളനത്തില്‍ വച്ച് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. അനിമേഷന്‍ സമ്മിറ്റ് മെയ് അഞ്ചിന് സമാപിക്കും.

Follow Us