Capturing Business 360°

വിപണി മൂല്യം ഉയര്‍ന്നു; ഒരു ലക്ഷം കോടി ക്ലബിലേക്ക് മഹീന്ദ്രയും

ന്യൂഏജ് ന്യൂസ്

മുംബൈ: ബിഎസ്ഇയിലെ ഒരു ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള കമ്പനികളുടെ പട്ടികയില്‍ മഹീന്ദ്ര & മഹീന്ദ്രയും ഇടംപിടിച്ചു. രാജ്യത്തെ മുന്‍ നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്രയുടെ ഓഹരി വില കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും മികച്ച നിലയിലേക്ക് എത്തിയതോടെയാണ് ഈ നേട്ടം കൈവരിച്ചത്. മൊത്തം വിപണി മൂല്യത്തില്‍ മഹീന്ദ്ര & മഹീന്ദ്രയുടെ സ്ഥാനമിപ്പോള്‍ മുപ്പതാണ്. ടാറ്റ മോട്ടോഴ്‌സാണ് തൊട്ട് മുമ്പിലുള്ളത്. ഈ മാസം ഇതുവരെ എം& എമ്മിന്റെ ഓഹരികളില്‍ 9 ശതമാനത്തോളം വര്‍ധന പ്രകടമായി. ഇക്കാലയളവില്‍ എസ്& പി ബിഎസ്ഇ സെന്‍സെക്‌സ് 4 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. മാര്‍ച്ചില്‍ കമ്പനിയുടെ വില്‍പ്പന 10 ശതമാനം ഉയര്‍ന്ന് 62,077 യൂണിറ്റായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 56,202 യൂണിറ്റായിരുന്നു വില്‍പ്പന.
ഈ വര്‍ഷം കാലവര്‍ഷം മികച്ചതായിരിക്കും എന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനം വന്നത് എം& എമ്മിന്റെ ഓഹരികള്‍ക്ക് അനുകൂലമായി.