Capturing Business 360°

യാത്രാ വാഹന വിപണിയില്‍ പ്രതീക്ഷയേറുന്നു

ഇന്ത്യന്‍ സാമ്പത്തിക ലോകത്ത് നിലവിലുളള അസ്ഥിരതകളെയെല്ലാം തട്ടിനീക്കി യാത്രാവാഹനവിപണി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ത്യന്‍ കാര്‍ വിപണി നടപ്പുസാമ്പത്തിക വര്‍ഷം 9 ശതമാനം വളര്‍ച്ചകൈവരിക്കുമെന്ന റിപ്പോര്‍ട്ട് റേറ്റിങ്ങ് ഏജന്‍സി മുഡിസ് കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. ജിഎസ്ടി യുടെയും വിപണിയിലേക്ക് പുതിയ മോഡലുകള്‍ കൂടുതലായി എത്തിയതിന്റെയും കരുത്തില്‍ കാര്‍ഷിക വില്പനയില്‍ 9 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കാമെന്നാണ് മൂഡിസ് ആഗോള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. 2017 – ല്‍ രാജ്യത്തെ മൊത്തം കാര്‍ വില്പനയില്‍ 3.6 ദശലക്ഷം യൂണിറ്റിലെത്തിയെന്നും മൂഡിസ് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ആഗോള വിപണിയില്‍ 3.5 ശതമാനത്തിന്റെ ഇടിവ് പ്രതീക്ഷിക്കുന്നതായും പറയുന്നു. റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍ പോലെ വിപണിയിലേക്ക് എത്തുന്ന മോഡലുകളുടെ വൈവിദ്ധ്യവും ജിഎസ്ടി വഴി ചില വാഹനങ്ങള്‍ക്കുണ്ടായ വിലക്കുറവുമൊക്കെ വിപണിയ്ക്ക് ഊര്‍ജ്ജദായകമാണ്. ആഭ്യന്തര, വിദേശ വാഹന വിപണികളില്‍ പുതിയ മോഡലുകള്‍ കൂടുതലായി അവതരിപ്പിക്കപ്പെട്ട സാഹചര്യവും വിപണിയ്ക്ക് മൊത്തത്തില്‍ ഉണര്‍വ്വു പകര്‍ന്നിരിക്കുന്നു.

ആട്ടോമാറ്റിക് വാഹനങ്ങളുടെ വില്പനയില്‍ ഉണ്ടായിരിക്കുന്ന മുന്നേറ്റം വിപണിയില്‍ നിലവിലുളള ട്രെന്‍ഡിനെ ബോദ്ധ്യമാക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാസം മിക്ക വാഹനനിര്‍മ്മാതാക്കളും വില്പനയില്‍ വലിയ നേട്ടമുണ്ടാക്കിയിരുന്നു. മാരുതി സുസുക്കി ഇന്ത്യ വില്പനയില്‍ 14% വര്‍ദ്ധനവു നേടി. 1,54,600 യൂണിറ്റാണ് മൊത്തം വില്പന. മഹീന്ദ്ര ആന്റ് മഹീന്ദ്ര 38,570 യൂണിറ്റുകളുമായി വില്പനയില്‍ 18% വളര്‍ച്ച നേടി. ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ 44,008 യൂണിറ്റുകള്‍ വഴി 10% വളര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്. ഫോര്‍ഡ് ഇന്ത്യയാകട്ടെ മൊത്തം 27,019 യൂണിറ്റുകള്‍ വിറ്റഴിച്ച് 28.8% വര്‍ദ്ധന നേടിയിട്ടുണ്ട്. ടൊയോട്ട കിര്‍ലോസ്‌കര്‍ 12,784 യൂണിറ്റ് വില്പനയിലൂടെ 12% വില്പന വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര യാത്രാ വാഹന വില്പനയില്‍ കഴിഞ്ഞ മാസം 6.38 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായത്. 2017 മാര്‍ച്ച് മാസം 2,82,698 യൂണിറ്റായിരുന്നു വില്പനയെങ്കില്‍ ഈ വര്‍ഷം വില്പന 3,00722 യൂണിറ്റിലത്തി. കാര്‍ വിപണിയാവട്ടെ കഴിഞ്ഞ മാസം 1,91,082 യൂണിറ്റിലെത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,90,236 യൂണിറ്റായിരുന്നു വില്പന. സൊസൈറ്റി ഓഫ് ഇന്ത്യയില്‍ ആട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സാണ് (സിയാം) ഇതു സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവീട്ടിരിക്കുന്നത്. 2017 – 18 സാമ്പത്തിക വര്‍ഷത്തെ ആഭ്യന്തര യാത്രാ വാഹന വില്പന 32,87965 യൂണിറ്റാണ്. തൊട്ട് മുന്‍വര്‍ഷമാകട്ടെ ഇത് 30,47,582 യൂണിറ്റായിരുന്നു. 7.89 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കാര്‍ വിപണിയിലാവട്ടെ 3.33 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിട്ടുണ്ട്. വിപണിയിലെ പലതരം പ്രശ്‌നങ്ങള്‍ മറികടന്ന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ വാഹന വിപണിയ്ക്കായിട്ടുണ്ടെന്നത് വിപണിയില്‍ തുടര്‍ന്നും പ്രതീക്ഷ നിറയ്ക്കുന്നുണ്ട്.

ഒട്ടേറെ അനുകൂല സാഹചര്യങ്ങള്‍ നിലവിലുണ്ട് – ജോസ് കെ ഈനാശു

ഇന്ത്യന്‍ വാഹന വിപണി ഒട്ടേറെ പ്രതിസന്ധികള്‍ക്കിടയില്‍ നിന്ന് വളര്‍ച്ചയിലേക്ക് തിരികെയെത്തുന്നുവെന്നതാണ് ഇതിലെ സവിശേഷന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സാമ്പത്തിക നയങ്ങളുടെ ഭാഗമായി വിപണിയില്‍ വലിയ തിരിച്ചടിയാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഡിമോണിറ്റൈസേഷനും ജിഎസ്ടിയുമൊക്കെ വിപണിയില്‍ തളര്‍ച്ചയുണ്ടാക്കിയിരുന്നുവെന്നത് വസ്തുതയാണ്. അത്തരം പ്രതിസന്ധികളെയെല്ലാം വിപണി മറികടന്നുവെന്നുതന്നെയാണ് കരുതേണ്ടത്. വാഹനങ്ങളുടെ അവയ്‌ലബിലിറ്റിയില്‍ തന്നെ വര്‍ദ്ധനവുണ്ടായിരിക്കുന്നു വേരിയന്റുകളിലും സെഗ്മെന്റുകളിലുമൊക്കെ ഉണ്ടായ മുന്നേറ്റം വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ഡൗണ്‍ പേയ്‌മെന്റ് കുറഞ്ഞിട്ടുണ്ട്. ഒരു വാഹനം വാങ്ങുന്നതിനുളള മുടക്കുമുതല്‍ കുറഞ്ഞത് വിപണിയ്ക്ക് അനുകൂലമായി മാറി. മറ്റൊന്ന് വാഹനം സോഷ്യല്‍ സ്റ്റാറ്റസിന്റെ ഭാഗമായി മാറിയത് വിപണിക്ക് അനുകൂലമാവുകയാണ്. ഒരു വീട്ടില്‍ തന്നെ രണ്ട് വാഹനമെന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് പലതരത്തിലുളള പോളിസികളുണ്ടാകുന്നുണ്ട്. നികുതിയിളവുകള്‍ നല്‍കുന്നുണ്ട്. ഇതൊക്കെ വാഹനം വാങ്ങുന്നതില്‍ പ്രേരണയാവുന്നുണ്ട്.

പ്രതീക്ഷ മങ്ങുന്നില്ല. വിപണി വളര്‍ച്ചയില്‍ തന്നെ – പി.സി.രഘുനാഥ്

ഇന്ത്യന്‍ വാഹനവിപണി പലതരം പ്രശ്‌നസങ്കീര്‍ണ്ണതകളിലൂടെയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മുന്നേറിയത്. കറന്‍സി പിന്‍വലിക്കല്‍, ജിഎസ്ടി, ബിഎസ് 3 വാഹന നിരോധനം തുടങ്ങി വലിയ സങ്കീര്‍ണ്ണതകളാണ് വിപണി നേരിട്ടത്. ഇതില്‍ ജിഎസ്ടി യും കറന്‍സി പ്രശ്‌നവും അപ്രതീക്ഷിമായിരുന്നു. ബിഎസ് 3 മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതുമായിരുന്നു. ജിഎസ്ടി ചില വാഹനങ്ങള്‍ക്ക് വിലക്കുറവുണ്ടായിട്ടുണ്ട്. മറ്റു പലതിനും വില ഉയര്‍ത്തുക യും ചെയ്തു. ഇന്ത്യന്‍ കാര്‍ വിപണി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് മൂഡിസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രതിസന്ധികള്‍ പലതും പിന്തളളി വിപണി മെച്ചപ്പെട്ട പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. ഇപ്പോള്‍ ആഭ്യന്തര യാത്രാവാഹന വില്പന മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ മുന്നേറിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ആട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് (സിയാം) പുറത്തുവിട്ടിരിക്കുന്നത്. ആഭ്യന്തര യാത്രാവാഹന വില്പനയില്‍ 7.89 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാര്‍ വിപണിയാവട്ടെ 2017 -18 -ല്‍ 3.33 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിരിക്കുന്നു വിപണിയിലെ പുത്തന്‍ ട്രെന്‍ഡുകളും മാറി മറിയുന്ന അഭിരുചികളുമൊക്കെച്ചേര്‍ന്ന് ഇന്ത്യന്‍ വാഹനവിപണിമെച്ചപ്പെട്ട ഗതിവേഗം കൈവരിക്കുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.

(ലേഖകന്‍ യൂസ്ഡ് കാര്‍ വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്)

കിടമത്സരത്തിലൂടെ വളര്‍ച്ചയിലേക്ക് – ഡാനിയല്‍ പി ഡേവിഡ്

ഇന്ത്യന്‍ വാഹന വിപണി പല തരത്തിലും സമ്മര്‍ദ്ദത്തിലായ സാമ്പത്തിക വര്‍ഷമാണ് കടന്നുപോയത്. പ്രതേ്യകിച്ച് ജിഎസ്ടി യുടെയും വിപണി മാന്ദ്യത്തിന്റെയുമൊക്കെ പശ്ചാത്തലത്തില്‍ ജിഎസ്ടി ചില വാഹനങ്ങളുടെ വിലയില്‍ കാര്യമായ കുറവുണ്ടാക്കിയിട്ടുണ്ടെങ്കിലും മറ്റു പല വാഹനങ്ങള്‍ക്കും വില ഉയര്‍ന്നു. ഇത് വിപണിയ്ക്ക് അത്ര ഗുണകരമല്ലെങ്കിലും പുതിയ ട്രെന്‍ഡുകളും സെഗ്മെന്റുകളും കുടുതല്‍ വിപണിസാദ്ധ്യതകള്‍ തുറന്നിടുന്നുണ്ട്. ആട്ടോമാറ്റിക് വിഭാഗത്തിന് കൂടുതല്‍ പ്രചാരവും ആവശ്യകതയും ഉണ്ടാകുന്നുണ്ട്. ഇനി ഇലക്ട്രിക് വാഹനങ്ങളിലേക്കുളള മാറ്റത്തിന് തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. ചാര്‍ജ്ജിങ്ങ് ഫെസിലിറ്റികള്‍ വിപുലമായുണ്ടാകുന്നതോടെ മാറ്റം സുനിശ്ചിതമാണ്. ഇതില്‍ സര്‍ക്കാര്‍ തലത്തില്‍ വരുന്ന നയവും നിര്‍ണ്ണായകമാവും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം യാത്രാ വാഹന വിപണിയിലുണ്ടായ വളര്‍ച്ച വലിയ കിടമത്സരത്തിന്റെയും ഭാഗമാണ്. ഇന്ത്യന്‍ വാഹനനിര്‍മ്മാതാക്കള്‍ ആകര്‍ഷകമായ പുത്തന്‍ മോഡലുകള്‍ അവതരിപ്പിക്കുന്നതില്‍ പരസ്പരം വലിയ മത്സരത്തിന്റെ പാതയിലാണ്. യാത്രാസൗകര്യവും ഇന്ധനക്ഷമതയും കുറഞ്ഞ മെയിന്റനന്‍സ് ചെലവും പ്രതീക്ഷിക്കുന്ന ഉപഭോഗക്താക്കളെ ലക്ഷ്യം വെയ്ക്കുന്ന ഈ വിപണി വളര്‍ച്ചയില്‍ നിര്‍ണ്ണായകമാവുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.

(ആട്ടോമൊബൈല്‍ മാര്‍ക്കറ്റ് എക്‌പെര്‍ട്ടാണ് ലേഖകന്‍)