Capturing Business 360°

വാട്‌സ്‌ആപ്‌ ഇനി ഫെയ്‌സ്‌ബുക്കിനു സ്വന്തം

ന്യൂയോര്‍ക്ക്‌ : ആഗോളതലത്തില്‍ അതിവേഗം വളരുന്ന മൊബൈല്‍ മെസേജിങ്‌ സര്‍വീസായ വാട്‌സ്‌ആപ്പിനെ ഫെയ്‌സ്‌ബുക്ക്‌ സ്വന്തമാക്കി. 19 ബില്യണ്‍ ഡോളറിനാണ്‌ വിവരസാങ്കേതിക ലോകത്തെ ഈ വമ്പന്‍ കൈമാറ്റം.
ഇന്റര്‍നെറ്റ്‌ കണക്ഷന്റെ സഹായത്തോടെ ചാറ്റ്‌, ഫയല്‍ ഷെയറിങ്‌ എന്നിവയ്‌ക്ക്‌ ഏറെ പ്രചാരത്തിലുള്ള സൗജന്യ ആപ്‌ളിക്കേഷനാണ്‌ വാട്‌സ്‌ആപ്‌്‌. ചിത്രങ്ങള്‍ തല്‍സമയം അയക്കാനും വിഡിയോ ഫയലുകളും മറ്റും അറ്റാച്ച്‌ ചെയ്‌ത്‌ അയയ്‌ക്കാനും ഇതില്‍ സൗകര്യമുണ്ട്‌. ഫോണ്‍ബുക്കിലുള്ള ഇതേ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുമായി ആശയവിനിമത്തിനും ഗ്രൂപ്പ്‌ ചാറ്റിനും സൗകര്യവുമുള്ള വാട്‌സ്‌ആപ്പിനെ പോക്കറ്റിലാക്കുന്നതോടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ രംഗത്ത്‌ ശക്തമായ സാന്നിധ്യമുറപ്പിക്കലാണ്‌ ഫെയ്‌സ്‌ബുക്ക്‌ നടപ്പാക്കുന്നത്‌.
വാട്‌സ്‌ആപ്പിലെ 450 ദശലക്ഷം ഉപഭോക്താക്കളെ സ്വന്തം കുടക്കീഴിലെത്തിക്കാനും ഈ ഇടപാടിലൂടെ ഫെയ്‌സ്‌ബുക്കിനായി. ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാലും വാട്‌സ്‌ആപ്പിനെ സ്വതന്ത്രമായ നിലയില്‍ തന്നെ പ്രവര്‍ത്തനത്തിന്‌ അനുവദിക്കാനും ഫെയ്‌സ്‌ബുക്ക്‌ തീരുമാനിച്ചിട്ടുണ്ട്‌. പൊതുവിപണിയില്‍ നിന്നും ഓഹരി വില്‍പ്പനയിലൂടെ 16 ബില്യണ്‍ സമാഹരിച്ച ശേഷം മാര്‍ക്‌ സുക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്‌ബുക്ക്‌ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കല്‍ പദ്ധതി കൂടിയാണിത്‌.
ഫെയ്‌സ്‌ബുക്ക്‌ ഓഹരികള്‍, പണമായി നാലു ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാവും ഏറ്റെടുക്കല്‍ തുകയായ 19 ബില്യണ്‍ ഡോളര്‍ നല്‍കുക. നാലുവര്‍ഷത്തിനുള്ളില്‍ വാട്‌സ്‌ആപ്‌ സ്ഥാപകര്‍ക്കും ജീവനക്കാര്‍ക്കും നാലു ബില്യണ്‍ ഡോളര്‍ വിലവരുന്ന ഓഹരികള്‍ നല്‍കുമെന്നും സൂചനയുണ്ട്‌.
സുപ്രധാനമായ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ മികച്ചരീതിയിലും താങ്ങാനാവുന്ന തരത്തിലും നല്‍കുകയെന്ന ഇരുസ്ഥാപനങ്ങളുടെയും ലക്ഷ്യപൂര്‍ത്തീകരണമാണ്‌ ഈ ഇടപാടിലൂടെ സാധ്യമാകുന്നതെന്ന്‌ വാര്‍ത്താക്കുറിപ്പിലൂടെ ഫെയ്‌സ്‌ബുക്ക്‌ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മുന്‍നിര മെസേജിങ്‌ സ്ഥാപനമായ സ്‌നാപ്‌ചാറ്റിനെ മൂന്നു ബില്യണ്‍ ഡോളറിന്‌ ഏറ്റെടുക്കാന്‍ ഫെയ്‌സ്‌ബുക്ക്‌ നീക്കം നടത്തിയിരുന്നു.
നൂറുകോടി പേരെ ആകര്‍ഷിക്കാനാകും വിധം വാട്‌സ്‌ആപ്‌ മുന്നേറുകയായിരുന്നു. ഈ ലക്ഷ്യത്തിലേക്ക്‌ കടന്നെത്തുന്ന സേവനത്തിന്‌ മൂല്യവും ഏറെയാണ്‌. ഫെയ്‌സ്‌ബുക്ക്‌ സ്ഥാപകന്‍ സുക്കര്‍ബര്‍ഗ്‌ അഭിപ്രായപ്പെട്ടു. വാട്‌സ്‌ആപ്‌ സ്ഥാപകനായ ജാന്‍ കൗമിനെ അറിയാമെന്നും അദ്ദേഹവുമായും വാട്‌സ്‌ആപ്‌ സംഘവുമായും സഹകരിക്കുന്നതില്‍ ആവേശഭരിതനാണെന്നും സുക്കര്‍ബര്‍ഗ്‌ പറഞ്ഞു.
അഞ്ചുവര്‍ഷം മുന്‍പ്‌ ചെറിയൊരു ദൗത്യവുമായാണ്‌ വാട്‌സ്‌ആപ്‌ രംഗത്തെത്തിയതെന്ന്‌ ബ്‌ളോഗ്‌ പോസ്റ്റിലൂടെ വാട്‌സ്‌ആപ്‌ സ്ഥാപകന്‍ ജാന്‍ കൗമും ഓര്‍മിച്ചു. ആഗോളതലത്തില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനാവുന്ന ഒരു ഉല്‍പന്നം എന്ന ചിന്തയായിരുന്നു അതെന്ന്‌ അദ്ദേഹം പറഞ്ഞു. അന്നത്തെ ആ ചെറിയ ദൗത്യം മുന്നോട്ടുകൊണ്ടു പോകാന്‍ തന്നെയും സഹസ്ഥാപകനായ ബ്രയാന്‍ ആക്ടനെയും സംഘത്തെയും ഫെയ്‌സ്‌ബുക്കുമായുളള സഹകരണം സഹായിക്കുമെന്ന്‌ ഏറ്റെടുക്കല്‍ വാര്‍ത്ത സ്ഥിരീകരിച്ച്‌ കോവും പറഞ്ഞു.
പുതുതലമുറയുടെ എസ്‌എംഎസും എംഎംഎസും മെസഞ്ചറും ഫയല്‍ ഷെയററും എല്ലാമാണ്‌ വാട്ട്‌സ്‌ ആപ്‌ ആപ്‌ളിക്കേഷന്‍. ആന്‍ഡ്രോയ്‌ഡ്‌ പ്ലാറ്റ്‌ഫോമില്‍ മാത്രം വാട്ട്‌സ്‌ ആപ്‌ ഡൗണ്‍ലോഡുകള്‍ കോടികള്‍ വരും. ആപ്പിള്‍ ആപ്‌സ്‌റ്റോറിലും വാട്ട്‌സ്‌ ആപ്പാണ്‌ മുന്നില്‍. ബ്ലാക്‌ബെറി, സിംബിയന്‍, വിന്‍ഡോസ്‌ പ്ലാറ്റ്‌ഫോമുകളിലെ കണക്കുകള്‍ കൂടി നോക്കുമ്പോള്‍ ആകെ ഉപയോക്താക്കള്‍ നൂറു കോടിയിലേക്ക്‌ കടക്കാന്‍ ഒരുങ്ങുകയുമാണ്‌. ലാളിത്യവും സമഗ്രതയുമാണ്‌ വാട്ട്‌സ്‌ ആപ്പിനെ ഇത്രത്തോളം ജനപ്രിയമാക്കിയത്‌. മറ്റ്‌ ആപ്ലിക്കേഷനുകളെപ്പോലെ 3ജി കണക്ഷനോ ഹൈ സ്‌പീഡ്‌ മൊബൈല്‍ ഇന്റര്‍നെറ്റോ ഒന്നും ഇതിനു വേണ്ട.
ക്രോസ്‌ പ്ലാറ്റ്‌ഫോം കണക്ടിവിറ്റിയാണ്‌ വാട്ട്‌സ്‌ ആപ്പിനെ ഇത്രത്തോളം ജനകീയമാക്കിയത്‌. അതായത്‌ ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കുന്നയാള്‍ക്ക്‌ ആന്‍ഡ്രോയ്‌ഡ്‌ ഉപയോഗിക്കുന്നവരുമായോ ബ്ലാക്‌ബെറിക്കാര്‍ക്ക്‌ വിന്‍ഡോസ്‌ മൊബൈലുകാരുമായോ വാട്ട്‌സ്‌ ആപ്പ്‌ വഴി സന്ദേശങ്ങളയക്കാം. വാട്ട്‌സ്‌ ആപ്പ്‌ ഉപയോഗിക്കുന്ന നമ്മുടെ കോണ്‍ടാക്ട്‌ ലിസ്റ്റിലുള്ളവരെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ നമുക്ക്‌ കാണാം. അവരുമായി ചാറ്റ്‌ ചെയ്യുന്നതിനു പുറമേ ഫോട്ടോയും വിഡിയോയുമൊക്കെ തല്‍സമയം ഷെയര്‍ ചെയ്യുന്നതിനും വാട്ട്‌സ്‌ ആപ്പ്‌ അവസരമൊരുക്കുന്നു. പോപ്‌ അപ്‌ നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള ഇന്‍സ്റ്റന്റ്‌ മെസ്സേജിങ്‌ സൗകര്യങ്ങളെല്ലാം വാട്ട്‌സ്‌ ആപ്പും നല്‍കുന്നു. സെന്‍ഡ്‌, ഡെലിവറി നോട്ടിഫിക്കേഷനുകള്‍ മെസേജിങ്ങിന്റെ കൃത്യത ഉറപ്പാക്കുന്നു. യാഹൂ ജീവനക്കാരായിരുന്ന ബ്രയാണ്‍ ആക്ടനും ജാന്‍ കൗമും ചേര്‍ന്ന്‌ 2009ല്‍ ആരംഭിച്ചതാണ്‌ വാട്ട്‌സ്‌ആപ്‌ കമ്പനി.