Capturing Business 360°

റബർ ഇറക്കുമതി: പുതിയ വിജ്ഞാപനത്തെച്ചൊല്ലി കർഷകരും വ്യവസായികളും തമ്മിൽ തർക്കം

കൊച്ചി: റബർ ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണത്തിൽ ഇളവു വരുത്തിക്കൊണ്ടു കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തെച്ചൊല്ലി കർഷകരും വ്യവസായികളും തമ്മിൽ തർക്കം രൂക്ഷമാവുന്നു. വിലയിലെ ഇടിവു കൂടുതൽ രൂക്ഷമാക്കാൻ മാത്രമേ ഈ നടപടി സഹായകമാകൂ എന്നു കർഷകർ പരാതിപ്പെടുമ്പോൾ റബർ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയുടെ മത്സരക്ഷമത വർധിപ്പിക്കാൻ കേന്ദ്ര നടപടി സഹായിക്കുമെന്നാണു വ്യവസായ മേഖലയുടെ അഭിപ്രായം.

സ്വാഭാവിക റബർ എല്ലാ തുറമുഖങ്ങളിലൂടെയും ‘അഡ്വാൻസ് ഓതറൈസേഷൻ’ പദ്ധതി പ്രകാരം ഇറക്കുമതി ചെയ്യാൻ അനുമതി നൽകുന്നതാണു കേന്ദ്ര ഉത്തരവ്. നികുതി അടയ്‌ക്കാതെ ഇറക്കുമതി നടത്താമെന്നതാണു പദ്ധതിയുടെ പ്രത്യേകത. എന്നാൽ അസംസ്‌കൃത വസ്‌തു എന്ന നിലയിൽ ഇറക്കുമതി ചെയ്യുന്ന റബർ ആറു മാസത്തിനകം ഉൽപന്നമാക്കി കയറ്റുമതി ചെയ്‌തിരിക്കണം എന്നു പദ്ധതി വ്യവസ്‌ഥ ചെയ്യുന്നു.

നികുതിയടച്ചു റബർ ഇറക്കുമതി ചെയ്യാൻ ചെന്നൈ, നവസേവ തുറമുഖങ്ങൾക്കു നിലവിൽ അനുമതിയുണ്ട്. പുതിയ ഉത്തരവു പ്രകാരം ഏതു തുറമുഖം വഴിയും നികുതി അടയ്‌ക്കാതെ ഇറക്കുമതി സാധ്യമാകും.

റബർ ഉൽപാദനത്തിന്റെ 95 ശതമാനവും നിറവേറ്റുന്നതു ചെറുകിട കർഷകരാണെന്നിരിക്കെ അവരുടെ താൽപര്യങ്ങൾക്കു വിരുദ്ധമായ നിലപാടാണു സർക്കാർ സ്വീകരിച്ചിരിക്കുന്നത്
[പി.സി. സിറിയക് – ഇൻഫാം ദേശീയ പ്രസിഡന്റ്]

ഇറക്കുമതി നിയന്ത്രണം വ്യവസായങ്ങളുടെ മത്‌സരക്ഷമതയെ ബാധിക്കുകയാണ്. എല്ലാത്തരം റബർ ഇറക്കുമതി നിയന്ത്രണങ്ങളും നീക്കണമെന്ന വ്യവസായ മേഖലയുടെ ആവശ്യം ഇനിയും നിറവേറ്റപ്പെട്ടിട്ടില്ലെന്നത് ഖേദകരമാണ്.
[രാജീവ് ബുദ്ധരാജ – ഓട്ടമോട്ടീവ് ടയർ മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ ഡയറക്‌ടർ ജനറൽ]