Capturing Business 360°

യുപിഎ സര്‍ക്കാരിന്റെ പദ്ധതികള്‍ അട്ടിമറിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു; റായ്ബറേലി കോച്ച്‌ ഫാക്ടറിക്ക് മുന്‍ഗണന നല്‍കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് എകെ ആന്റണി

ന്യൂഏജ് ന്യൂസ്

ദില്ലി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതികള്‍ അട്ടിമറിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി ആരോപിച്ചു. കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിച്ച റായ്ബറേലി പദ്ധതിക്ക് മുന്‍ഗണന നല്‍കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ആ കത്ത് പുറത്തു വിടാന്‍ തയ്യാറാകണമെന്നും ആന്റണി ആവശ്യപ്പെട്ടു. കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി ഉപേക്ഷിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ റെയില്‍ ഭവന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എകെ ആന്റണി.

കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി വിഷയത്തില്‍ എല്‍ഡിഎഫ് എംപിമാര്‍ ധര്‍ണ്ണ നടത്തിയതിന് പിന്നാലെ ആയിരുന്നു ഇതേ ആവശ്യം ഉന്നയിച്ച്‌ യുഡിഎഫ് എംപിമാരും റെയില്‍ ഭവന് മുന്നില്‍ പ്രതിഷേധിച്ചത്. കോച്ച്‌ ഫാക്ടറി ലഭിക്കുന്നത് വരെ പ്രതിഷേധം തുടരും. റായ്ബറേലി പദ്ധതിക്ക് മുന്‍ഗണന നല്‍കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു എന്ന പിയൂഷ് ഗോയലിന്റെ ആരോപണം ആന്റണി നിഷേധിച്ചു. അങ്ങനെ ഒരു ഫയല്‍ ഉണ്ടെങ്കില്‍ അത് എവിടെയെന്ന് ആന്റണി ആരാഞ്ഞു.

സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യത്തില്‍ യുഡിഎഫ് എംപിമാരുമായി കൂടിയാലോചിക്കാതെ സമരം നടത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് മുഖ്യമന്ത്രിയും ഇടതു എംപിമാരും ശ്രമിച്ചതെന്ന് യുഡിഎഫ് എംപിമാര്‍ ആരോപിച്ചു.