Capturing Business 360°

റബ്ബര്‍ വിപണിയില്‍ അനിശ്ചിതാവസ്ഥ

കൊച്ചി: കേരളത്തിന്റെ കാര്‍ഷിക-കച്ചവട മേഖലകളില്‍ നിര്‍ണ്ണായക സ്ഥാനമുള്ള റബ്ബര്‍ വിപണി വീണ്ടും അനിശ്ചിതാവസ്ഥയിലേയ്‌ക്ക്‌. റബ്ബറിന്റെ ഇറക്കുമതി തീരുവ എന്ന കടമ്പയില്‍ തട്ടി തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയ്‌ക്ക്‌ തീരുവ ഉയര്‍ത്തിയിട്ടും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. റബ്ബര്‍ വിലയില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നില്ലെന്ന്‌ മാത്രമല്ല വില കുറയുന്ന പ്രവണതയാണ്‌ ഇപ്പോള്‍ കാണുന്നത്‌.

ടയര്‍ കമ്പനികളും വന്‍കിട കച്ചവടക്കാരും അവധി വ്യാപാരികളും ഇന്ത്യന്‍ റബ്ബര്‍ വിപണിയെ കൈപ്പിടിയിലൊതുക്കിയതാണ്‌ റബ്ബര്‍ ഉല്‌പാദകര്‍ക്ക്‌ വന്‍ തിരിച്ചടിയായത്‌. കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെ റബ്ബര്‍ ഉല്‌പാദനമേഖലയെ തളര്‍ത്താന്‍ ഈ വന്‍കിട ലോബിക്ക്‌ എളുപ്പത്തില്‍ സാധിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഇറക്കുമതി ചെയ്‌ത സീസണാണ്‌ കടന്നുപോയത്‌.

ഇറക്കുമതി റബ്ബര്‍ വേണ്ടത്ര സ്റ്റോക്ക്‌ ചെയ്‌ത കമ്പനികള്‍ നികുതി ലാഭിക്കുന്നതിനും മറ്റുമായി തന്ത്രപൂര്‍വ്വം മാര്‍ക്കറ്റില്‍ കളിക്കുന്നത്‌ വില കൂടാതെ നിര്‍ത്താനാണ്‌. ആഗോള മാര്‍ക്കറ്റില്‍ കഴിഞ്ഞയാഴ്‌ചയുണ്ടായ വിലയിടിവിന്‌ അനുസൃതമായി ഇന്ത്യന്‍ മാര്‍ക്കറ്റിലും വിലയിടിക്കാന്‍ ഇവര്‍ക്കായി. വിലയിടിക്കാനുള്ള പ്രവണത വ്യവസായ ലോബി തുടര്‍ന്നാല്‍ ഇന്ത്യയിലെ റബ്ബര്‍ ഉല്‍പാദന മേഖല വന്‍ പ്രതിസന്ധിയിലേയ്‌ക്കാവും കൂപ്പു കുത്തുക.

ഭാവിയില്‍ ഇന്ത്യന്‍ റബ്ബര്‍ വിപണിക്ക്‌ കനത്ത തിരിച്ചടിയുണ്ടാക്കാന്‍ ടയര്‍ കമ്പനികളുടെ ഈ നീക്കം വഴിവയ്‌ക്കും. ഇറക്കുമതി തീരുവ കൂട്ടിയപ്പോള്‍ കിലോയ്‌ക്ക്‌ 10 രൂപയോളം കൂടിയ റബ്ബര്‍ വില കഴിഞ്ഞ ആഴ്‌ച 5 രൂപയോളം താഴേയ്‌ക്ക്‌ പോയി.

ആഗോള തലത്തില്‍ വാഹന വ്യവസായ മേഖലയില്‍ തുടരുന്ന മുരടിപ്പ്‌ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കാന്‍ പര്യാപ്‌തമാണ്‌. ഇത്‌ മുന്നില്‍ കണ്ടുകൊണ്ട്‌ ടയര്‍ ലോബി നടത്തുന്ന സമ്മര്‍ദ്ദങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ആശങ്കകള്‍ സൃഷ്‌ടിക്കുന്നുണ്ട്‌.

180 രൂപയെങ്കിലും ഒരു കിലോയ്‌ക്ക്‌ കിട്ടിയാലേ പിടിച്ചു നില്‍ക്കാനാവൂ എന്നാണ്‌ ഉല്‍പാദകരുടെ അഭിപ്രായം. വന്‍ പ്ലാന്റേഷന്‍ കമ്പനികള്‍ മുതല്‍ ചെറുകിടക്കാര്‍ വരെ ഇത്‌ ശരി വയ്‌ക്കുന്നു. ഒരു കിലോ റബ്ബറിന്റെ ഉല്‍പാദന ചെലവ്‌ ശരാശരി 170 രൂപ വരുന്നുണ്ട്‌. ഇപ്പോള്‍ 160 രൂപയില്‍ വിപണി ചുറ്റിത്തിരിയുമ്പോള്‍ ആഗോളതലത്തില്‍ 150 രൂപയിലാണ്‌ കറക്കം.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണ്ണായക റോളുള്ള റബ്ബര്‍ വിപണിയില്‍ സംസ്ഥാന സര്‍ക്കാര്‍ സജീവമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്‌. 10 രൂപയെങ്കിലും ഇന്‍സെന്റീവ്‌ നല്‍കി റബ്ബര്‍ സംഭരിക്കുകയോ കയറ്റുമതിക്ക്‌ സബ്‌സിഡി നല്‍കുകയോ ചെയ്‌ത്‌ റബ്ബര്‍ മേഖലയ്‌ക്ക്‌ ഉണര്‍വ്‌ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനാവുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

വര്‍ഷം 16000 കോടി രൂപയിലധികം പ്ലാന്റേഷന്‍ മേഖലയില്‍ നിന്ന്‌ നികുതിയായി സംസ്ഥാന സര്‍ക്കാരിന്‌ ലഭിക്കുന്നുണ്ട്‌. ഇതില്‍ പകുതിയോളം റബ്ബറില്‍ നിന്നാണ്‌.

ഇതില്‍ ഒരു പങ്ക്‌ കേരളത്തിന്റെ റബ്ബര്‍ വിപണിക്കായി ഇപ്പോള്‍ മാറ്റിവച്ച്‌ റബ്ബര്‍ ഉല്‍പാദനമേഖലയെ സംരക്ഷിക്കണമെന്ന ആവശ്യവും പ്രബലമാകുകയാണ്‌.