Capturing Business 360°

ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യത്തിലേയ്‌ക്ക്‌

കൊച്ചി: അനിശ്ചിതങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട്‌ അങ്കമാലി-എരുമേലി ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യമാകാന്‍ വഴിയൊരുങ്ങുന്നു. പാലാ പട്ടണത്തില്‍ കൂടി റെയില്‍വേ ലൈന്‍ കടന്നുപോകണോ എന്ന തര്‍ക്കമാണ്‌ വര്‍ഷങ്ങളായി പാതയ്‌ക്ക്‌ തടസ്സമായത്‌. പാലാ നഗരാതിര്‍ത്തിക്കുള്ളില്‍ റെയില്‍വേ ലൈന്‍ കടന്നുപോകേണ്ടെന്നും പാലായില്‍ റെയില്‍വേ സ്റ്റേഷന്‍ വേണ്ടെന്നുമുള്ള തീരുമാനമാണ്‌ ഒടുവില്‍ ശബരി പാതയ്‌ക്ക്‌ ശാപമോക്ഷത്തിന്‌ തുണയായത്‌.

അങ്കമാലിയില്‍ നിന്ന്‌ തുടങ്ങി കാലടി, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, കാഞ്ഞിരപ്പിള്ളി വഴി എരുമേലിയിലെത്തുന്നതാണ്‌ നിര്‍ദ്ദിഷ്‌ട ശബരി പാത. ഇതില്‍ തൊടുപുഴയില്‍ നിന്ന്‌ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അലൈന്‍മെന്റിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പാലാ, ഈരാറ്റുപേട്ട ടൗണുകള്‍ ഒഴിവാക്കിക്കൊണ്ട്‌ രണ്ടിനും മദ്ധ്യത്തില്‍ മേലമ്പാറയില്‍ റെയില്‍വേസ്റ്റേഷന്‍ നിര്‍മ്മിക്കാനാണ്‌ പുതിയ തീരുമാനം. പാലാ ടൗണില്‍ നിന്ന്‌ 7 കിലോമീറ്ററും ഈരാറ്റുപേട്ടയില്‍ നിന്ന്‌ 5 കിലോമീറ്ററും ഭരണങ്ങാനത്ത്‌ നിന്ന്‌ രണ്ട്‌ കിലോമീറ്ററും ദൂരം വരും പുതിയ റെയില്‍വേസ്റ്റേഷനിലേയ്‌ക്ക്‌. പാലാ അല്ലെങ്കില്‍ ഭരണങ്ങാനം എന്നാവും പുതിയ സ്റ്റേഷന്റെ പേര്‌.

തൊടുപുഴയില്‍ നിന്ന്‌ കരിങ്കുന്നം, നെല്ലാപ്പാറ, പിഴക്‌, മാനത്തൂര്‍, കൊല്ലപ്പള്ളി, അന്തിനാട്‌, മങ്കര, വേഴങ്ങാനം, ചൂണ്ടച്ചേരി വഴിയാണ്‌ പാത നിര്‍ദ്ദിഷ്‌ട റെയില്‍വേ സ്റ്റേഷനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന മേലമ്പാറയിലെത്തുക. ഇവിടെനിന്നും മീനച്ചിലാര്‍ കുറുകെ കടന്ന്‌ ചാത്തംകുളം, പടിഞ്ഞാറേമല വഴി കപ്പാട്‌ എത്തുന്ന പാത ആനക്കല്ല്‌, മോര്‍ക്കുന്ന്‌ എസ്റ്റേറ്റു വഴി കാഞ്ഞിരപ്പള്ളിക്കടുത്ത്‌ 26-ാം മൈലിലെത്തുന്നു.

കോട്ടയം – കുമളി റോഡിലെ പ്രധാന നാല്‍ക്കവലകളിലൊന്നായ 26-ാം മൈലിലാണ്‌ കാഞ്ഞിരപ്പള്ളി റെയില്‍വേസ്റ്റേഷന്‍ വരുന്നത്‌. കാഞ്ഞിരപ്പള്ളി ടൗണില്‍ നിന്നുള്ളവര്‍ക്കും മുണ്ടക്കയം ഭാഗത്ത്‌ നിന്നുള്ള ഹൈറേഞ്ച്‌ യാത്രക്കാര്‍ക്കും എളുപ്പത്തില്‍ 26-ാം മൈലിലെത്താനാവുമെന്നതാണ്‌ ഈ സ്റ്റേഷന്റെ പ്രത്യേകത.

26-ാം മൈലില്‍ നിന്നും പൂര്‍ണ്ണമായും റബ്ബര്‍ എസ്റ്റേറ്റുകളില്‍ കൂടിയാണ്‌ പാത എരുമേലിയിലെത്തുക. കൊല്ലംകുളം എസ്റ്റേറ്റും വെള്ളിപ്പനാടി എസ്റ്റേറ്റും കടന്ന്‌ മണിമലയാര്‍ കുറുകെ കടക്കുന്ന പാത ഹാരിസണ്‍ മലയാളം എസ്റ്റേറ്റ്‌, ട്രോപ്പിക്കല്‍ എസ്റ്റേറ്റ്‌ വഴി എരുമേലി റെയില്‍വേ സ്റ്റേഷനിലെത്തും.

പുതിയ അലൈന്‍മെന്റ്‌ പ്രകാരം 20 കിലോമീറ്ററോളം പാതയുടെ ദൂരം കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. പാലാ, ഈരാറ്റുപേട്ട പട്ടണങ്ങളെ സ്‌പര്‍ശിക്കുന്നില്ല എന്നത്‌ മാത്രമാണ്‌ ചെറിയ ന്യൂനത. രണ്ട്‌ നഗരങ്ങളും തമ്മില്‍ 12 കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഇവയുടെ മധ്യത്തില്‍ ഭരണങ്ങാനത്തോട്‌ ചേര്‍ന്ന്‌ പുതിയ റെയില്‍വേസ്റ്റേഷന്‍ സ്ഥാപിച്ച്‌ ഇത്‌ പരിഹരിക്കാനാണ്‌ ശ്രമിച്ചിരിക്കുന്നത്‌. പുതിയ റെയില്‍വേ സ്റ്റേഷനുകളും മറ്റും നഗരമധ്യത്തില്‍ സ്ഥാപിച്ചാല്‍ കൂടുതല്‍ ഗതാഗത കുരുക്കിന്‌ ഇടവരുത്തുമെന്നും അതിനാല്‍ റെയില്‍വേ സ്റ്റേഷന്‍ നഗരങ്ങളില്‍ നിന്ന്‌ മാറ്റി സ്ഥാപിക്കുന്നതാണ്‌ ഉചിതമെന്നുമാണ്‌ ബന്ധപ്പെട്ടവര്‍ പറയുന്നത്‌. ഏതായാലും പുതിയ അലൈന്‍മെന്റ്‌ പ്രകാരം മീനച്ചില്‍ താലൂക്കില്‍ 84 ഹെക്‌ടറും കാഞ്ഞിരപ്പള്ളി താലൂക്കില്‍ 87 ഹെക്‌ടറും സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇതിനുള്ള നടപടികള്‍ ഉടനെ തുടങ്ങുമെന്ന്‌ അറിയുന്നു.

ജോര്‍ജ്ജ്‌ ഫെര്‍ണാണ്ടസ്‌ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കുമ്പോഴാണ്‌ ശബരി പാതയുടെ സര്‍വ്വേ തുടങ്ങിയത്‌. എറണാകുളത്തുനിന്ന്‌ കാക്കനാട്‌, മൂവാറ്റുപുഴ, തൊടുപുഴ, കൂത്താട്ടുകുളം, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി വഴി എരുമേലിലെത്തുന്ന പാതയാണ്‌ ആദ്യം പരിഗണിച്ചത്‌. എന്നാല്‍ പിന്നീടത്‌ മൂവാറ്റുപുഴ പാര്‍ലമെന്റ്‌ മണ്‌ഡലത്തില്‍ ഉള്‍പ്പെടുന്ന എല്ലാ പ്രധാന ടൗണുകളേയും ബന്ധിപ്പിക്കുന്ന വിധത്തില്‍ പാതയുടെ അലൈന്‍മെന്റ്‌ തിരുത്തുകയായിരുന്നു. ഇതിന്‍ പ്രകാരം അങ്കമാലിയില്‍ നിന്ന്‌ തുടങ്ങി കാലടി, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, കൂത്താട്ടുകുളം, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി വഴി എരുമേലിയിലെത്തുന്ന വിധമായി അലൈന്‍മെന്റ്‌ മാറി. ഇതനുസരിച്ച്‌ പാലാ നഗരസഭയിലെ കവിക്കുന്നിന്‌ താഴെയുള്ള നെല്‍പ്പാടങ്ങളിലായിരുന്നു റെയില്‍വേസ്റ്റേഷന്‌ പദ്ധതിയിട്ടിരുന്നത്‌. ഈ അലൈന്‍മെന്റ്‌ തിരുത്തിയാണ്‌ ഒടുവില്‍ റെയില്‍വേ അംഗീകരിച്ചിരിക്കുന്ന പുതിയ അലൈന്‍മെന്റ്‌ വന്നിരിക്കുന്നത്‌.

ലക്ഷക്കണക്കിന്‌ അയ്യപ്പ ഭക്തര്‍ക്കും മധ്യതിരുവിതാംകൂറിന്റെ സമഗ്ര വികസനത്തിനും വഴിയൊരുക്കുന്നതാണ്‌ ശബരി പാത. റബ്ബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകളുടേയും മറ്റും പ്രാധാന്യം കൊണ്ട്‌ ചരക്ക്‌ ഗതാഗതത്തിനും പാത പ്രയോജനം ചെയ്യുമെന്ന്‌ കരുതപ്പെടുന്നു. എരുമേലിയില്‍ നിന്ന്‌ റാന്നി, പത്തനംതിട്ട, പുനലൂര്‍ വഴി തിരുവനന്തപുരത്തെത്തുന്ന ബദല്‍ പാതയായി ഇത്‌ വികസിപ്പിക്കണമെന്ന നിര്‍ദ്ദേശവും ഇപ്പോള്‍ റെയില്‍വേയുടെ പരിഗണനയിലാണ്‌.