Capturing Business 360°

വിദേശ നിക്ഷേപത്തിലെ വര്‍ദ്ധന ശ്രദ്ധേയം

രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വളര്‍ച്ച കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രമാനുഗതമായി ഉയര്‍ന്നതായാണ് കാണുന്നത്. 2016-17 വര്‍ഷങ്ങളില്‍ രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കില്‍ 37 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് കേന്ദ്രവ്യവസായ നയരൂപീകരണ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. 10.4 ബില്യണ്‍ യു.എസ്. ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപമാണ് ഇക്കാലയളവില്‍ രാജ്യത്തെത്തിയത്. രാജ്യത്തെ തികച്ചും നയരഹിതമായിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഉണ്ടായിരിക്കുന്ന മാറ്റം വിദേശ നിക്ഷേപകരില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടാക്കിയെന്നതിന്റെ തെളിവായി ഇത് വിലയിരുത്തപ്പെടുന്നു.

കറന്‍സി പിന്‍വലിക്കലും, ജി.എസ്.ടി.യുമൊക്കെ രാജ്യത്തെ സാമ്പത്തിക രംഗത്ത് ചില അസ്വാരസ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ടെങ്കില്‍ കൂടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് സാമ്പത്തിക വളര്‍ച്ചക്കും പുരോഗതിക്കും സഹായകമാകുമെന്നു തന്നെയാണ് കരുതന്നത്. മോദിസര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. വിദേശ നിക്ഷേപനയങ്ങള്‍ കൂടുതല്‍ ഉദാരവല്‍ക്കരിച്ചു. വിദേശ നിക്ഷേപത്തിനായുള്ള പ്രത്യേക ബോര്‍ഡ് തന്നെ നിര്‍ത്തലാക്കി. ഉദ്യോഗസ്ഥതലങ്ങളിലുള്ള ഇടപെടലുകളും മെല്ലപ്പോക്കും വിദേശ നിക്ഷേപകരെ അകറ്റിയ ഘടകങ്ങളായിരുന്നു. ഇതിന് തടയിടാന്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ക്ക് ഫലമുണ്ടാകുന്നുവെന്നു തന്നെയാണ് തെളിയുന്നത്. രാജ്യത്തെ വ്യവസായിക അന്തരീക്ഷം മെച്ചപ്പെട്ടിരിക്കുന്നു.

മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ രാജ്യത്തെ മാനുഫാക്ചറിംഗ് സെക്ടറിനെ കൂടുതല്‍ ചലനാത്മകമാക്കിത്തീര്‍ത്തിട്ടുണ്ട്. 31 ശതമാനത്തിന്റെ വളര്‍ച്ച ഈ രംഗത്തുണ്ടായിട്ടുണ്ടന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ടെലികോം, സര്‍വ്വീസ്, ആട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, സോഫ്‌റ്റ്വെയര്‍, ട്രേഡിംഗ് ഉൾപ്പെടെ ചില മേഖലകളിലാണ് കൂടുതല്‍ വിദേശ നിക്ഷേപമെത്തുന്നത്. ഏതാനും മേഖലകളിലാണ് നിക്ഷേപമെത്തുന്നതെങ്കിലും അതിന്റെ അനുബന്ധമായുള്ള മറ്റ് വ്യവസായങ്ങള്‍ക്കും മേഖലകള്‍ക്കും അത് ഊര്‍ജ്ജദായകമാണ്. രാജ്യത്തിന്റെ മൊത്തം പുരോഗതിയിലും വളര്‍ച്ചയിലുമൊക്കെ ഇത്തരത്തില്‍ അധികനിക്ഷേപമെത്തുന്നത് തികച്ചും ശുഭോതര്‍ക്കം തന്നെയാണ്.

മാറിയ സാഹചര്യം കൊണ്ടു വന്ന നേട്ടം: അനീഷ് കുര്യന്‍

വിദേശ നിക്ഷേപകര്‍ രാജ്യത്തെ വ്യാവസായിക അന്തരീക്ഷം വിലയിരുത്തിക്കൊണ്ടാണ് നിക്ഷേപം നടത്തുക. കഴിഞ്ഞ യു.പി.എ. ഭരണകാലത്ത് രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങള്‍ തികച്ചും നയരഹിതവും അനിശ്ചിതത്വം നിറഞ്ഞതുമായിരുന്നു. രാജ്യത്തെ ആര്‍.ബി.ഐ. ഗവര്‍ണ്ണര്‍ തന്നെ ഇക്കാര്യം പല തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. വളര്‍ച്ചയ്ക്ക് ആര്‍.ബി.ഐ. നയം മാത്രം മതിയാകില്ലെന്നും സര്‍ക്കാര്‍ നയരൂപീകരണം ആവശ്യമാണെന്നും ഓര്‍മ്മപ്പെടുത്തിയിരുന്നു. ഇതില്‍ നിന്നും വിഭിന്നമായി സാമ്പത്തികനയങ്ങളിലും പരിഷ്‌കരണ പരിപാടികളിലും മാറ്റമുണ്ടായിട്ടുണ്ട്. വ്യവസായ വാണിജ്യ തലങ്ങളില്‍ നയമാറ്റം പ്രതിഫലിക്കുന്നുണ്ട്. കറന്‍സി റദ്ദാക്കല്‍ , ജി.എസ്.ടി.തുടങ്ങിയവ ഉളവാക്കിയ പ്രശ്‌നങ്ങള്‍ താല്‍ക്കാലിക മാന്ദ്യമുണ്ടാക്കയെങ്കിലും ഇത് സമ്പത്ത് രംഗത്ത് ഗുണകരമാകുമെന്നു തന്നെയാണ് തെളിയുന്നത്. വിദേശ നിക്ഷേപങ്ങളിലെ ഒഴുക്ക് മാറിയ സാഹചര്യങ്ങള്‍ കൊണ്ടവരുന്ന നേട്ടമായി തന്നെ കാണണം. വിദേശ നിക്ഷേപത്തിനുള്ള ബോര്‍ഡ് നിര്‍ത്തലാക്കിയത് സ്വാഗതാര്‍ഹമാണ്. നിക്ഷേപത്തിനുള്ള തടസ്സങ്ങള്‍ നീങ്ങിയിരിക്കുന്നു. നിക്ഷേപകസൗഹൃദ അന്തരീക്ഷത്തിലേക്ക് രാജ്യം മുന്നേറുന്നത് പുറം ലോകം തിരിച്ചറിയുകയാണ്.
(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)

രാജ്യപുരോഗതിക്ക് മുതല്‍ക്കൂട്ടാകും: പ്രൊഫ. സി.പി.രാധാകൃഷ്ണന്‍ നായര്‍

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ തോതില്‍ വലിയ കുതിച്ചുചാട്ടമാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. വ്യവസായവിദഗ്ദ്ധര്‍ പറയുന്ന കണക്കുകള്‍ ഇതു ശരി വയ്ക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 18 ശതമാനത്തിന്റെ വര്‍ദ്ധനയാണ് കാണുന്നത്. 2016-17 ല്‍ 4,600 കോടി ഡോളര്‍,അതായത് 3.5 ലക്ഷം കോടിയോളം രൂപ ഇന്ത്യയിലെത്തിയെന്നത് പ്രധാനമാണ്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പണം കണ്ടെത്തേണ്ട സാഹചര്യത്തില്‍ എത്തുന്ന അധികനിക്ഷേപം രാജ്യത്തെ വികസന കാര്യങ്ങളില്‍ മുതല്‍ക്കൂട്ടായി മാറും. ടെലികോം, ആട്ടോമൊബൈല്‍, ഐ.ടി മേഖലകളിലക്കാണ് നിക്ഷേപം വരുന്നത്. എയര്‍ പോര്‍ട്ടുകളുടേയും, തുറമുഖങ്ങളുടേയും മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളുടേയുമൊക്കെ വികസനത്തിന് കൂടുതല്‍ നിക്ഷേപം ഉണ്ടാവുകയെന്നത് പ്രധാനമാണ്. നേരിട്ടുള്ള വിദേശനിക്ഷേപത്തിലുണ്ടാകുന്ന വര്‍ദ്ധന രാജ്യപുരോഗതിയില്‍ നിര്‍ണ്ണായകമാകുന്നതും ഈ സാഹചര്യത്തിലാണ്. വളര്‍ച്ചയില്‍ നില്‍ക്കുന്ന ഇന്ത്യയെപ്പോലുള്ള സമ്പദ്ഘടനക്ക് ഇത് കൂടുതല്‍ ഉണര്‍വ്വ് പകരുക തന്നെ ചെയ്യും.
(ധനകാര്യവിദഗ്ദ്ധനാണ് ലേഖകന്‍)

നിക്ഷേപം കാര്യക്ഷമമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്‌: ജോസ് തോമസ്‌

നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം മുന്‍വര്‍ഷത്തേക്കാള്‍ വര്‍ദ്ധനയുണ്ടായെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.നേരിട്ടുള്ള വിദേശനിക്ഷേപം 10.4 ബില്യണ്‍ ഡോളറിലെത്തിയെന്നത് ഈ വളര്‍ച്ചയുടെ യഥാര്‍ത്ഥ ഗതിവേഗം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട് അടിസ്ഥാന വികസന രംഗത്ത് രാജ്യം ഇനിയും മുന്നേറേണ്ടത് വികസനത്തിനും സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമാണ്. ടെലികോം, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, സോഫ്‌റ്റ്വെയര്‍, ഓട്ടോമൊബൈല്‍ മേഖലകളിലേക്കാണ് കൂടുതല്‍ നിക്ഷേപമെത്തുന്നതെന്ന് സുചനയുണ്ട്. ഡിജിറ്റലൈസേഷന്റെ പാതയില്‍ നില്‍ക്കുന്ന രാജ്യത്ത് അനുബന്ധ മേഖലകളുടെ വികസനം ആവശ്യമായി വരുന്നുണ്ട്. അതുകൊണ്ടു തന്നെ മേഖലയില്‍ അധിക നിക്ഷേപമെത്തുന്നത് പ്രധാനമാണ്.
(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)