Capturing Business 360°

വാട്‌സ്ആപ്പ് പേമെന്റ് ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ചു

ന്യൂഡല്‍ഹി യൂണിഫൈഡ് പേമെന്റ് ഇന്റര്‌ഫെയ്‌സ് (യുപിഐ) അടിസ്ഥാനമാക്കിയുള്ള വാട്‌സ്ആപ്പ് പേമെന്റ് ഫീച്ചർ രാജ്യത്ത് ലഭ്യമായിത്തുടങ്ങി. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലാണ് ഫീച്ചർ ലഭ്യമാവുക. വെറും അഞ്ച് മിനിറ്റു കൊണ്ടു ബാങ്ക് അക്കൗണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുമായി യുപിഐ മുഖേന ബന്ധിപ്പിക്കാന്‍ ഉപഭോക്താവിനു സാധിക്കും. ചാറ്റ് ചെയ്യുന്നതിനൊപ്പം ചിത്രങ്ങളും വീഡിയോകളും അയയ്ക്കുന്നതുപോലെ പണം അയയ്ക്കാനും വാങ്ങാനും കഴിയും. എന്നാല്‍ വ്യാവസായിക കച്ചവട ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാന്‍ കഴിയില്ല. മറ്റ് പേയ്‌മെന്റ് വാലറ്റുകളില്‍ നിന്നു വ്യത്യസ്തമായി യുപിഐയില്‍ പണം ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും നേരിട്ടു വിനിമയം ചെയ്യപ്പെടുക. ഇന്റര്‍നെറ്റ്/മൊബൈല്‍ ബാങ്കിങ്ങിനായി അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് തുടങ്ങിയവ നല്‍കണമെങ്കില്‍ ഇവിടെ ആകെ ആവശ്യമുള്ളതു പണം ലഭിക്കേണ്ട വ്യക്തിയുടെ ഫോണ്‍ നമ്പര്‍ മാത്രമാണ്. Invite വഴി നിലവില്‍ ഈ സേവനം നിശ്ചിത ഉപഭോക്താക്കള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ സേവനമുള്ളയാള്‍ക്കു മറ്റൊരാളെ ഇന്‍വൈറ്റ് ചെയ്താല്‍ അയാള്‍ക്കും പേയ്‌മെന്റ് സൗകര്യം ലഭിക്കും.

Whatsapp Payment ഉപയോഗിക്കാൻ

• നിങ്ങളുടെ വാട്‌സ്ആപ്പ് ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.
• ഫീച്ചർ ലഭ്യമായവര്‍ ആരെങ്കിലും നിങ്ങള്‍ക്ക് സന്ദേശം അയച്ചാല്‍ ആ ഫീച്ചർ നിങ്ങളുടെ ഫോണിലും ആക്റ്റിവേറ്റ് ആവും. ഇതിനായി സുഹൃത്തിന്റെ സന്ദേശം ലഭിച്ചുകഴിഞ്ഞാലുടന്‍ നിങ്ങള്‍ ആപ്ലിക്കേഷന്‍ റീ ലോഞ്ച് ചെയ്യണം. അതിന് ശേഷം വാട്‌സ്ആപ്പ് സെറ്റിങ്‌സ് ലിസ്റ്റില്‍ പേമെന്റ് ഓപ്ഷന്‍ പ്രത്യക്ഷമാവും. ഇതിലെ നിബന്ധനകള്‍ അംഗീകരിച്ചശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക.
• ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറുള്ള ഫോണില്‍ തന്നെയാണു വാട്‌സ്ആപ്പ് ഉള്ളതെന്ന് ഉറപ്പാക്കുക.
• ആഡ് ന്യൂ അക്കൗണ്ട് (Add New Account) എന്ന മെനുവിലൂടെ നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക.
• നിങ്ങളുടെ നമ്പറില്‍ നിന്ന് ബാങ്ക് സെര്‍വറിലേക്ക് ഒരു എസ്എംഎസ് സന്ദേശം പോകുകയും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ദൃശ്യമാകുകയും ചെയ്യും.
• അക്കൗണ്ട് തിരഞ്ഞെടുക്കുന്നതോടെ ആദ്യഘട്ടം പൂര്‍ത്തിയാകും.
• പേയ്‌മെന്റ് സൗകര്യം ലഭ്യമായ മറ്റൊരാളുടെ ചാറ്റ് തുറന്ന് ചിത്രങ്ങളും മറ്റും അറ്റാച്ച് ചെയ്യുന്ന പേയ്‌മെന്റ് എന്നൊരു ഓപ്ഷന്‍ കൂടി ദൃശ്യമാകും.
• ആദ്യമായതിനാല്‍ ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡിന്റെ അവസാന ആറക്ക നമ്പറും കാര്‍ഡിലുള്ള എക്‌സ്പയറി ഡേറ്റും നല്‍കുക.
• തുടര്‍ന്ന് എസ്എംഎസ് ആയി ലഭിക്കുന്ന ഒടിപി (വണ്‍ ടൈം പാസ്സ്‌വേര്‍ഡ്) നല്‍കുക.
• ആറക്കമുള്ള യുപിഐ പിന്‍ അഥവാ പാസ്സ്‌വേര്‍ഡ് നിര്‍മിക്കുക. പണമിടപാടിന് ഈ പാസ്സ്‌വേര്‍ഡ് ആയിരിക്കും ഉപയോഗിക്കുന്നത്.
• ഇനി കൈമാറേണ്ട സംഖ്യ ടൈപ്പ് ചെയ്ത് അയയ്ക്കാം. ഉറപ്പാക്കാന്‍ ആദ്യം നല്‍കിയ യുപിഐ പിന്‍ കൂടി നല്‍കുന്നതോടെ പണം ഞൊടിയിടയില്‍ സുഹൃത്തിന്റെ അക്കൗണ്ടിലെത്തും.

ഭീം, ഗൂഗിള്‍ തേസ്, ഫോണ്‍പേ പോലെയുള്ള യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് നിലവിലുള്ള യുപിഐ ഐഡി ഉപയോഗിച്ച് വാട്‌സാപ് പേയ്‌മെന്റ് നടത്താം. ഐ.സി.ഐ.സി.ഐ ബാങ്കുമായി സഹകരിച്ചാണ് വാട്‌സ്ആപ്പ് ഈ സേവനം ഒരുക്കുന്നത്. എസ്.ബി.ഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് പോലുള്ള പ്രമുഖ ബാങ്കുകളില് അക്കൗണ്ടുള്ളവര്ക്ക് വാട്‌സ്ആപ്പ് പേമെന്റ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

#whatsapp #payment #digitalpayment