Capturing Business 360°

മോട്ടോർ വാഹന വിപണിയിൽ മത്സരം ശക്തമാകുന്നു; ഇന്ത്യൻ വിപണിയിലേക്കെത്തുന്ന എം.ജി.മോട്ടോഴ്‌സിന്റെ എസ്.യു.വി കണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ നിരത്തില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന എംജി മോട്ടോഴ്‌സ് പുതിയ എക്‌സ്-മോഷന്‍ എസ്.യു.വി കണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തിറക്കി. ഏപ്രില്‍ 25 മുതല്‍ ബെയ്ജിങ്ങില്‍ ആരംഭിക്കുന്ന ഓട്ടോ ചൈന 2018 മോട്ടോര്‍ ഷോയില്‍ ഈ കണ്‍സെപ്റ്റ് എംജി അവതരിപ്പിക്കും. എം.ജി ഗ്ലോബല്‍ നിരയില്‍ ZS, GS എന്നിവയ്ക്ക് മുകളിലാണ് എക്‌സ്-മോഷന്റെ സ്ഥാനം. അടുത്ത വര്‍ഷത്തോടെ പുതിയ മോഡല്‍ ചൈനീസ് വിപണിയിലെത്തും.

ടീസര്‍ പ്രകാരം കരുത്തുറ്റ രൂപമാണ് എക്‌സ്-മോഷനുള്ളത്. കമ്പനിയുടെ ഇ-മോഷന്‍ ഇലക്‌ട്രിക് സ്‌പോര്‍ട്‌സ് കാറിന്റെ ഡിസൈനുമായി ചേര്‍ന്നതാണ് വാഹനത്തിന്റെ രൂപം. ഡയമണ്ട് സ്റ്റഡ് ഫ്രെണ്ട് ഗ്രില്‍, നേര്‍ത്ത ഹെഡ്‌ലാംപ്, ഒഴുകിയിറങ്ങിയ റൂഫ്‌ലൈന്‍, ഇന്റഗ്രേറ്റഡ് റൂഫ് ബാര്‍സ്, നേര്‍ത്ത ടെയില്‍ലാംപ്, ബോഡി ലൈന്‍സ്‌ എന്നിവ എടുത്തു കാണിക്കുന്നതാണ് ടീസര്‍. GS മോഡലിനെക്കാള്‍ വലുപ്പം കൂടുതലുണ്ടാകും ഇതിന്.

ചൈനയിലുള്ള റോവി RX8 എസ്.യു.വി അതേ എന്‍ജിനില്‍ എക്‌സ്-മോഷന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. 221 ബിഎച്ച്‌പി പവറും 360 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ബോണറ്റിനടിയില്‍. നിലവില്‍ 2019 പകുതിയോടെ എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ വരവറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ച ഗുജറാത്തിലെ ഹലോല്‍ നിര്‍മാണശാലയില്‍ നിന്ന് ഒരു എസ്.യു.വി മോഡലായിരിക്കും ആദ്യമെത്തുക.