Capturing Business 360°

വളര്‍ച്ചാ നിരക്ക് രണ്ടക്കത്തില്‍ എത്തിക്കുന്നത് അസാധ്യമല്ല; കേന്ദ്രസര്‍ക്കാരിന്റെ അടിസ്ഥാനസൗകര്യ വികസനം രാജ്യത്തിന്റെ സാമ്പത്തീക വളര്‍ച്ചാ നിരക്ക് രണ്ടക്കത്തിലെത്തിക്കുമെന്ന് പീയൂഷ് ഗോയല്‍

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: വര്‍ച്ചാ നിരക്ക് രണ്ടക്കം കടക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച്‌ അസാധ്യമായ കാര്യമല്ലെന്ന് മന്ത്രി പീയൂഷ് ഗോയല്‍. കേന്ദ്രസര്‍ക്കാരിന്റെ അടിസ്ഥാനസൗകര്യ വികസനം രാജ്യത്തിന്റെ സാമ്പത്തീക വളര്‍ച്ചാ നിരക്ക് രണ്ടക്കത്തിലെത്തിക്കുന്നതിന് പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ യുകെ ലീഡര്‍ഷിപ് കോണ്‍ക്ലേവില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കവേയായിരുന്നു ഗോയൽ രാജ്യത്തിന്റെ വളർച്ചയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ആഗോളനിക്ഷേപകര്‍ക്ക് ഇന്ത്യ പ്രിയപ്പെട്ടതായിക്കൊണ്ടിരിക്കുകയാണ്. ആഗോളരംഗത്ത് നിലവിലുള്ള ത് പോലെ സ്വീകാര്യമായ രീതിയിലേക്ക് ഇതിന് മുന്‍പ് ഒരിക്കലും ഇന്ത്യ എത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി 300ലധികം സീറ്റുകള്‍ നേടി വിജയിക്കുമെന്ന് പീയൂഷ് ഗോയല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചാടിക്കയറിയുള്ള അഭിപ്രായപ്രകടനമല്ല. ജനങ്ങളിലുള്ള പൂര്‍ണവിശ്വാസം കൊണ്ടാണ് പറയുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി 300ലധികം സീറ്റുകളില്‍ വിജയിക്കും. സഖ്യകക്ഷികളുമായി ചേര്‍ന്ന് ഭരണം നേടുകയും ചെയ്യുമെന്ന് ഗോയല്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ഭാവി മികച്ചതാക്കുന്നതിന് സുതാര്യവും സത്യസന്ധവുമായ ഭരണമാണ് ബിജെപി സര്‍ക്കാര്‍ കാഴ്ചവച്ചിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.