Don't miss

യുഎസിന് പിന്നാലെ ജറുസലേമിൽ എംബസി തുറന്ന് ഗ്വാട്ടിമാല, കോൺസൽ ജനറലിനെ തിരിച്ചു വിളിച്ച് തുർക്കി; നയതന്ത്രതലത്തിൽ ഇസ്രായേലിന് നേട്ടവും തിരിച്ചടിയും

By on May 16, 2018

ജറുസലേം: യുഎസിന് പിന്നാലെ ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ട് മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയും. അതിന്റെ ഭാഗമായി ഇന്നു പുലർച്ചെ ഗ്വാട്ടിമാല ജറുസലേമിൽ തങ്ങളുടെ എംബസി തുറന്ന് പ്രവർത്തനമാരംഭിച്ചു.

ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മൊറെയ്ൽസും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചേർന്നായിരുന്നു എംബസി ഉദ്ഘാടനം. ചടങ്ങിൽ സംസാരിച്ച ജിമ്മി മൊറെയ്ൽസ്, എംബസി തുറന്ന നടപടി സഹോദരങ്ങൾക്കിടയിലെ സ്നേഹപ്രകടനമായാണ് വിശേഷിപ്പിച്ചത്. യുഎസ് എംബസി തിങ്കളാഴ്ച ജറുസലേമിൽ പ്രവർത്തനം തുടങ്ങിയിരുന്നു.

അതിനിടെ നയതന്ത്ര യുദ്ധത്തിന്റെ സൂചന നൽകി തുർക്കി ഇസ്രയേലിലെ തങ്ങളുടെ കോൺസൽ ജനറലിനെ തിരികെ വിളിച്ചു. പലസ്തീൻ പ്രതിഷേധക്കാർക്കെതിരെ ഇസ്രയേൽ സേന നടത്തിയ വെടിവയ്പ്പിൽ അറുപതോളം പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് തുർക്കിയുടെ നടപടി. തിരിച്ചടിയെന്നോണം ഇസ്രയേൽ തുർക്കിയിലെ തങ്ങളുടെ പ്രതിനിധിയേയും തിരികെ വിളിച്ചിട്ടുണ്ട്.

1967 ലെ ‘സിക്സ് ഡേ വാർ’ (ഈജിപ്തും, സിറിയയും, ജോർദാനുമായി ഇസ്രയേൽ നടത്തിയ ആറ് ദിവസത്തെ യുദ്ധം) നെത്തുടർന്ന് ഇസ്രയേൽ കൈവശപ്പെടുത്തിയ കിഴക്കൻ ജറുസലേം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് പലസ്തീൻ വാദം. ഇതിന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുമുണ്ട്. ഈ മേഖലയിലേക്കാണ് യുഎസും ഗ്വാട്ടിമാലയും ഇപ്പോൾ തങ്ങളുടെ എംബസികൾ മാറ്റി സ്ഥാപിച്ചിരിക്കുന്നത്. വലിയതോതിൽ പലസ്തീൻ പ്രക്ഷോഭം ഉയരുന്നതും അതുകൊണ്ട് തന്നെ.

Follow Us