Capturing Business 360°

യുഎസ്സ് -ചൈന വ്യാപാര യുദ്ധം മുറുകുമോ?

ചൈനീസ് ഉല്പന്നങ്ങളില്‍ ഇറക്കുമതി നികുതി വര്‍ദ്ധിപ്പിച്ചുകൊണ്ട് അമേരിക്കയിലെ ട്രംപ് ഭരണകൂടം തുടക്കമിട്ട വ്യാപാരയുദ്ധം ഒരു ആഗോള സാമ്പത്തിക പ്രശ്‌നമെന്ന നിലയിലേക്ക് വളരുമോയെന്ന ആശങ്കയാണ് ഉയരുന്നത്. ചൈനീസ് ഉല്പന്നങ്ങളില്‍ അമേരിക്ക ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് 50 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് നികുതി ഉയര്‍ത്താന്‍ ചൈന തീരുമാനിച്ചിരുന്നു. ഇപ്പോള്‍ നൂറ് ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉല്പന്നങ്ങള്‍ക്കു കൂടി അധിക നികുതി ചുമത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. ഇത് ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരയുദ്ധം കൂടുതല്‍ രൂക്ഷമാകാനുളള സാദ്ധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലോക സമ്പദ് വ്യവസ്ഥയുടെ 40 ശതമാനത്തോളം നിയന്ത്രിക്കുന്ന രണ്ട് ശക്തികേന്ദ്രങ്ങള്‍ക്കിടയില്‍ രൂപം കൊളളുന്ന വ്യാപാര മത്സരം അമേരിക്കന്‍ ചേരിയെയും ബിസിനസ്സ് മേഖലയെയും വിഷമവൃത്തത്തിലാക്കുകയാണ്. ആഗോളതലത്തില്‍ വിപണി സമ്പദ്ഘടനയെ ബാധിക്കുന്ന തരത്തില്‍ ഈ വ്യാപാരയുദ്ധം വളരില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ആശ്വാസം കൊളളുന്നുണ്ടെങ്കിലും അനുദിനം മുറുകുന്ന മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്നുണ്ട്. ചൈനയ്ക്കുമേല്‍ പതിനാറായിരം കോടി ഡോളറിന്റെ കൂടി നികുതി ചുമത്താനുളള ട്രംപിന്റെ നിര്‍ദ്ദേശമാണ് വ്യാപാരയുദ്ധഭീഷണിയ്ക്ക് പുതിയ മാനം പകരുന്നത്. അതിനിടെ ചൈനയും യുഎസ്സും രണ്ട് ലോകശക്തികളാണെന്നും ഈ തുല്യതയുടെ അടിസ്ഥാനത്തില്‍ പരസ്പരബഹുമാനത്തോടെയാവണം നടപടികള്‍ സ്വീകരിക്കേണ്ടതെന്നും ചൈനീസ് വിദേശകാര്യ സെക്രട്ടറി വാങ്യി ഓര്‍മ്മിപ്പിച്ചു. തങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് എന്ത് വില നല്‍കാനും മടിയില്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാരയുദ്ധത്തെ നേരിടുന്നതിന് ഒട്ടും തന്നെ ഭയമില്ലെന്ന പ്രസ്താവന കൂടി ചൈനയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ചൈനയുടെയും അമേരിക്കയുടെയും നടപടികള്‍ ആഗോളവിപണിയെ ബാധിച്ചിട്ടുണ്ടെന്നുതന്നെയാണ് തെളിയുന്നത്. യൂറോപ്പിലെയും ഏഷ്യയിലെയും ഓഹരി വിപണികളില്‍ ഇടിവുപ്രകടമാണ്. ഇറക്കുമതിത്തീരുവയിലെ വര്‍ദ്ധന ആഗോളവ്യാപാരത്തില്‍ മൂന്നു ശതമാനത്തിന്റെയെങ്കിലും ഇടിവിന് കാരണമാകുമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തിയിട്ടുണ്ട്. ആഗോള ഉല്പാദനത്തിന്റെ തോതില്‍ ഒരു ശതമാനമെങ്കിലും ഇടിവുണ്ടാകുമെന്നും വിലയിരുത്തലുണ്ടാകുന്ന സാഹചര്യത്തില്‍ യുഎസ് – ചൈന വ്യാപാരയുദ്ധം കാര്യമായ പ്രത്യാഘാതമുണ്ടാക്കില്ലെന്ന വാദം അസ്ഥാനത്താവുകയാണ്.

രൂക്ഷമായ വ്യാപാരയുദ്ധത്തിലേക്ക് നീങ്ങാനിടയില്ല – ഡോ.വി.കെ.വിജയകുമാര്‍

ചൈനയുടെ ഉല്പന്നങ്ങളില്‍ ഇറക്കുമതി നികുതി വര്‍ദ്ധിപ്പിച്ചുകൊണ്ടുളള അമേരിക്കയുടെ നടപടി ചൈനയുടെ ഉല്പന്നങ്ങള്‍ക്ക് മാത്രം ബാധകമാവുന്ന ഒരു നടപടിയാണ്. ഇത് ആഗോളവ്യാപകമായ ഒരു സാമ്പത്തിക സങ്കീര്‍ണ്ണതയായി വളരാനുളള സാദ്ധ്യത വിരളമാണ്. സ്വര്‍ണ്ണത്തിന് വില ഉയരുന്നതിനു പിന്നില്‍ ഈ വ്യാപാരയുദ്ധഭീതിയാണെന്നു വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ ആ വിലക്കയറ്റവും നീണ്ടുനില്‍ക്കില്ലെന്നതാണ് വസ്തുത.
അമേരിക്കയും ചൈനയും തമ്മിലുളള പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങളെയും ബാധിക്കുന്നതാണ്. അതുകൊണ്ടു തന്നെ അതില്‍ പരിഹാരമുണ്ടാകണമെന്ന താല്പര്യം ഇരുരാജ്യങ്ങള്‍ക്കുമുണ്ട്. അതിനുളള നീക്കങ്ങള്‍ ഇരുഭാഗത്തും നടക്കുന്നുണ്ടെന്നതാണ് സൂചന. ഇരു രാജ്യങ്ങളിലെയും സാമ്പത്തിക ലോകത്ത് ഇത്തരത്തിലുളള സമവായചര്‍ച്ചയ്ക്ക് ആവശ്യമുയര്‍ന്നിട്ടുണ്ട്. വ്യാപാരയുദ്ധം രൂക്ഷമായാല്‍ അത് സമ്പദ് രംഗത്ത് ആഗോളതലത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാനിടയുണ്ട്.

(പ്രമുഖ ധനകാര്യ വിദഗ്ദ്ധനാണ് ലേഖകന്‍)

വ്യാപാരയുദ്ധം മുറുകിയാല്‍ സമ്പദ് രംഗത്ത് പ്രതിസന്ധി – രഘുറാം രാജന്‍

നിലവില്‍ ചൈനയും അമേരിക്കയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന വ്യാപാരയുദ്ധം രൂക്ഷമായാല്‍ അത് ആഗോളസാമ്പത്തിക രംഗത്ത് പ്രതിസന്ധിയുളവാക്കും. മാന്ദ്യത്തില്‍ നിന്ന് കരകയറുന്ന ആഗോളസമ്പദ് ഘടനയെ അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ട്തന്നെ വ്യാപാരയുദ്ധത്തെ ലളിതമായി കാണാന്‍ കഴിയില്ല. ലോകവ്യാപാരയുദ്ധം എന്ന വാക്ക് ഉപയോഗിക്കാന്‍ താല്പര്യപ്പെടുന്നില്ല. ആ അവസ്ഥയിലേക്ക് എത്തില്ലെന്നുതന്നെയാണ് കരുതുന്നത്. ചൈനയുടെ ചില ഉല്പന്നങ്ങള്‍ക്ക് അമേരിക്ക നികുതി വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്നാണ് പ്രശ്‌നത്തിന്റെ തുടക്കം. ഒരു രാജ്യത്തിന്റെ വ്യാപാരനിയന്ത്രണത്തോട് മറ്റൊരു രാജ്യം ഉടന്‍ പ്രതികരിക്കുന്നത് ശരിയായിരിക്കില്ല. ഈ സാഹചര്യം ഒഴിവാക്കുന്നതാവും നന്ന്. ഉയര്‍ന്ന ഇറക്കുമതി തീരുവ പോലുളള നിയന്ത്രണത്തിന്റെ സാഹചര്യത്തില്‍ കയറ്റുമതി അടിസ്ഥാനമാക്കിയുളള വളര്‍ച്ചയില്‍ വലിയ പ്രതീക്ഷയില്ല. വ്യാപാരവും തൊഴിലവസരങ്ങളും സ്വന്തം രാജ്യത്ത് നിലനിര്‍ത്താന്‍ പാശ്ചാത്യരാജ്യങ്ങള്‍ ടെക്‌നോളജിയെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് ഇന്ത്യയെയും ബാധിക്കും. നിക്ഷേപം വര്‍ദ്ധിപ്പിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇനി വേണ്ടത്.
(മുന്‍ ആര്‍ബിഐ ഗവര്‍ണ്ണറായ രഘുറാം രാജന്‍ കൊച്ചിയില്‍ ഡിജിറ്റല്‍ ഉച്ചകോടിയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

കയറ്റുമതി മേഖലയെ ബാധിച്ചേക്കാം – ജോസഫ് തോമസ്

ഇരുമ്പ്, ഉരുക്ക് ഉല്പന്നങ്ങള്‍ക്ക് അടുത്തിടെ യു എസ് തീരുവ ഉയര്‍ത്തിയതിനെതിരെ ഡബ്ല്യൂ ടി ഒ യെ സമീപിക്കാന്‍ രാജ്യം ആലോചിച്ചിരുന്നു. ഇത്തരം ഉല്പന്നങ്ങളുടെ കയറ്റുമതിയെ ഈ തീരുമാനങ്ങള്‍ വളരെ വിപരീതമായി ബാധിച്ചേക്കാം. ആഗോളതലത്തില്‍ കയറ്റുമതിരാജ്യങ്ങള്‍ക്ക് ഇത് വെല്ലുവിളിയുയര്‍ത്തിയേക്കാം. പ്രധാന കക്ഷികളായ യുഎസ്സ് -ചൈന രാജ്യങ്ങളുടെ വ്യാപാരസാദ്ധ്യതകള്‍ക്ക് മേല്‍ ഇത് കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. ഒന്നിനുപുറമെ ഒന്നായി പരസ്പരമുളള നിയന്ത്രണനടപടികള്‍ തുടരുന്നത് ഒട്ടും തന്നെ ആശാസ്യമായിരിക്കില്ല. പ്രത്യക്ഷത്തില്‍ ചൈനയ്ക്കും അമേരിക്കയ്ക്കും ബാധകമാകുന്ന പ്രശ്‌നമെന്നുപറയുന്നുണ്ടെങ്കിലും ഇത് പരോക്ഷമായി പല രാജ്യങ്ങളെയും ബാധിക്കുമെന്നു തന്നെയാണ് കരുതുന്നത്. ഒരു ആഗോളസങ്കീര്‍ണ്ണതയായി ഈ പ്രശ്‌നം വളരാതിരിക്കാനാണ് ഇരുരാജ്യങ്ങളും ശ്രദ്ധിക്കേണ്ടത്.

(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)