Capturing Business 360°

മാങ്ങ വില കുറഞ്ഞു; നാടന്‍ മാങ്ങ കിലോയ്ക്ക് 20 രൂപ

കൊല്ലം : മാമ്പഴക്കാലമായതോടെ വിപണിയില്‍ മാങ്ങവില കുറഞ്ഞു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മാവുകള്‍ പൂത്തപ്പോള്‍ ആവശ്യക്കാര്‍ കുറഞ്ഞതാണ് വിലയിടിവിന് കാരണമായത്. കിലോയ്ക്ക് 120 മുതല്‍ 130 വരെ രൂപയുണ്ടായിരുന്ന നാടന്‍ മാങ്ങയ്ക്ക് ഇപ്പോള്‍ 20 മുതല്‍ 30 വരെയാണ് വില. ഇത്തവണ കുംഭം അവസാനമാണ് മാവുകള്‍ പൂത്തുതുടങ്ങിയത്. മീനം, മേടം ആകുമ്പോഴേക്കും പഴുത്തമാങ്ങ വിപണിയില്‍ സുലഭമാകും.
മൂവാണ്ടന്‍, സിന്ദൂരം തുടങ്ങിയ നാടന്‍മാങ്ങകളാണ് വിപണിയിലെ താരങ്ങള്‍. കഴിഞ്ഞവര്‍ഷം അമ്പതും അറുപതും രൂപയായിരുന്നു ഇവയുടെ വില. മല്‍ഗോവ, വേങ്ങൂരി, ഹിമവസന്ത്, അല്‍ഫോണ്‍സ തുടങ്ങിയവയ്ക്കും ആവശ്യക്കാര്‍ കുറവല്ല. സെന്തൂരി കിലോയ്ക്ക് 160, മല്‍ഗോവ 180, ഹിമവസന്ത് 385, അല്‍ഫോണ്‍സ (12 എണ്ണംഒരു പായ്ക്കറ്റ്) 1400 എന്നിങ്ങനെയാണ് വില.
കടകള്‍ക്ക് പുറമേ ഉന്തുവണ്ടികളിലും വഴിയോരത്തുമായി കച്ചവടം നടക്കുന്നുണ്ട്. ചൂടു കൂടിയപ്പോള്‍ മാമ്പഴത്തിനും മാമ്പഴപ്പാനീയങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഈ സാഹചര്യത്തില്‍ വില കുറഞ്ഞത് വ്യാപാരികള്‍ക്ക് തിരിച്ചടിയായി. അന്യസംസ്ഥാനങ്ങളില്‍ കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന മാങ്ങകള്‍ വിപണിയില്‍ സുലഭമാകുമെന്നതിനാല്‍ വരുംദിവസങ്ങളില്‍ വിലയില്‍ മാറ്റം വരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.